കൊച്ചി: അക്രമത്തെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഗുണ്ടകളെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിക്ക് ക്രിമിനൽ മനസാണെന്ന് സതീശൻ ആരോപിച്ചു. പിണറായി ഭരണത്തിൽ കേരളം ഗ്യാങ്സ്റ്റർ സ്റ്റേറ്റായി. പ്രതിഷേധിക്കുന്നവരുടെ തലയിൽ ചെടിച്ചട്ടി കൊണ്ട് അടിക്കുന്നതാണോ നവകേരള സദസ് എന്നും സതീശൻ ചോദിച്ചു. വേണ്ടി വന്നാൽ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള യു.ഡി.എഫ് നേതാക്കൾ കരിങ്കൊടിയുമായി തെരുവിൽ ഇറങ്ങുമെന്നും സതീശൻ മുന്നറിയിപ്പ് നൽകും. പ്രതിഷേധം തുടരാനാണ് കോൺഗ്രസ് തീരുമാനം. യുഡിഎഫിൽ ചർച്ച ചെയ്ത് കൂടുതൽ തീരുമാനം എടുക്കും.

സിപിഎം- ഡിവൈഎഫ്ഐ പ്രവർത്തകർ ഇന്നലെ കണ്ണൂരിൽ നടത്തിയത് രാഷ്ട്രീയപ്രവർത്തനമല്ല, ഗുണ്ടായിസവും രാഷ്ട്രീയത്തിന്റെ ക്രിമിനൽവത്ക്കരണവുമാണ്. കേട്ടുകേൾവിയില്ലാത്ത ക്രൂരമായ മർദ്ദനമാണ് കെ.എസ്.യു- യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ അഴിച്ചുവിട്ടത്. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്ന ക്രിമിനലുകളായ പൊലീസുകാർ വയർലെസ് സെറ്റ് ഉപയോഗിച്ച് വരെ മർദ്ദിച്ചു. പെൺകുട്ടി ഉൾപ്പെടെയുള്ളവരെ ചെടിച്ചട്ടിയും ഹെൽമറ്റും ഉപയോഗിച്ച് ആക്രമിച്ചുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

അക്രമത്തെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണ്. പരിണിതപ്രജ്ഞരായ നിരവധി നേതാക്കൾ ഇരിക്കുന്ന കസേരയിലാണ് താൻ ഇരിക്കുന്നതെന്ന് പിണറായി വിജയൻ മറന്നു പോയിരിക്കുകയാണ്. പാർട്ടി സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോൾ രാഷ്ട്രീയ എതിരാളികളെ കൊല്ലാനും വീടുകൾ കത്തിക്കാനും ഉത്തരവ് നൽകിയിരുന്ന ക്രിമിനലായിരുന്നു പിണറായി വിജയൻ. അതേ ക്രിമിനൽ മനസുള്ള ഒരാളാണ് മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുന്നതെന്ന് ഓർത്ത് കേരളം ലജ്ജിക്കുകയാണ്. ഇത്രയും ക്രൂരമായ അക്രമം നടത്തിയ സിപിഎം ക്രിമിനലുകളെ മുഖ്യമന്ത്രി പ്രശംസിക്കുകയാണ്. ക്രിമിനലുകൾക്ക് അഴിഞ്ഞാടാനുള്ള ലൈസൻസാണ് മുഖ്യമന്ത്രി കൊടുക്കുന്നത്. മുഖ്യമന്ത്രി കസേരയിൽ നിന്നും കേരളം ഈ മനുഷ്യനെ അപമാനിച്ച് പുറത്താക്കും.

കേരളത്തിലെ ഒരു മുഖ്യമന്ത്രിയും കാണിക്കാത്ത തരത്തിൽ ഉളുപ്പില്ലാത്ത വർത്തമാനമാണ് പിണറായി വിജയൻ പറയുന്നത്. ക്രിമിനലിന്റെ മനസുള്ളതു കൊണ്ടാണ് കരിങ്കൊടി കാട്ടി പ്രതിഷേധിച്ച കുട്ടികളെ ആക്രമിച്ച ക്രിമിനലുകളെ ന്യായീകരിച്ചത്. നാണവും ഇല്ലാതെയാണ് മുഖ്യമന്ത്രിക്കസേരയിൽ ഇരുന്നു കൊണ്ട് ക്രിമിനലുകളെ ന്യായീകരിക്കുന്നത്. പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളം ഒരു ഗ്യാങ്സ്റ്റർ സ്റ്റേറ്റായി മാറിയിരിക്കുകയാണ്. ഗുണ്ടകളുടെ നാടായി കേരളം മാറുകയാണ്. ഇതു തന്നെയാണ് ബംഗാളിലെ സിപിഎമ്മിന്റെ പതനത്തിന് കാരണമായത്. ബംഗാളിൽ അവസാനകാലത്തുണ്ടായ മഹാദുരന്തത്തിലേക്കാണ് പിണറായി വിജയൻ കേരളത്തിലെ സിപിഎമ്മിനെ കൂട്ടിക്കൊണ്ട് പോകുന്നത്.

വഴിയിൽ നിന്ന് കരിങ്കൊടി കാട്ടി പ്രതിഷേധിക്കാൻ പോലും അനുവദിച്ചില്ലെങ്കിൽ എംഎ‍ൽഎമാരും എംപിമാരും ഉൾപ്പെടെ യു.ഡി.എഫ് നേതാക്കാൾ പിണറായിയെ കരിങ്കൊടി കാണിക്കും. മർദ്ദിച്ചും തല്ലിയും ഒതുക്കാമെന്നാണ് കരുതുന്നതെങ്കിൽ നമുക്ക് നോക്കാം. എത്ര പേരെ തല്ലിയൊതുക്കാമെന്നു കാണാം. യൂത്ത് കോൺഗ്രസുകാർ ആത്മഹത്യാ സ്‌ക്വാഡാണെന്നും ഭീകരവാദമാണെന്നും പറയാൻ മന്ത്രിമാർക്കും സിപിഎം നേതാക്കൾക്കും നാണമുണ്ടോ? മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ നെഞ്ചിലേക്ക് കല്ല് വലിച്ചെറിഞ്ഞത് എന്ത് ഭീകരവാദമായിരുന്നു? അത് ഏത് ആത്മഹത്യ സ്‌ക്വാഡായിരുന്നു? ഏത് ചാവേറായിരുന്നു? ഉമ്മൻ ചാണ്ടിയെ വധിക്കാൻ കല്ലുമായി ക്രിമിനലുകളെ വിട്ട പിണറായി വിജയനാണ് ഇപ്പോഴും ക്രിമിനലുകളെ ന്യായീകരിക്കുന്നത്. കേട്ടുകേൾവിയില്ലാത്ത സംഭവങ്ങളാണ് കേരളത്തിൽ നടക്കുന്നത്. ഇതാണോ നവകേരള സദസ്? പ്രതിഷേധിക്കുന്നവരെ ചെടിച്ചട്ടിയും ഹെൽമറ്റും കൊണ്ട് തലയിൽ അടിക്കുന്നതാണോ നവകേരളം? ഇത് ഗുണ്ടകളുടെ നാടാണ്. അതിനാണ് മുഖ്യമന്ത്രി ലൈസൻസ് കൊടുക്കുന്നത്.

അഴിമതിയുടെ ചെളിക്കുണ്ടിൽ വീണ് കിടക്കുകയാണ് സർക്കാർ. അതിൽ നിന്നും രക്ഷപ്പെടാനുള്ള പ്രയത്നമാണിത്. യോഗത്തിന് ചീഫ് സെക്രട്ടറി സ്വാഗതം പറഞ്ഞതിന് ശേഷം മുഖ്യമന്ത്രി പ്രസംഗിക്കുന്നത് മുഴുവൻ രാഷ്ട്രീയമാണ്. എന്ത് ഔദ്യോഗിക പരിപാടിയാണിത്? ഇത് പാർട്ടി പരിപാടിയല്ലേ? ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തുന്ന പാർട്ടി പരിപാടി. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രചരണമാണ്. ഒരു രാഷ്ട്രീയ യോഗത്തിന് സ്വാഗതം പറയേണ്ട ഗതികേട് കേരളത്തിൽ ആദ്യമായി ഒരു ചീഫ് സെക്രട്ടറിക്ക് വന്നിരിക്കുകയാണ്. ഉദ്യോഗസ്ഥമാരെയൊക്കെ പിരിവിന് ഇറക്കിയിരിക്കുകയാണ്. എത്ര ഫ്ളെക്സ് വച്ചിട്ടുണ്ടെന്നതിന്റെ പടം എടുത്ത് സിപിഎം ഏര്യാ സെക്രട്ടറിയുടെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്ന ജോലിയാണ് തഹസീൽദാറും വില്ലേജ് ഓഫീസറും പാഞ്ചായത്ത് സെക്രട്ടറിയുമൊക്കെ ചെയ്യുന്നത്. പാർട്ടി പരിപാടി വിജയിപ്പിക്കാൻ എല്ലാ ഉദ്യോഗസ്ഥരും ഇറങ്ങിയിരിക്കുകയാണ്. ഇതുപോലെ അധികാരം ദുരുപയോഗം ചെയ്ത സർക്കാർ കേരളത്തിൽ ഉണ്ടായിട്ടില്ല. അഴിമതി നടത്തി കുറെ പണം ഉണ്ടാക്കിയിട്ടുണ്ടല്ലോ.

അതുപയോഗിച്ച് പരിപാടി നടത്തിയാൽ പേരെ. നവകേരള സദസിൽ രാഷ്ട്രീയം പറയുന്ന മുഖ്യമന്ത്രി അഴിമതി സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് മാത്രം ഉത്തരം പറയുന്നില്ല. മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് ഏതെങ്കിലും കേന്ദ്ര ഏജൻസി അന്വേഷണം നടത്തിയിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇതുവരെ മറുപടിയില്ല. ധൈര്യമുണ്ടെങ്കിൽ മറുപടി പറയണം. ഏഴ് മാസം വായ മൂടിക്കെട്ടി ഇരിക്കുകയായിരുന്നല്ലോ? എന്നിട്ടാണ് അക്രമങ്ങളെ ന്യായീകരിക്കുന്നത്. ഇങ്ങനെയാണെങ്കിൽ യാത്ര തിരുവനന്തപുരത്ത് എത്തുമ്പോൾ എന്തായിരിക്കും സ്ഥിതി? മന്ത്രിമാർക്ക് ഒരു റോളുമില്ല. മുഖ്യമന്ത്രിക്കൊപ്പം വെറുതെ യാത്ര ചെയ്യുകയാണ്. ജനങ്ങളുടെ പരാതി പോലും മന്ത്രിമാർ സ്വീകരിക്കുന്നില്ല. പൗരപ്രമുഖരുമായി ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ മന്ത്രിമാരുമായി മുഖ്യമന്ത്രി ഇറങ്ങിയിരിക്കുകയാണ്. പിന്നീട് അങ്ങോട്ട് ഒന്നും പറയാൻ അനുവദിക്കാത്ത രീതിയിൽ ആകാശവാണിയാകും.

ജനങ്ങളുടെ ഇടയിൽ 18 മണിക്കൂർ നിന്ന് പരാതി കേട്ട മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടായിരുന്നെന്ന് ഓർക്കണം. അത് മറക്കരുത്. മെയ് രണ്ട് മുതൽ ജൂൺ നാല് വരെ എല്ലാ താലൂക്കുകളിലും മന്ത്രിമാർ അദാലത്ത് നടത്തി ലഭിച്ച പതിനായിരക്കണക്കിന് പരാതികളിൽ ഏതെങ്കിലും ഒന്നിന് പരിഹാരം ഉണ്ടാക്കിയിട്ടുണ്ടോ? നാല് മാസമായി സാമൂഹിക സുരക്ഷാ പെൻഷനും നെല്ല് സംഭരണത്തിനുള്ള പണവും കുട്ടികൾക്ക് ഉച്ചയൂണിനുള്ള പണവും കെ.എസ്.ആർ.ടി.സി ജീവനക്കാർക്കുള്ള ശമ്പളവും പെൻഷനും കൊടുക്കാത്തവരാണ് ഇപ്പോൾ ഇറങ്ങിയിരിക്കുന്നത്. നികുതി പിരിവ് നടത്തേണ്ടവരെ ആളുകളെ ഭീഷണപ്പെടുത്തി പണപ്പിരിവിന് ഇറക്കിയിരിക്കുകയാണ്. അരാജകത്വമാണ് സംസ്ഥാനത്ത്. ഇതൊക്കെ ജനങ്ങൾ കാണുന്നുണ്ട്. ജനങ്ങളെ ദുരിതത്തിലാക്കി സർക്കാർ കാട്ടുന്ന അശ്ലീലകെട്ടുകാഴ്ചയെ കേരളം വിലയിരുത്തുക തന്നെ ചെയ്യും.

കേരളത്തിൽ ഏറ്റവും കൂടുതൽ കരിങ്കൊടി കാട്ടിയിട്ടുള്ള പ്രസ്ഥാനമാണ് സിപിഎം എന്നത് അധികാരത്തിന്റെ ലഹരിയിൽ മറന്നു പോയോ? ഇനിയും പ്രതിഷേധക്കാരെ ആക്രമിക്കണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ കൊല്ലാൻ ആളെ വിടുന്ന പണി മുഖ്യമന്ത്രി കസേരയിൽ ഇരുന്ന് ചെയ്യരുത്. ജനങ്ങൾ കണ്ടുകൊണ്ടിരിക്കെ ഇതുപോലെ വൃത്തികേട് കാണിച്ചവരെ പ്രശംസിച്ച മുഖ്യമന്ത്രിയെ ക്രിമിനൽ എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്? വഴിയിരുകിൽ നിന്നും പ്രതിഷേധം പ്രകടിപ്പിക്കാൻ പറ്റാത്ത നാടായി കേരളം മാറിയോ. ഗുണ്ടകളെയും ക്രിമിനലുകളെയും അകമ്പടിയാക്കിയാണ് മുഖ്യമന്ത്രി യാത്ര ചെയ്യുന്നത്. അശ്ലീല കെട്ടുകാഴ്ചയാണ് നടക്കുന്നത്. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുന്നുവെന്ന് പറഞ്ഞിട്ട് ഇഷ്ടമുള്ളവരെ വിളിച്ച് ബ്രേക്ക്ഫാസ്റ്റ് കഴിക്കുകയാണ്. ജനങ്ങളുടെ പരാതി ഉദ്യോഗസ്ഥർ സ്വീകരിക്കുക, ഇതിന് വേണ്ടി പിരിവ് നടത്തുക, നാട്ടിലെ ജനങ്ങളെ കൊള്ളയടിക്കുക, നികുതിപ്പണത്തിൽ നിന്നും പഞ്ചായത്തിന്റെ പണം എടുക്കുക, ബാങ്കുകളുടെ പണം എടുത്തുകൊണ്ട് പോകുക, എന്നിട്ട് രാഷ്ട്രീയ പ്രസംഗം നടത്തുക. എന്നിട്ടും അക്രമത്തെ ന്യായീകരിച്ച മുഖ്യമന്ത്രിയുടേത് ക്രിമിനൽ മനസാണ്. പ്രതിഷേധിക്കാൻ അവസരമില്ലെന്ന സ്ഥിതിയുണ്ടായാൽ യു.ഡി.എഫ് നേതാക്കൾ തെരുവിൽ ഇറങ്ങി കരിങ്കൊടി കാണിക്കും.

പിണറായി വിജയൻ ഇരുന്ന സീറ്റുള്ള ബസ് മ്യൂസിയത്തിൽ വയ്ക്കാമെന്നും വിറ്റാൽ കോടികൾ കിട്ടുമെന്നും പറഞ്ഞ പാർട്ടി സെക്രട്ടറിയും നേതാക്കളും ഉൾപ്പെടെയുള്ള അടിമകളുള്ള പാർട്ടിയാണ് സിപിഎം. ഇവരൊക്കെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം പഠിക്കണം. മുഖ്യമന്ത്രിയെ പ്രീണിപ്പിക്കാൻ വേണ്ടി ബസ് മ്യൂസിയത്തിൽ വയ്ക്കണമെന്ന് പറയുന്ന നേതാക്കളുള്ള പാർട്ടിയായി സിപിഎം മാറി. എന്തൊരു നാണക്കേടാണിത്. അഭിമാനബോധമുള്ള കമ്മ്യൂണിസ്റ്റുകാർ ഇവരൊക്കെ കാണിക്കുന്നത് കണ്ട് തലകുനിക്കും. അത്മാഭിമാനമുള്ള സിപിഎമ്മുകാർ ഇതിനെതിരെ പ്രതികരിക്കും.

നവകേരളസദസ് കൊണ്ട് കേരളത്തിലെ ഏതെങ്കിലും പാവപ്പെട്ടവന് എന്തെങ്കിലും ആശ്വാസം ഉണ്ടാകുമോ? കാസർകോട് പ്രമുഖരെ കണ്ടിട്ടും എൻഡോസൾഫാൻ ദുരിതബാധിതരുടെ ഒരു പരാതി പോലും പരിഹരിച്ചില്ല. ആരാണ് പൗരപ്രമുഖരെന്ന് വിവരാവകാശ നിയമപ്രകാരം പഞ്ചായത്ത് അംഗം ചോദിച്ചിട്ടുണ്ട്. പൗരപ്രമുഖരുമായാണ് ബന്ധം. അല്ലാത്തവരോട് കടക്കൂ പുറത്തെന്ന് പറയും. പാവങ്ങൾക്ക് അടുത്ത് കൂടി പോകാൻ പോലും അനുവാദമില്ല. ബിജെപിയും സിപിഎമ്മും തമ്മിൽ സൗഹൃദത്തിലാണ്. അതുകൊണ്ടാണ് അവർ നവകേരള സദസിനെതിരെ രംഗത്ത് വരാത്തത്. എന്തെങ്കിലും പ്രശ്നമുണ്ടായാൽ ലാവലിൻ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉയർന്ന് വരും. അവർ ധാരണയിൽ തന്നെ പോകട്ടെ.

യു.ഡി.എഫ് വിചാരണ സദസിൽ പൗരപ്രമുഖരായി പാവങ്ങളായ കർഷകരും സാമൂഹിക സുരക്ഷാ പെൻഷൻ കിട്ടാത്തവരും കെ.എസ്.ആർ.ടി.സി പെൻഷൻ കിട്ടാത്തവരും ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടവരും തൊഴിലാളികളും ഉൾപ്പെടെയുള്ളവർ പങ്കെടുക്കും-വിഡി സതീശൻ കൂട്ടിച്ചേർത്തു.