- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഏകസിവിൽ കോഡും ഫലസ്തീനും പോലെ അയോധ്യയെയും രാഷ്ട്രീയവത്ക്കരിക്കുന്നു; സിപിഎം കേരളത്തിൽ നടപ്പാക്കുന്നത് ബിജെപി ശൈലി; ലീഗ്- സമസ്ത നേതൃത്വങ്ങളുടെ നിലപാട് മാതൃകാപരം; അടിക്ക് തിരിച്ചടി തന്നെ; നിലപാട് പറഞ്ഞ് വിഡി സതീശൻ
കൊച്ചി: അയോധ്യയെ സിപിഎം രാഷ്ട്രീയവത്ക്കരിക്കുകയാണെന്ന് ആരോപിച്ച് മറുതന്ത്രം തീർക്കാൻ കോൺഗ്രസ്. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പാർട്ടി എന്ന നിലയിൽ കോൺഗ്രസിന് ക്ഷണമില്ലമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറയുന്നത്. വ്യക്തികൾക്കാണ് ക്ഷണം. ഇക്കാര്യത്തിൽ പാർട്ടി ആലോചിച്ച് ഒരു തീരുമാനമെടുക്കുമെന്നും സതീശൻ പറയുന്നു. കോൺഗ്രസ് തീരുമാനമെടുക്കുന്നതിന് മുൻപെ അതിൽ അനാവശ്യ വിവാദം ഉണ്ടാക്കുകയാണ്. ഏക സിവിൽ കോഡിനേയും ഫലസ്തീൻ വിഷയത്തയും രാഷ്ട്രീയ വത്കരിച്ചത് പോലെ അയോധ്യയേയും സിപിഎം. രാഷ്ട്രീയവത്കരിക്കുന്നു. ബിജെപി ചെയ്യുന്ന അതേ പണിയാണ് സിപിഎമ്മും ചെയ്യുന്നത്. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമമെന്നും സതീശൻ ആരോപിച്ചിരുന്നു.
ജാതിയുടേയും മതത്തിന്റേയും പേരിൽ സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കി മുതലെടുപ്പ് നടത്തുന്നതാണ് ബിജെപിയുടെ ശൈലി. അതിന്റെ വേറൊരു ഫോർമാറ്റാണ് സിപിഎം കേരളത്തിൽ നടപ്പാക്കുന്നത്. അങ്ങേയറ്റം സൂക്ഷ്മതയോടെയാട് പാണക്കാട് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചത്. സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാകരുതെന്ന ആഗ്രഹത്തോടെയാണ് അവരുടെ പ്രതികരണങ്ങൾ. മുസ്ലിം ലീഗ് നേതൃത്വം മാതൃകയാണ്. അവർ അഭിനന്ദനം അർഹിക്കുന്നുവെന്നും സതീശൻ വിശദീകരിച്ചു. സുപ്രഭാതം പത്രത്തിലെ എഡിറ്റോറിയലിനേയും സതീശൻ വിമർശിക്കുന്നു.
സുപ്രഭാതം പത്രം ഈ വിഷയത്തിൽ എഴുതിയ എഡിറ്റോറിയൽ നേരത്തെയുള്ളതും അപക്വവും തെറ്റായതുമായ നടപടിയാണ്. അത് സമസ്തയുടെ നിലപാടല്ലെന്ന് ജിഫ്രി തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. വോട്ട് കിട്ടാൻ സമസ്തയെ കൈകാര്യം ചെയ്യാമെന്ന സിപിഎം. ധാരണയും പാളിപ്പോയി. സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാകരുതെന്നാണ് സമസ്ത നേതൃത്വവും കരുതുന്നത്. അതിൽ ഞങ്ങൾക്ക് നിറഞ്ഞ സന്തോഷമുണ്ട്. ഇത്തരം വിഷയങ്ങളെ വോട്ട് രാഷ്ട്രീയത്തിന് വേണ്ടി മാത്രം ഉപയോഗിക്കുന്ന സിപിഎം നിലപാട് ലജ്ജിപ്പിക്കുന്നു.
സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. കോൺഗ്രസ് ചർച്ച ചെയ്ത് ഒരു തീരുമാനം എടുക്കും. സിപിഎമ്മിന് എന്താണ് അലോചിക്കാൻ ള്ളത്? കേരളം പോലെ ഒരു ഇട്ടാവട്ട സ്ഥലത്തിന്റെ രാഷ്ട്രീയം മാത്രമാണ് സിപിഎമ്മിനുള്ളത്. കാള പെറ്റെന്ന് കേട്ട് കയർ എടുക്കേണ്ട കാര്യമില്ല. പോകണമെന്നും പോകേണ്ടെന്നും അഭിപ്രായമുള്ളവർ എല്ലാ സമുദായത്തിലുമുണ്ട്. എല്ലാ വശങ്ങളും ആലോചിച്ച് പക്വതയുള്ള ഒരു തീരുമാനം കോൺഗ്രസ് എടുക്കും. അതിനുള്ള സമർഥമായ നേതൃത്വം കോൺഗ്രസിനുണ്ട്.
ഇന്ത്യയിൽ മുഴുവൻ ക്രൈസ്തവരെ വേട്ടയാടുന്ന പ്രസ്ഥാനമാണ് സംഘപരിവാർ. ഇതിനിടയിലാണ് കേരളത്തിലെ ബിജെപിക്കാർ ആട്ടിൻതോലിട്ട ചെന്നായ്ക്കളാണ് ക്രൈസ്തവരുടെ വീടുകളിലേക്ക് എത്തുന്നത്. ഇവർ ആരാണെന്ന് തിരിച്ചറിയാനുള്ള ബുദ്ധി കേരളത്തിലെ ക്രൈസ്തവർക്കുണ്ട്. മതേതരത്വമാണ് കോൺഗ്രസ് നിലപാട്. കർണാടകത്തിൽ ഉൾപ്പെടെ മതേതരത്വ നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചതെന്നും സതീശൻ വിശദീകരിക്കുന്നു.
സർക്കാരിന്റെ സമീപനം അനുസരിച്ചാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ആളുകളെ കരുതൽ തടങ്കലിൽ അടയ്ക്കുകയും കരിങ്കൊടി പ്രതിഷേധം നടത്തുന്നവരെ ക്രൂരമായി മർദ്ദിക്കുകയും ചെയ്താൽ തിരിച്ചടിയുണ്ടാകും. പ്രതിഷേധം ജനാധിപത്യപരമായ അവകാശമാണ്. കള്ളപ്പിരിവ് നടത്തിയും ജനങ്ങളുടെ നികുതി പണം ഉപയോഗിച്ചും നടത്തിയ ആർഭാട സദസായിരുന്നു നവകേരള സദസ്. അതിനെതിരെ പ്രതിഷേധം ഉണ്ടാകും.
സമരക്കാരെ തല്ലിച്ചതച്ച പൊലീസുകാർക്ക് ഗുഡ് സർവീസ് എൻട്രി നൽകി പ്രതിപക്ഷത്തെ പരിഹസിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. കലാപത്തിന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രി കേരളത്തെ ഗുണ്ടാ സ്റ്റേറ്റാക്കി മാറ്റി. പ്രവർത്തകരെ അടിച്ചാൽ ഇനിയും തിരിച്ചടിക്കുമെന്നും പ്രതിപക്ഷ നേതാവ് വിശദീകരിച്ചു.




