മലപ്പുറം: പിണറായിയും ബിജെപിയും തമ്മിലുള്ള എല്ലാ സെറ്റിൽമെന്റുകളുടെയും ഇടനിലക്കാരൻ കേന്ദ്രമന്ത്രി വി. മുരളീധരനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അഴിമതിയും ധൂർത്തും കെടുകാര്യസ്ഥതയും കൊണ്ട് ഉണ്ടായതാണ് ധനപ്രതിസന്ധിയെന്നും മുഖം രക്ഷിക്കാനുള്ള സർക്കാർ ശ്രമത്തിൽ പ്രതിപക്ഷം പങ്കാളിയാകില്ലെന്നും പ്രതിപക്ഷ നേതാവ് വിശദീകരിച്ചു. സിപിഎമ്മുമായി ചേർന്നുള്ള ഒരു സമരത്തിനും യു.ഡി.എഫ് ഇല്ലെന്നും അറിയിച്ചു. ബിജെപിയേയും സിപിഎമ്മിനേയും ഒരുപോലെ ആക്രമിക്കുന്ന രീതിയാണ് പ്രതിപക്ഷം ഇനി സ്വീകരിക്കുകയെന്നാണ് സതീശന്റെ വാക്കുകൾ നൽകുന്ന സൂചന.

മുഖ്യമന്ത്രിയുടെ മകൾക്ക് എതിരായ മാസപ്പടി ആരോപണം അഴിമതി വിരുദ്ധ നിയമത്തിന്റെയും കള്ളപ്പണം വെളുപ്പിക്കലിന്റെയും പരിധിയിൽ വരുന്നതിനാൽ അന്വേഷണം വേണമെന്നാണ് രജിസ്ട്രാർ ഓഫ് കമ്പനീസ് റിപ്പോർട്ടിൽ ശിപാർശ ചെയ്തിരിക്കുന്നത്. എന്നിട്ടും സിബിഐയോ ഇ.ഡിയോ അന്വേഷിക്കേണ്ട കേസ് കോർപറേറ്റ് കാര്യം മന്ത്രാലയം എന്തിനാണ് അന്വേഷിക്കുന്നതെന്ന് മനസിലാകുന്നില്ല. എക്സാലോജിക് കമ്പനിക്ക് അവരുടെ ഭാഗം പറയാൻ അവസരം കിട്ടിയില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. എന്നാൽ അവസരം നൽകിയിട്ടും ഒരു രേഖയും ഹാജരാക്കിയില്ലെന്നാണ് രജിസ്ട്രാർ ഓഫ് കമ്പനീസ് റിപ്പോർട്ടിൽ പറയുന്നത്. പണം കൈമാറിയതും നികുതി അടച്ചതും അല്ലാതെ ഒരു രേഖയും കമ്പനിയുടെ കയ്യിലില്ല. അതുകൊണ്ടാണ് കള്ളപ്പണം വെളുപ്പിച്ചു എന്ന കണ്ടെത്തലിലേക്ക് രജിസ്ട്രാർ ഓഫ് കമ്പനീസ് എത്തിയത്. മുഖ്യമന്ത്രിക്കും ഇതിൽ പങ്കുണ്ട്. മുഖ്യമന്ത്രി ഇല്ലെങ്കിൽ മറ്റൊരു കമ്പനിക്ക് മകളുടെ കമ്പനിയിലേക്ക് പണം കൊടുക്കേണ്ട ആവശ്യം ഇല്ലല്ലോ. പണം നൽകിയ വിവരം ആലുവയിലെ കമ്പനി കെ.എസ്‌ഐ.ഡി.സിയെയോ ബോർഡ് ഓഫ് ഡയറക്ടേഴ്സിനെയോ അറിയിച്ചില്ല.

രജിസ്ട്രാർ ഓഫ് കമ്പനീസ് റിപ്പോർട്ട് നൽകിയിട്ടും സിബിഐ, ഇ.ഡി അന്വേഷണങ്ങൾക്ക് കേന്ദ്ര സർക്കാർ എന്തുകൊണ്ട് ഉത്തരവ് നൽകുന്നില്ല എന്നതാണ് ശ്രദ്ധേയം. ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണ നിലനിൽക്കുന്ന എന്നാണ് ഞങ്ങൾ സംശയിക്കുന്നത്. എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ മകളെ എ.കെ ബാലൻ ന്യായീകരിക്കുന്നത്. കമ്പനികൾ തമ്മിലുള്ള ഇടപാടിനെ കുറിച്ച് എ.കെ ബാലനും സിപിഎമ്മിനും അറിയാമോ? സിപിഎം ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ടോ? എന്നാൽ എ.കെ ബാലൻ ഈ രേഖകൾ മുഴുവൻ ഹാജരാക്കട്ടെ. ഇൻകം ടാക്സ് ഇന്ററീംസെറ്റിൽമെന്റ് ബോർഡിനും രജിസ്ട്രാർ ഓഫ് കമ്പനീസിന് മുന്നിലും ഹാജരാക്കത്ത രേഖകൾ എ.കെ ബാലൻ ഹാജരാക്കട്ടെ. അല്ലാതെ വെറുതെ പറഞ്ഞിട്ട് കാര്യമില്ല.

കർണാടക സർക്കാരാണ് സിബിഐ അന്വേഷണത്തിന് ആവശ്യപ്പെടേണ്ടതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറയുന്നത് തെറ്റിദ്ധാരണയിലാണ്. കൊലപാതകം, അഴിമതി കേസുകളിലാണ് സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിടേണ്ടത്. ഇത് കേരളത്തിലും കർണാടകത്തിലുമായി നടന്ന കുറ്റകൃത്യമാണ്. പാർലമെന്റ് പാസാക്കിയ കേന്ദ്ര നിയമങ്ങളുടെ ഭാഗമായാണ് ഇൻകംടാക്സ് ഇന്ററീംസെറ്റിൽമെന്റ് ബോർഡ്, രജിസ്ട്രാർ ഓഫ് കമ്പനീസ് എന്നീ സ്റ്റാറ്റിയൂട്ടറി അഥോറിറ്റികൾ ഉണ്ടാക്കിയിരിക്കന്നത്.

ഇതിൽ രജിസ്ട്രാർ ഓഫ് കമ്പനീസാണ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. കർണാടക സർക്കാരിനോ കേരള സർക്കാരിനോ ഇതിൽ ഒരു കാര്യവുമില്ല. എന്നിട്ടാണ് കർണാടക സർക്കാർ അന്വേഷണം നടത്തണമെന്ന് മുരളീധരൻ പറയുന്നത്. മുരളീധരനും പിണറായി വിജയനും തമ്മിൽ സെറ്റിൽമെന്റുണ്ട്. എല്ലാത്തിനും ഇടനിലക്കാരനായി പ്രവർത്തിച്ചത് മുരളീധരനാണ്. അതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ മകൾക്കെതിരായ ആരോപണം സിബിഐയും ഇ.ഡിയും അന്വേഷിക്കാതെ കോർപറേറ്റ് കാര്യ മന്ത്രാലയത്തെ ഏൽപ്പിച്ചത്. സ്റ്റാറ്റിയൂട്ടറി അഥോറിറ്റിയേക്കാൾ വലുതാണോ ഒരു മന്ത്രാലയം?

ഇടനിലക്കാരനായി പ്രവർത്തിച്ചതിന് മുരളീധരനും ഈ കേസിലെ പ്രതിയാണ്. പിണറായി വിജയനും സംഘപരിവാറും തമ്മിലുള്ള എല്ലാ സെറ്റിൽമെന്റുകളുടെയും ഇടനിലക്കാരനാണ് വി. മുരളീധരൻ. സ്വർണക്കടത്ത്, ലാവലിൻ, ലൈഫ്മിഷൻ കോഴ കേസുകളിൽ പിണറായി സംഘപരിവാറുമായി സെറ്റിൽമെന്റുണ്ടാക്കിയത് മുരളീധരന്റെ ഇടനിലയിലാണ്. അതിന് പകരമായാണ് മുരളീധരന്റെ സ്വന്തം ആളായ കെ. സുരേന്ദ്രനെ പിണറായി വിജയൻ കുഴൽപ്പണ ഇടപാടിൽ നിന്നും മാറ്റിക്കൊടുത്തത്. പരസ്പരം ധാരണായാണ്. എന്നിട്ടാണ് തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഗവർണറുമായി ഏറ്റുമുട്ടുന്നതും ഡൽഹിയിൽ സമരം ചെയ്യാൻ പോകുന്നതും. ആ കൈ കൂപ്പിയുള്ള നിൽപ്പുണ്ടല്ലോ, അത് എല്ലാത്തിനുമുള്ള മറുപടിയാണ്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇനിയും കേസുകളെടുക്കട്ടെ. യൂത്ത് കോൺഗ്രസിനെ കേരളത്തിലെ ഏറ്റവും വലിയ യുവജന ശക്തിയാക്കി മാറ്റാൻ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസ് തീരുമാനിച്ചിരിക്കുകയാണ്. അതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. എത്ര കേസുകൾ വേണമെങ്കിലും എടുക്കട്ടെ. സംസ്ഥാന സർക്കാരുമായി ചേർന്ന് ഡൽഹിയിൽ പോയി സമരം ചെയ്യാനുള്ള മുഖ്യമന്ത്രിയുടെ ക്ഷണം നിരസിക്കാൻ യു.ഡി.എഫ് യോഗം ഏകകണ്ഠമായി തീരുമാനിച്ചു. ക്ഷണം സ്വീകരിക്കരുതെന്നും സർക്കാരിന്റെ കെണിയിൽ വീഴരുതെന്നുമാണ് എല്ലാ ഘടകകക്ഷി നേതാക്കളും ആവശ്യപ്പെട്ടത്. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കാൻ യു.ഡി.എഫ് യോഗം പ്രതിപക്ഷ നേതാവിനെ ചുമതലപ്പെടുത്തി. ഇക്കാര്യം കത്തിലൂടെ അറിയിക്കും.

സംസ്ഥാനത്തിന്റെ ധനപ്രതിസന്ധിക്ക് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയും കഴിവുകേടുമാണ്. ധനപ്രതിസന്ധിക്കുള്ള നിരവധി കാരണങ്ങളിൽ ഒന്നുമാത്രമാണ് കേന്ദ്രത്തിന്റെ അവഗണന. ഇക്കാര്യം ചൂണ്ടിക്കാട്ടി യു.ഡി.എഫ് എംപിമാർ കേന്ദ്ര ധനകാര്യമന്ത്രിയെ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. 14-ാം ധനകാര്യ കമ്മിഷനിൽ നിന്നും പതിനഞ്ചിലേക്ക് എത്തിയപ്പോൾ സംസ്ഥാനങ്ങളുടെ വിഹിതം കുറഞ്ഞിട്ടുണ്ട്. വിഹിതം കുറയ്ക്കരുതെന്നാണ് രാജ്യത്തൊട്ടാകെ കോൺഗ്രസ് സ്വീകരിച്ചിരിക്കുന്ന നിലപാട്.

കൃത്യമായി അക്കൗണ്ട് നൽകാത്തതിലൂടെ സംസ്ഥാനത്തിന് 30000 രൂപയാണ് നഷ്ടമായത്. സ്വർണത്തിൽ നിന്നും നികുതി പിരിക്കാതെ പതിനായിരക്കണക്കിന് കോടി രൂപയാണ് നഷ്ടപ്പെട്ടത്. ബാറിൽ നിന്നും ആയിരക്കണക്കിന് കോടിയും ജി.എസ്.ടിക്ക് അനുകൂലമായ നികുതി ഭരണഘടന പരിഷ്‌ക്കരിക്കാത്തതിലൂടെ കോടികളുടെ നഷ്ടവുമാണുണ്ടാകുന്നത്. ചെക്ക്പോസ്റ്റും ക്യാമറകളും പരിശോധനയും ഇല്ലാതെ കേരളത്തെ നികുതി വെട്ടിപ്പുകാരുടെ പറുദീസയാക്കി ഈ സർക്കാർ മാറ്റിയിരിക്കുകയാണ്. ധനപ്രതിസന്ധിയുടെ പൂർണഉത്തരവാദിത്തം ഈ സർക്കാരിനാണ്. അതിൽ നിന്നും കൈകഴുകുന്നതിനും ജനങ്ങളെ കബളിപ്പിക്കുന്നതിനും വേണ്ടിയാണ് ഇത്രകാലും ഇല്ലാതിരുന്ന സമരവുമായി ഇപ്പോൾ ഡൽഹിയിലേക്ക് പോകുന്നത്.

സമരത്തിൽ പങ്കെടുക്കുമോയെന്ന് യു.ഡി.എഫ് അറിയിക്കുന്നതിന് മുൻപെ എൽ.ഡി.എഫ് സമരം പ്രഖ്യാപിച്ചിട്ട് വേണമെങ്കിൽ വന്നാൽ മതിയെന്ന നിലപാടിലാണ് സർക്കാർ സ്വീകരിച്ചത്. ഇവർക്ക് പിന്നാലെ ആര് പോകും. ഇവരുമായി ചേർന്നുള്ള ഒരു സമരത്തിനും ഞങ്ങൾ ഇല്ല. ഇത് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും സർക്കാരാണ്. സംസ്ഥാനത്തെ മുച്ചൂടും തകർത്ത സർക്കാർ മുഖം രക്ഷിക്കാൻ നടത്തുന്ന ഒരു ശ്രമത്തിലും യു.ഡി.എഫ് പങ്കാളികളാകില്ല-സതീശൻ പറഞ്ഞു.