തിരുവനന്തപുരം: അനുനയ ലൈൻ ഫലം കാണില്ലെന്ന് വ്യക്തമായതോടെ ഗവർണറെ കടന്നാക്രമിക്കുന്ന ശൈലിയുമായി സിപിഎം. രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തുവന്നതിന് പിന്നാലെ ഗവർണർക്കെതിരെ വിമർശനം ഉന്നയിച്ചു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും രംഗത്തെത്തി. സംസ്ഥാനങ്ങൾക്ക് ഗവർണർ പദവി ആവശ്യമില്ലെന്ന് വിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

സ്വന്തം കുടുംബക്കാർക്കും സുഹൃത്തുക്കൾക്കുമൊപ്പം ഉല്ലാസയാത്ര നടത്താനുള്ള പദവിയല്ല ഗവർണറുടേതെന്നും അതിനുള്ള പണം മുടക്കുന്നത് സംസ്ഥാന സർക്കാരാണെന്നും മന്ത്രി കുറ്റപ്പെടുത്തി. കാര്യവട്ടം ഗ്രീൻഫീൽഡ് സ്പോർട്സ് ഹബ്ബിൽ നടക്കുന്ന അന്താരാഷ്ട്ര കായിക ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പരാമർശം.

'കഴിഞ്ഞ ഒരു വർഷത്തെ കണക്കെടുത്താൽ 70 ശതമാനം സമയവും ഗവർണർ കേരളത്തിൽ ഇല്ലായിരുന്നു. ആരോഗ്യപ്രശ്‌നം ഉണ്ടായിരുന്നെങ്കിൽ റിപ്പബ്ലിക് ദിന പരേഡിൽ മുഴുവൻ സമയവും പ്രസംഗം വായിച്ചതെങ്ങനെയാണ് പരേഡിൽ മുഴുവൻ കേന്ദ്രസർക്കാരിനെ പുകഴ്‌ത്തിയാണ് സംസാരിച്ചത്. റിപ്പബ്ലിക് ദിന പരിപാടിയിൽ കേരളത്തെ കുറിച്ച് ചുരുങ്ങിയ വാക്കുകൾ മാത്രമാണ് പറഞ്ഞത്. ജനാധിപത്യവിരുദ്ധമായ പദപ്രയോഗങ്ങളാണ് അദ്ദേഹം നടത്തിയത്.- മന്ത്രി പറഞ്ഞു.

കേന്ദ്രസർക്കാരിന്റെ പിന്തുണ ഉള്ളതുകൊണ്ട് എന്തും ചെയ്യും എന്ന നിലപാടാണ് ഗവർണർ സ്വീകരിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. നേരത്തേ സിപിഎം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഗവർണർക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ഗവർണർ പദവിയുടെ അന്തസ്സിന് യോജിക്കാത്ത രീതിയിലാണ് അദ്ദേഹത്തിന്റെ പെരുമാറ്റമെന്നും ഭരണഘടനാ വിരുദ്ധ നിലപാടുകളാണ് അദ്ദേഹം എടുക്കന്നതെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം നിയമസഭാ ബജറ്റ് സമ്മേളനത്തിന് തുടക്കംകുറിച്ച് നിയമസഭയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം നടത്തിയതോടെയാണ് സർക്കാർ -ഗവർണർ പോര് വീണ്ടും പരസ്യമായത്. അവസാന ഖണ്ഡിക മാത്രം വായിച്ച് ഒരുമിനിറ്റിനുള്ളിൽ തന്റെ പ്രസംഗം അവസാനിപ്പിച്ച് ഗവർണർ മടങ്ങുകയായിരുന്നു. ഗവർണറെ മുഖ്യമന്ത്രി പിണറായി വിജയൻ പൂച്ചെണ്ട് നൽകി വരവേറ്റെങ്കിലും ഗവർണർ മുഖത്ത് നോക്കി ചിരിക്കാനോ കൈ കൊടുക്കാനോ നിന്നിരുന്നില്ല.

നിയമസഭയിലെ അവഗണനയ്ക്ക് അതേ ഭാഷയിൽ ഇന്ന് മുഖ്യമന്ത്രി ഗവർണർക്ക് മറുപടി നൽകി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക് ദിന പരിപാടിയിൽ പ്രസംഗത്തിന് പിന്നാലെ വേദിയിലെ വിശിഷ്ട വ്യക്തികളെ അഭിവാദ്യം ചെയ്ത ഗവർണർ മുഖ്യമന്ത്രിക്ക് നേരെ കൈകൂപ്പിയെങ്കിലും തിരിച്ച് അഭിവാദ്യം ചെയ്യാതെയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

അതേസമയം ഗവർണറെ അനുനയുപ്പിക്കാനെന്ന സൂചനയോടെ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 1.25 കോടി രൂപയാണ് സർക്കാർ രാജ് ഭവന് നൽകിയത്. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് രാജ്ഭവന് അധിക ഫണ്ട് അനുവദിച്ചത്. ഇന്ന് നടക്കുന്ന റിപ്പബ്ലിക്ക് ദിന വിരുന്നിന് മാത്രമായുള്ള 20 ലക്ഷം രൂപയും ഇതിൽ ഉൾപ്പെട്ടിരുന്നു. സർക്കാറിന്റെ ഇത്തരം നീക്കം ഗവർണരെ അനുനയിപ്പിക്കാനാണെന്ന് പൊതുവിലയിരുത്തലുണ്ടായിരുന്നു. എന്നാൽ, ഈ വിവരങ്ങൾ വാർത്തയായിരുന്നു. ഈ വിവരങ്ങൾ ചോർന്നത് ഗവർണറെ ചൊടിപ്പിച്ചുവെന്നാണ് പറയപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് അസാധാരണമായ രീതിയിൽ നയപ്രഖ്യാപനം പ്രസംഗം നടത്തിയതും.

63 പേജുള്ള നയപ്രഖ്യാപന പ്രസംഗമാണ് ഗവർണർ നടത്തേണ്ടിയിരുന്നത്. ഇതാണ്, ഒരു മിനുട്ട് കൊണ്ട് അവസാനിപ്പിച്ചത്. ഇതിനിടെ, നയപ്രഖ്യാപന പ്രസംഗത്തിൽ 'എന്റെ സർക്കാർ' എന്ന പ്രയോഗം ആവർത്തിക്കേണ്ടിവരും. ഇത്, തന്റെ സർക്കാറല്ലെന്നും പ്രശ്‌നങ്ങൾ അവസാനിച്ചിട്ടില്ലെന്നും പുറം ലോകത്തെ അറിയിക്കുന്നതിനുവേണ്ടിയാവാം പ്രസംഗം ചുരുക്കുന്നതിലേക്ക് ഗവർണറെ പ്രേരിപ്പിച്ചതെന്നാണ് സൂചന.

ഒരാഴ്‌ച്ചക്കിടെ 1.25 കോടി രൂപയാണ് സർക്കാർ രാജ് ഭവന് നൽകിയതിന്റെ കണക്കുകൾ ഇങ്ങനെ: ഈ മാസം 20 ന് 62.94 ലക്ഷം രൂപ യാത്ര ചെലവുകൾക്കായി നൽകി. റിപബ്ലിക് ദിന വിരുന്നായ 'അറ്റ് ഹോം' നടത്താൻ 20 ലക്ഷംരൂപയും അനുവദിച്ചു. 23 ന് 42.98 ലക്ഷം രൂപ വെള്ളം, ടെലിഫോൺ, വൈദ്യുതി ചെലവ്ക്കുമായി നൽകി ഉത്തരവിറക്കി.