- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വടകരയിൽ 'അശ്ലീല വീഡിയോ' സംവാദം തുടരുന്നു
കോഴിക്കോട്: വടകരയിൽ രാഷ്ട്രീയ വിവാദം തീരുന്നില്ല. പാനൂരിലെ ബോംബ് നിർമ്മാണവും സ്‌ഫോടനവും ഉണ്ടാക്കിയ അലയൊലികളെ തണുപ്പിക്കാൻ ഉണ്ടാക്കിയ വിവാദവും സിപിഎമ്മിന് തിരിച്ചടിയാകുമോ? തനിക്കെതിരെ അശ്ലീല വിഡിയോ പ്രചരിപ്പിക്കുന്നതായി എവിടെയും പറഞ്ഞിട്ടില്ലെന്നും മോർഫ് ചെയ്ത പോസ്റ്ററെന്നാണ് പറഞ്ഞതെന്നും വടകരയിലെ ഇടതു സ്ഥാനാർത്ഥി കെ.കെ.ശൈലജ വ്യക്തമാക്കിയതോടെ വീണ്ടും രാഷ്ട്രീയ വിവാദം. ഇതോടെ വീണ്ടും ഈ വിഷയം ചർച്ചയാക്കുകയാണ് യുഡിഎഫ്.
'എന്റെ വടകര കെഎൽ 18' എന്ന ഇൻസ്റ്റഗ്രാം പേജിൽ നിരന്തരമായി ഫെയ്ക് വിഡിയോകൾ, വൃത്തികെട്ട പോസ്റ്ററുകൾ ഇതൊക്കെ വരികയാണ്. ആദ്യം തന്നെ ചെയ്തത് ഒരു മോശമായ അശ്ലീല ചിത്രത്തിന്റെ തല മാറ്റി, എന്റെ തല ചേർത്തു കൊണ്ട് കുടുംബ പേജുകളിൽ എത്തിച്ചു.... എത്ര ചീപ്പ് ആയിട്ടാണ് ഇവർ ചെയ്യുന്നത്-ഇതായിരുന്നു 15ന് ശൈലജ പറഞ്ഞത്. എന്നാൽ കഴിഞ്ഞ ദിവസം ഇതിൽ തിരുത്തു കൊണ്ടു വന്നു. എന്റെ ഫോട്ടോ മോർഫ് ചെയ്ത് പോസ്റ്റർ ഉണ്ടാക്കുന്നു എന്നു മാത്രമാണു പറഞ്ഞത്. വിഡിയോ എന്നു പറഞ്ഞിട്ടില്ല. അന്നത്തെ പത്രസമ്മേളന വിഡിയോ കണ്ടാൽ മനസ്സിലാകും എന്നാണ് ശൈലജയുടെ പുതിയ വാദം. ഈ രണ്ട് വീഡിയോയും കോൺഗ്രസ് വലിയ തോതിൽ പ്രചരിക്കുന്നുണ്ട്.
ഇതോടെ സഹതാപ വോട്ടു കിട്ടാൻ ഇടതു സ്ഥാനാർത്ഥി നുണ പ്രചരിപ്പിച്ചെന്നു കോൺഗ്രസ് ആരോപിച്ചു. 'അശ്ലീല ചിത്രം' എന്നു മാത്രമാണു ശൈലജ ആദ്യത്തെ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നതെങ്കിലും 'അശ്ലീല വിഡിയോ സൃഷ്ടിച്ചു' എന്നാണ് സിപിഎം നേതാക്കളും അണികളും പ്രചരിപ്പിച്ചത്. ആ പത്രസമ്മേളനത്തിലെ ഫെയ്ക് വീഡിയോകൾ എന്ന പരാമർശമാണ് സിപിഎമ്മുകാർ ചർച്ചയാക്കിയത്. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ശൈലജ രംഗത്തു വന്നത്.
എന്റെ ഫോട്ടോ മോർഫ് ചെയ്ത് പോസ്റ്റർ ഉണ്ടാക്കുന്നു എന്നു മാത്രമാണു പറഞ്ഞത്. വിഡിയോ എന്നു പറഞ്ഞിട്ടില്ല. അന്നത്തെ പത്രസമ്മേളന വിഡിയോ കണ്ടാൽ മനസ്സിലാകും. എന്റെ ഫോട്ടോയ്‌ക്കൊപ്പം മറ്റു ചിലരുടെ ഫോട്ടോ ചേർത്ത് വ്യാജസന്ദേശം പ്രചരിപ്പിക്കുകയാണ്. അന്നു തൊണ്ടയിടറി സംസാരിച്ചതല്ല. പൊടി അലർജിയും സ്വീകരണ കേന്ദ്രങ്ങളിൽ പൂത്തിരി കത്തിക്കുന്നതിന്റെ പുകയും പ്രശ്‌നമായതാണ്. സ്ത്രീയെന്ന നിലയിൽ എന്നെ അപമാനിച്ചതു മാത്രമല്ല. ഞാൻ ഒരു രാഷ്ട്രീയപ്രവർത്തകയും എംഎൽഎയും പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവുമാണ്. എന്റെ രാഷ്ട്രീയ സത്യസന്ധതയെ ചോദ്യം ചെയ്യുന്നതാണു പ്രശ്‌നം-ഇതാണ് ഇപ്പോൾ ശൈലജ പറയുന്നത്.
അങ്ങനെയൊരു വിഡിയോ ഇല്ലെന്നു കെ.കെ.ശൈലജ ഇപ്പോഴെങ്കിലും സമ്മതിച്ചതിൽ സന്തോഷമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ പ്രതികരിച്ചു. "ഇത്രയും ദിവസം ഞാൻ നേരിട്ട സൈബർ ആക്രമണത്തിന് ആരു മറുപടി പറയും? അശ്ലീല വിഡിയോ ഉണ്ടാക്കുന്നവൻ എന്നുവരെ വിളിച്ച് വേട്ടയാടിയില്ലേ? ടീച്ചറുടെ വാക്കുകൾ കേട്ട് എന്നെ ആക്രമിച്ച സാംസ്‌കാരിക നായകർ ഇനി പ്രതികരിക്കുമോ ? ഇതിനു ജനം മറുപടി പറയും-ഇതാണ് ഷാഫി പറമ്പിലിന്റെ പ്രതികരണം.
സൈബർ ആക്രമണം ആർക്കെതിരെ നടന്നാലും തെറ്റാണ്. എനിക്ക് ഉമ്മയില്ലേ എന്നാണു ടീച്ചർ ചോദിച്ചത്. ഇല്ലാത്ത വിഡിയോയുടെ പേരിലാണ് എന്റെ ഉമ്മയെ വരെ പ്രശ്‌നത്തിലേക്കു വലിച്ചിഴച്ചത്. വ്യക്തിഹത്യ നടത്തി തിരഞ്ഞെടുപ്പ് ജയിക്കാൻ ആഗ്രഹിച്ചിട്ടില്ല. നാളെയും ചെയ്യില്ല" ഷാഫി പറഞ്ഞു.