- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
4 സ്റ്റാർ ഹോട്ടലിന്റെ ബില്ലടച്ചതിന് ശേഷം ബാക്കിയുള്ള തുക മാത്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടച്ചാൽ കൊഴപ്പണ്ടോ? ഒന്നേമുക്കാൽ വർഷമായി സ്റ്റാർ ഹോട്ടലിൽ താമസമെന്ന ആരോപണത്തിൽ ചിന്ത ജെറോമിനെ പരിഹസിച്ച് വി ടി ബൽറാം
തിരുവനന്തപുരം: യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോം കൊല്ലത്തെ ഫോർ സ്റ്റാർ ഹോട്ടലിൽ കുടുംബത്തോടൊപ്പം ഒന്നേമുക്കാൽ വർഷം താമസിച്ചെന്നും, സാമ്പത്തിക സ്രോതസ്സ് പരിശോധിക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുകയാണ്. അമ്മയുടെ ആയുർവേദ ചികിത്സയ്ക്കായി താമസിച്ചതാണെന്നാണ് ചിന്താ ജെറോമിന്റെ വിശദീകരണം. ഈ പശ്ചാത്തലത്തിൽ ചിന്തയെ പരിഹസിച്ച് വി ടി ബൽറാം ഫേസ്ബുക്കിൽ കുറിപ്പിട്ടു.
4 സ്റ്റാർ ഹോട്ടലിന്റെ ഒന്നര വർഷത്തെ താമസത്തിന്റെ ബില്ലടച്ചതിന് ശേഷം ബാക്കിയുള്ള തുക മാത്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടച്ചാൽ കൊഴപ്പണ്ടോ? എന്നാണ് ബൽറാമിന്റെ പരിഹാസം. മുമ്പ് മുപ്പത്തിരണ്ട് ലക്ഷം ശമ്പള കുടിശ്ശികയായി കിട്ടിയെന്ന വാർത്ത പച്ചക്കള്ളമെന്ന് ചിന്ത ജെറോം പറഞ്ഞിരുന്നു. അത്രയും തുക ഒരുമിച്ച് കിട്ടിയാൽ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്നും പാർട്ടി പ്രവർത്തകയെന്ന നിലയിൽ അതാണ് തങ്ങളുടെ ശീലമെന്നും ചിന്ത പറഞ്ഞിരുന്നു.
കൊല്ലം തങ്കശ്ശേരിയിലെ ഫോർ സ്റ്റാർ ഹോട്ടലിൽ മൂന്ന് മുറികളുള്ള അപാർട്മെന്റിൽ ചിന്താ ജെറോം ഒന്നേമുക്കാൽ വർഷം താമസിച്ചെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം. പ്രതിദിനം എണ്ണായിരത്തി അഞ്ഞൂറ് രൂപയാണ് ഈ അപാർട്മെന്റിന്റെ വാടക. ഇക്കണക്കിൽ 38 ലക്ഷത്തോളം രൂപ ഹോട്ടലിന് ചിന്ത നൽകേണ്ടി വന്നുവെന്നും യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു.
ഇത്രയും പണം യുവജന കമ്മീഷൻ അധ്യക്ഷക്ക് എങ്ങനെ കിട്ടി, ചിന്തയുടെ സാമ്പത്തിക സ്രോതസ് തുടങ്ങിയ കാര്യങ്ങൾ അന്വഷിക്കണമെന്നാണ് ആവശ്യം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം, വിജിലൻസിനും എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിലും പരാതി നൽകിയിട്ടുണ്ട്.
2021-2022 കാലയളവിൽ ഒന്നരക്കൊല്ലത്തോളം ഫോർ സ്റ്റാർ ഹോട്ടലിൽ താമസിച്ചതായി ചിന്ത സമ്മതിക്കുന്നുണ്ട്. അമ്മയുടെ ആയുർവേദ ചികിത്സയുടെ ഭാഗമായാണ് ഇത്. എന്നാൽ കൊടുത്ത വാടകയുടെ കണക്ക് യൂത്ത് കോൺഗ്രസ് പറയുന്നത് പോലെയല്ലെന്നും പ്രതിമാസം ഇരുപതിനായിരം രൂപ മാത്രമാണ് മാസ വാടകയായി നൽകിയതെന്നുമാണ് ചിന്ത പറയുന്നത്.
ഏതായാലും ഗവേഷണ പ്രബന്ധത്തിലെ വിവാദങ്ങൾക്ക് പിന്നാലെ സിപിഎം സംസ്ഥാന കമ്മറ്റി അംഗത്തിന്റെ പേരിലുണ്ടായ പുതിയ വിവാദം പാർട്ടിയെ കൂടുതൽ പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ്
മറുനാടന് മലയാളി ബ്യൂറോ