തൃശ്ശൂർ: പാർട്ടിയുടെ വലതുപക്ഷ വ്യതിയാനം ചൂണ്ടിക്കാട്ടിയപ്പോൾ സിപിഎം പുറത്താക്കിയ പ്രഫ. എം.എൻ.വിജയനെ, മരിച്ച് 16 വർഷം കഴിഞ്ഞു വീണ്ടും സ്വീകരിക്കാൻ പു.ക.സ ഒരുങ്ങിയത് വിമർശനങ്ങൾക്ക് ഇടയാക്കുന്നു. ഇതിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി വിമർശനവുമായി രംഗത്തുവന്നിരിക്കയാണ് അദ്ദേഹത്തിന്റെ മകനും എഴുത്തുകാരനുമായ വി എസ്.അനിൽകുമാർ.

ജീവിച്ചിരുന്നപ്പോൾ പുറത്താക്കിയ എം.എൻ.വിജയനെ ഇപ്പോൾ തിരിച്ചെടുത്തോയെന്ന് പുരോഗമന കലാസാഹിത്യ സംഘവും (പുകസ) സിപിഎമ്മും വ്യക്തമാക്കണമെന്ന് അദ്ദേഹം ചോദിച്ചു. 16 കൊല്ലം വിജയനോട് ഇല്ലാതിരുന്ന ആദരം ഇപ്പോൾ എങ്ങനെ ഉണ്ടായെന്ന് അദ്ദേഹം ചോദിച്ചു. പാർട്ടി തിരുത്തിയോ ഇല്ലയോ എന്നു പറയണം. വിജയനാണോ പാർട്ടിക്കാണോ തെറ്റുപറ്റിയതെന്ന് നേതാക്കൾ വ്യക്തമാക്കണം. പുകസ തൃശൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി 'എം.എൻ.വിജയൻ സ്മൃതിയാത്ര' നടത്തുന്ന സാഹചര്യത്തിലാണ് അനിൽകുമാറിന്റെ പ്രതികരണം.

'വിജയനെ പാർട്ടി പ്രതിക്കൂട്ടിൽ നിർത്തുകയും ഒരുപാട് അപവാദങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തോടുള്ള വെറുപ്പ് പ്രസ്ഥാനം പലതരത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സ്മൃതിയാത്ര നടത്തുന്ന കാര്യം വിജയന്റെ കുടുംബത്തോടു പറഞ്ഞിട്ടില്ല. ആദ്യം വീട്ടുകാരോട് അനുവാദം ചോദിക്കുന്നതാണു മര്യാദ. വിജയൻ സിപിഎമ്മിനും പുകസയ്ക്കും ഇപ്പോൾ മഹാനാകുന്നതിൽ എന്തോ പ്രശ്‌നമുണ്ട്. ഏതോ വേവലാതികളിൽനിന്നു മോചനം നേടാനുള്ള മാർഗമായിരിക്കാം'.

സിപിഎമ്മും പു.ക.സ.യും എം.എൻ. വിജയനെതിരേ സ്വീകരിച്ച നടപടികൾ എണ്ണിപ്പറഞ്ഞാണ്, ''എന്താണ് ഞങ്ങൾ മറക്കേണ്ടത്?'' എന്ന ചോദ്യം അനിൽകുമാർ ഉന്നയിച്ചത്. ''ഞങ്ങൾ എന്നാൽ വീട്ടുകാർ എന്ന് ചുരുക്കരുതെന്നും എം.എൻ. വിജയന്റെ ചിന്തകൾ ശരിയാണെന്ന് കരുതുന്നവർ മുഴുവനുമാണെന്നും'' അദ്ദേഹം പറഞ്ഞു.

''വിജയൻസ്മൃതി എന്ന് പോസ്റ്ററിൽ അച്ചടിക്കുമ്പോഴേക്കും ഞങ്ങൾക്ക് ഭയങ്കര ആവേശമുണ്ടാകുമെന്നാണോ നിങ്ങൾ കരുതുന്നത്. അദ്ദേഹത്തിന്റെ പേരിൽ സ്മൃതിയാത്ര നടത്താനുള്ള തീരുമാനം ധാർമികതയില്ലാത്ത, നൈതികതയില്ലാത്ത സമീപനവും പ്രവൃത്തിയുമായിപ്പോയി. മറവിരോഗമുണ്ടെങ്കിൽ നിങ്ങൾക്ക് മറക്കാം. ധാർമികത ഇല്ലാത്തതിന്റെ പേരിൽ നിങ്ങൾക്ക് സാധൂകരിക്കാം.പുരയ്ക്കുമേൽ ചാഞ്ഞ ഒരു പാഴ്മരമല്ല എം.എൻ. വിജയനെന്ന് എല്ലാവർക്കുമറിയാമായിരുന്നു.''

''കായ്ഫലമുള്ള മരങ്ങൾ പുരയ്ക്കു ചാഞ്ഞാൽ വെട്ടിമാറ്റുകയല്ല, വലിച്ചുകെട്ടി സംരക്ഷിക്കുകയാണ് പതിവ്. എന്നാൽ, എം.എൻ. വിജയൻ നീചനാണ്, നിസ്സാരനാണ്, ബുദ്ധിയില്ലാത്തവനാണ്, പുരയ്ക്കുമേൽ ചാഞ്ഞ മരം വെട്ടിമാറ്റുകതന്നെ വേണമെന്ന ആക്രോശമാണ് അന്നുണ്ടായത്. അദ്ദേഹത്തിന്റെ സമ്പൂർണകൃതികൾ പ്രസിദ്ധീകരിക്കരുതെന്നാവശ്യപ്പെട്ട് പ്രമുഖ പ്രസാധകരെ പാർട്ടി നേതാവ് സമീപിച്ചിരുന്നു. മലപ്പുറം സമ്മേളനത്തിന്റെ ഭാഗമായി ആദ്യം പ്രസംഗിക്കാൻ ക്ഷണം ലഭിച്ച അദ്ദേഹത്തിന്റെ പേര് പിന്നീട് വെട്ടിമാറ്റുകയാണുണ്ടായത്. അതൊരു പരസ്യ ശിക്ഷയായിരുന്നു''.

'എം.എൻ. വിജയൻ പു.ക.സ. അധ്യക്ഷസ്ഥാനം രാജിവെച്ചുപോകുമ്പോൾ ഉണ്ടായിരുന്ന പ്രശ്നങ്ങൾ അവസാനിച്ചോ, അദ്ദേഹം ഉയർത്തിയ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടായോ? എം.എൻ. വിജയനെ പാർട്ടി തിരിച്ചെടുത്തിട്ടുണ്ടെങ്കിൽ അത് തുറന്നുപറയണം.'- അനിൽകുമാർ ചോദിച്ചു. അനിൽകുമാറിന്റെ വിമർശനത്തോടെ പുകസ സംഘാടകർ ഉദ്ഘാടനവേദി മാറ്റി. വിജയന്റെ എടവിലങ്ങിലെ വീട്ടിൽനിന്ന് യാത്ര തുടങ്ങുമെന്നാണ് പ്രചാരണഭാഗമായി സംഘാടകർ ആദ്യം തയ്യാറാക്കിയ പോസ്റ്ററുകളിൽ പറഞ്ഞിരുന്നത്. എന്നാൽ, എടവിലങ്ങ് ചന്തയിൽനിന്ന് തുടങ്ങുമെന്നാണ് പുതിയ പോസ്റ്ററുകളിലുള്ളത്.

എം.എൻ. വിജയന്റെ മകളുടെ പേരിലാണ് ഇപ്പോൾ എടവിലങ്ങിലെ വീടുള്ളത്. സ്മൃതിയാത്ര നടത്തുന്നതായി ഇവരുൾപ്പെടെ കുടുംബാംഗങ്ങളെയാരെയും അറിയിച്ചിരുന്നില്ല. എന്നാൽ, വീട്ടിൽനിന്ന് യാത്ര തുടങ്ങുമെന്ന് നേതൃത്വം പറഞ്ഞിട്ടില്ലെന്നും പ്രവർത്തകർ തയ്യാറാക്കിയ പോസ്റ്ററുകളിലാണ് അക്കാര്യമുള്ളതെന്നും സംഘാടകർ പ്രതികരിച്ചു.