- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേരളീയത്തിന്റെ ജനപിന്തുണ പ്രതിപക്ഷ നേതാവിനെ ഭയപ്പെടുത്തുന്നു; സ്‌പോൺസർഷിപ് അടക്കമുള്ള കാര്യങ്ങൾ തന്റെ അറിവോടെ; വി ഡി സതീശൻ ഉന്നയിച്ചത് വ്യാജ ആരോപണമെന്ന് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: കേരളീയം സ്‌പോൺസർഷിപ്പ് വിവാദത്തിൽ പ്രതിപക്ഷ നേതാവിന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി. സ്‌പോൺസർഷിപ്പിൽ സതീശൻ ഉന്നയിക്കുന്നത് വ്യാജ ആരോപണമാണെന്ന് ശിവൻകുട്ടി പ്രതികരിച്ചു. കേരളീയത്തിന്റെ സംഘാടക സമിതി ചെയർമാൻ എന്ന നിലയിൽ സ്‌പോൺസർഷിപ് അടക്കമുള്ള കാര്യങ്ങൾ തന്റെ അറിവോടെയാണ് നടന്നിട്ടുള്ളതെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. അക്കാര്യങ്ങളിൽ ഒരു പരാതി എങ്കിലും ഉണ്ടെങ്കിൽ അതു ചൂണ്ടിക്കാണിക്കാൻ സതീശനെ വെല്ലുവിളിക്കുന്നു.
കേരളീയത്തിന്റെ സ്‌പോൺസർഷിപ്പ് പിരിവിനായി ജിഎസ്ടി ഉദ്യോഗസ്ഥരെ നിയോഗിച്ചതാണ് വിവാദത്തിലായത്. സ്‌പോൺസർഷിപ്പ് കമ്മിറ്റി കൺവീനറായി ജിഎസ്ടി അഡീഷനൽ കമ്മീഷണറെ സമാപനചടങ്ങിൽ ആദരിച്ചിരുന്നു. നികുതി പിരിക്കുന്നയാളെ സംഭാവന പിരിക്കുന്നയാളാക്കി മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. ജിഎസ്ടി ഉദ്യോഗസ്ഥർ വഴി ക്വാറികളിൽ നിന്നും ബാർ ഉടമകളിൽ നിന്നും ജൂവലറി ഉടമകളിൽ നിന്നുമൊക്കെ പണം പിരിച്ചെന്നാണ് ഉയരുന്ന ആരോപണം. ഇതിനായി ഒക്ടോബർ മാസം പലയിടങ്ങളിൽ പരിശോധന നടത്തി ക്രമക്കേട് കണ്ടുപിടിച്ച്, അത് വച്ച് വിലപേശൽ നടത്തിയെന്നും പരിശോധനകളിൽ നിന്ന് ഒഴിവാക്കി തരാമെന്ന് വാക്ക് നൽകിയെന്നും ആക്ഷേപമുണ്ട്. എത്ര സ്‌പോൺസർമാരെ കണ്ടെത്തിയെന്നോ, എത്ര രൂപ ഓരോ വകുപ്പും പിരിച്ചെന്നോ കണക്ക് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
കേരളീയത്തിന്റെ ജനപിന്തുണ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ ഭയപ്പെടുത്തുന്നുവെന്ന് കേരളീയം സംഘാടക സമിതി ചെയർമാൻ കൂടിയായ വി.ശിവൻകുട്ടി പറഞ്ഞു. അതുകൊണ്ടാണ് സതീശൻ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സർക്കാർ പരിപാടി ആയതിനാൽ ഉദ്യോഗസ്ഥർ തന്നെയായിരുന്നു കൺവീനർമാർ. ജനപ്രതിനിധികൾ ചെയർപഴ്‌സന്മാരും. ഈ കമ്മിറ്റി വിവരങ്ങൾ നേരത്തെ തന്നെ പൊതുമണ്ഡലത്തിൽ ഉള്ളതാണ്. അപ്പോഴൊന്നും മിണ്ടാതിരുന്ന സതീശൻ ആക്ഷേപം ഒന്നും ഉന്നയിക്കാൻ ഇല്ലാത്ത സാഹചര്യത്തിൽ ഓരോന്ന് കണ്ടുപിടിച്ച് കൊണ്ടുവരികയാണ്. അത് ജനം വിശ്വസിക്കില്ല. അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ച് ജനപിന്തുണ നഷ്ടമായ പ്രതിപക്ഷം മുഖം രക്ഷിക്കാനുള്ള പെടാപ്പാടിലാണ്. ആരോപണങ്ങൾ തള്ളിക്കളഞ്ഞ് സർക്കാർ മുന്നോട്ട് പോകുമെന്നും കേരളീയം 2024 വൻവിജയമാക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി.




