തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് നടത്തിയെന്ന് പ്രധാനമന്ത്രിക്ക് ബോധ്യമുള്ള ഒരു ഓഫീസിനെ എന്തുകൊണ്ടാണ് കേന്ദ്ര ഏജൻസി വെറുതെ വിട്ടത് എന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ ഓഫീസുകളിൽ റെയ്ഡ് നടത്തുന്നവർ കേരളത്തിൽ സന്ധി ചെയ്തത് എന്തിനെന്നാണ് ഉയർത്തുന്ന ചോദ്യം. കരുവന്നൂരിലെ അന്വേഷണം അട്ടിമറിച്ച് ബിജെപിയെ വിജയിപ്പിക്കാൻ സിപിഎമ്മും സംഘപരിവാറും തമ്മിൽ ഗൂഢാലോചനയുണ്ടെന്നും സതീശൻ പറഞ്ഞു.

കേരളത്തെ കുറിച്ച് പ്രധാനമന്ത്രി തെറ്റിദ്ധരിച്ചിരിക്കുകയാണ്. കോൺഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫും സിപിഎം നേതൃത്വത്തിലുള്ള എൽ.ഡി.എഫും ഏറ്റുമുട്ടുന്ന കേരളത്തിൽ ബിജെപിയുടെ ഫാസിസ്റ്റ് വർഗീയ രാഷ്ട്രീയത്തിന് പ്രസക്തിയില്ല. ബിജെപിക്ക് ഒരു സീറ്റ് പോലും നേടാൻ കഴിയില്ല. നിരവധി ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി ഉത്തരം പറയേണ്ടി വരും. ഏത് ഓഫീസിലാണ് സ്വണക്കള്ളക്കടത്ത് നടത്തിയതെന്ന് അറിയാമെന്നാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. കള്ളക്കടത്തിനെ കുറിച്ച് അറിയാമായിരുന്നിട്ടും കേന്ദ്ര ഏജൻസികൾ എന്തുകൊണ്ടാണ് അവിടെ റെയ്ഡ് നടത്താതിരുന്നത്? കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കേന്ദ്ര ഏജൻസികൾ എല്ലാ അന്വേഷണവും അവസാനിപ്പിച്ചത് എന്തിന് വേണ്ടിയായിരുന്നു? ഇന്ത്യയിലെ ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും സഹപ്രവർത്തകരുടെയും ഓഫീസുകൾ കേന്ദ്ര ഏജൻസി റെയ്ഡ് ചെയ്യുകയാണ്. എന്നിട്ടും കേരളത്തിൽ സിപിഎമ്മുമായി സംഘപരിവാർ സന്ധി ചെയ്തത് എന്തുകൊണ്ടാണ്?-സതീശൻ ചോദിച്ചു.

സ്വർണക്കള്ളക്കടത്ത് നടത്തിയെന്ന് പ്രധാനമന്ത്രിക്ക് ബോധ്യമുള്ള ഒരു ഓഫീസിനെ എന്തുകൊണ്ടാണ് വെറുതെ വിട്ടത്? അന്ന് നടപടി എടുത്തിരുന്നെങ്കിൽ കോൺഗ്രസ് അധികാരത്തിൽ എത്തിയേനെ. സിപിഎം തോറ്റാൽ കോൺഗ്രസ് അധികാരത്തിൽ എത്തുമെന്ന് ബിജെപിക്ക് അറിയാം. ഈ യാഥാർത്ഥ്യം മനസിലാക്കിയാണ് സിപിഎമ്മും ബിജെപിയും പരസ്പരധാരണയിൽ എത്തിയത്. പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് പ്രധാനമന്ത്രിയും പ്രസംഗം. കുഴൽപ്പണ കേസിൽ ബിജെപിയുടെ സംസ്ഥാന നേതൃത്വത്തെ കേരള സർക്കാർ സഹായിച്ചു. സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസികളും സംരക്ഷിച്ചു. മുപ്പത്തി ഏട്ടാമത്തെ തവണയാണ് ലാവ്‌ലിൻ കേസ് മാറ്റി വയ്ക്കുന്നത്. സിബിഐ അഭിഭാഷകൻ ഹാജരാകുന്നില്ല. സിപിഎമ്മും സംഘപരിവാർ ശക്തികളും തമ്മിലുള്ള ധാരണ ഇപ്പോഴും നിലനിൽക്കുകയാണ്. കേരളത്തിൽ കോൺഗ്രസ് അധികാരത്തിൽ എത്തരുത് എന്നതാണ് ഇവരുടെ പൊതുലക്ഷ്യം. പ്രധാനമന്ത്രിയുടെ ഇന്നലത്തെ പ്രസംഗത്തിലും ഇത് വ്യക്തമാണ്.

കരുവന്നൂരിലെ ഇ.ഡി അന്വേഷണത്തിന്റെ വേഗം എത്രയാണെന്ന് എല്ലാവരും കണ്ടതാണ്. അന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണ്. തൃശൂരിൽ ബിജെപി സ്ഥാനാർത്ഥിയെ വിജയിപ്പിക്കാനുള്ള ഗൂഢാലോചന സിപിഎമ്മും സംഘപരിവാറും നടത്തുകയാണ്. ഇതിനെയൊക്കെ നേരിട്ട് യു.ഡി.എഫ് ഉജ്ജ്വല വിജയം നേടുമെന്ന ആത്മവിശ്വാസമുണ്ട്. അതിനുള്ള തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സർക്കാരുകളെ ഒരുപോലെ വെറുക്കുന്ന ജനങ്ങളാണ് കേരളത്തിലുള്ളത്. തൃശൂരിൽ കഴിഞ്ഞ തവണ കിട്ടിയ വോട്ടുകൾ പോലും ഇത്തവണ ബിജെപിക്ക് കിട്ടില്ല.

ബിജെപിയുടെ വർഗീയ ഫാസിസ്റ്റ് രാഷ്ട്രീയത്തിന് കേരളത്തിൽ ഒരു പ്രസക്തിയുമില്ല. പ്രധാനമന്ത്രി എന്ത് പ്രസംഗിച്ചാലും ബിജെപിക്ക് കേരളത്തിൽ ഒരു സീറ്റ് പോലും നേടാനാകില്ല. ഇപ്പോൾ ക്രൈസ്തവരുടെ വീടുകൾ കയറി ഇറങ്ങുകയാണ്. ഇന്ത്യയിൽ ക്രൈസതവർ ആക്രമിക്കപ്പെട്ട വർഷങ്ങളാണ് കടന്നു പോയത്. എഴുനൂറോളം ആക്രമണങ്ങളാണ് 2023 ൽ ക്രൈസ്തവർക്കെതിരെ ഉണ്ടായത്. 250ൽ അധികം ക്രൈസ്തവ ദേവാലയങ്ങളാണ് മണിപ്പൂരിൽ കത്തിച്ചു കളഞ്ഞത്. അവിടെ നോക്കുകുത്തിയായിരുന്നു പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും. വൈദികരും പാസ്റ്റർമാരും ആക്രമിക്കപ്പെടുകയും ക്രിസ്മസ് ആഘോഷങ്ങൾ പാടില്ലെന്നാണ് മധ്യപ്രദേശിലെ ബിജെപി സർക്കാർ ഉത്തരവിട്ടത്. ക്രൈസ്തവ വിരുദ്ധമായ ഈ നിലപാടുകളെല്ലാം മറച്ചുവച്ചാണ് സംഘപരിവാറുകാർ കേരളത്തിലെ ക്രൈസ്തവരുടെ വീട്ടിൽ കേക്കുമായി പോകുന്നത്. ആട്ടിൻ തോലിട്ട ചെന്നായ്ക്കളെ പോലെയാണ് കേരളത്തിലെ സംഘപരിവാറുകാർ പെരുമാറുന്നതെന്നത് തിരിച്ചറിയാനുള്ള ബോധ്യം കേരളത്തിലെ ക്രൈസ്തവ വിശ്വാസികൾക്കും മതമേലധ്യക്ഷന്മാർക്കും ഉണ്ട്. അവർ സംഘപരിവാറുകാരെ ആട്ടിയോടിക്കും.

സ്ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്ന പാർട്ടിയാണ് ബിജെപി. ഗുസ്തി താരങ്ങളുടെ വിഷയത്തിലും അവർ അതേ നിലപാടാണ് സ്വീകരിച്ചത്. ഗുസ്ത താരങ്ങൾക്ക് കണ്ണീരോടെ മെഡലുകൾ ഉപേക്ഷിക്കേണ്ടി വന്നു. എംപിയെയും രാഷ്ട്രീയമായി കൂടെ നിൽക്കുന്നവരെയും സംരക്ഷിക്കാൻ സ്ത്രീവിരുദ്ധ നിലപാടാണ് കേന്ദ്ര സർക്കാരും ബിജെപിയും സ്വീകരിച്ചത്. മണിപ്പൂരിലെ സ്ത്രീകൾക്കു വേണ്ടി അവർ എന്ത് നിലപാടാണ് സ്വീകരിച്ചത്? സ്ത്രീകൾക്ക് തുല്യപ്രധാന്യം ലഭിക്കുന്ന പുതിയ വ്യവസ്ഥയിൽ വിശ്വസിക്കുന്നവരല്ല ബിജെപി. വരേണ്യവിഭാഗങ്ങളെ മാത്രം തൃപ്തിപ്പെടുത്തുന്നതാണ് അവരുടെ രീതി. ബിജെപിയുടെ ഈ ആശങ്ങളൊന്നും പുരോഗമന നിലപാടുള്ള കേരളം ഒരുതരത്തിലും സ്വീകരിക്കില്ല.

സാമൂഹിക സുരക്ഷാ പെൻഷൻ കിട്ടുന്നില്ലെന്നതാണ് വന്ദ്യവയോധികയായ മറിയക്കുട്ടിയുടെ പ്രശ്നം. അവർ ഒരു രാഷ്ട്രീയപാർട്ടിയിലും അംഗമല്ല. പെൻഷൻ കിട്ടാതെ മരുന്ന് വാങ്ങാൻ പണമില്ലാതെ കഷ്ടപ്പെടുന്ന നിരവധി പേരുടെ പ്രതീകമാണ് മറിയക്കുട്ടി. പെൻഷൻ മുടങ്ങിയെന്ന വിഷയം ഉന്നയിച്ച് കോൺഗ്രസ് വിളിച്ചാലും ബിജെപി വിളിച്ചാലും അവർ പോകും. സിപിഎം കേരളത്തിൽ മാത്രമെയുള്ളൂ. ദേശീയ തലത്തിൽ ഇന്ത്യ മുന്നണിയുടെ ഭാഗമാണെങ്കിലും കേരളത്തിൽ സിപിഎം യു.ഡി.എഫുമായി ഏറ്റുമുട്ടുന്ന വ്യത്യസ്ത രാഷ്ട്രീയമാണ്. എന്നിട്ടും ബിജെപിയെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി ഇന്ത്യ മുന്നണിയിലേക്ക് പ്രതിനിധിയെ അയയ്ക്കേണ്ടെന്ന് നിലപാട് എടുത്തത് മുഖ്യമന്ത്രി ഉൾപ്പെടെ കേരളത്തിൽ നിന്നുള്ള പി.ബി അംഗങ്ങളാണ്-സതീശൻ ആരോപിച്ചു.