- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജെഡിയു ഫാക്ടറും ചർച്ചയിലേക്ക്
കൊച്ചി: പത്മജാ വേണുഗോപാലിനെ ബിജെപിയിൽ എത്തിച്ചതിന് പിന്നിൽ മുൻ ഐ.പി.എസ് ഓഫീസർ ആണെന്നതിന് തെളിവുകളുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിഷേധിച്ചാൽ തെളിവുകൾ ഹാജരാക്കാം. കുറേക്കാലമായി സിപിഎം- ബിജെപി ഇടനിലക്കാരനായാണ് ബഹ്റ പ്രവർത്തിക്കുന്നത്. പിണറായിയുടെ അനുമതിയോടെയാണ് പത്മജയുടെ ബിജെപി പ്രവേശനത്തിന് ഇടനിലക്കാരനായി ബഹ്റ പ്രവർത്തിച്ചത്-സതീശൻ പറഞ്ഞു. ആരോപണങ്ങൾ നേരത്തെ ബെഹ്‌റ നിഷേധിച്ചിരുന്നു. അതിന് ശേഷവും കോൺഗ്രസ് ആരോപണം തുടരുകയാണ്.
പത്മജ ബിജെപിയിൽ ചേർന്നപ്പോൾ ഏറ്റവും കൂടുതൽ ആഹ്ലാദവും സിപിഎമ്മിനായിരുന്നു. മാത്യു ടി തോമസിന്റെ പാർട്ടി എൻ.ഡി.എയിൽ തുടരുമ്പോഴാണ് ചാലക്കുടിയിൽ അദ്ദേഹം ബിജെപിക്കെതിരെ പ്രസംഗിച്ചത്. എൻ.ഡി.എ ഘടകകക്ഷിയായ ജനതാദള്ളിനെ പുറത്താക്കാൻ പിണറായിക്ക് ധൈര്യമുണ്ടോ? അതോ ബിജെപിയുമായുള്ള ധാരണയാണോ? മന്ത്രി കൃഷ്ണൻ കുട്ടിയെ പുറത്താക്കാൻ പിണറായിക്ക് ധൈര്യമുണ്ടോ? മന്ത്രിസഭയിൽ തുടരാൻ അനുവദിക്കുമെന്നത് പിണറായിയും ബിജെപിയും തമ്മിലുള്ള ധാരണയാണ്. കരുവന്നൂർ, മാസപ്പടി അന്വേഷണങ്ങൾ എവിടെ പോയി?-സതീശൻ ചോദിച്ചു.
എന്തൊരു നാണംകെട്ട പാർട്ടിയാണ് കോൺഗ്രസെന്നാണ് മുഖ്യമന്ത്രി ചോദിച്ചത്. 16 വർഷം സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന ആളാണ് പിണറായി വിജയൻ. പിണറായി പാർട്ടി സെക്രട്ടറിയായിരുന്നപ്പോഴാണ് മുൻ ധനകാര്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണ കേസിൽ ഉൾപ്പെടെ പ്രതിയായിരുന്ന വിശ്വനാഥ മേനോൻ ബിജെപിയിൽ ചേർന്ന് സ്ഥാനാർത്ഥിയായി മത്സരിച്ചു. പിണറായി സെക്രട്ടറിയായി ഇരിക്കുമ്പോഴാണ് അൽഫോൻസ് കണ്ണന്താനം പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്. പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന് മന്ത്രിയായ കണ്ണന്താനത്തിന് വിരുന്ന് നൽകിയ ആളാണ് പിണറായി. അപ്പോൾ പിണറായി പാർട്ടി സെക്രട്ടറി ആയിരുന്നപ്പോൾ സിപിഎം നാണംകെട്ട പാർട്ടിയായിരുന്നോ?-സതീശൻ ചോദിച്ചു.
ഏറ്റവും മുതിർന്ന നേതാവ് പാർട്ടി വിട്ടപ്പോൾ ആ നാണംകെട്ട പാർട്ടിയുടെ തലപ്പത്ത് പിണറായി വിജയനല്ലേ ഇരുന്നിരുന്നത്? ബംഗാളിലും ത്രിപുരയിലുമുള്ള സിപിഎം നേതാക്കൾ ബിജെപിയിലും തൃണമൂൽ കോൺഗ്രസിലുമാണ്. പാർട്ടി സെക്രട്ടറിയെയും പാർട്ടിയെയും പിണറായി പറഞ്ഞതു പോലെ നാണംകെട്ട എന്ന് വിശേഷിപ്പിക്കുന്നില്ല. 77 ൽ ആർ.എസ്.എസ് പിന്തുണയിൽ ജയിച്ച ആളാണ് പിണറായി. ബിജെപിയുമായുള്ള ബന്ധത്തിൽ 38 തവണയാണ് ലാവലിൻ കേസ് മാറ്റിയത്. ഇവർക്കെതിരെയുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങളൊക്കെ എവിടെ പോയി? കരുവന്നൂരിലെ ഇ.ഡി അന്വേഷണം ധാരണയായോ? ബിജെപി രണ്ടാം സ്ഥാനത്ത് വരുമെന്ന് പറയുന്ന ഇ.പി ജയരാജൻ എൽ.ഡി.എഫ് കൺവീനറാണോ അതോ എൻ.ഡി.എ ചെയർമാനാണോ?-സതീശൻ കൂട്ടിച്ചേർത്തു.
ബിജെപി രണ്ടാം സ്ഥാനത്ത് വന്നാൽ അവിടെയൊക്കെ എൽ.ഡി.എഫ് മൂന്നാം സ്ഥാനത്ത് വരുമെന്നാണ്. വായിൽ തോന്നുന്നത് വിളിച്ച് പറയുകയാണ്. പിണറായിയെയും കുടുംബത്തെയും രക്ഷിക്കാനാണ് ഇല്ലാത്ത സ്പേസ് ബിജെപിക്ക് സിപിഎം കേരളത്തിൽ ഉണ്ടാക്കിക്കൊടുക്കുകയാണെന്നും ആരോപിച്ചു. യു.ഡി.എഫിന്റെ വടകര, ആലപ്പുഴ, തൃശൂർ സ്ഥാനാർത്ഥികൾ സിപിഎമ്മിനെയും ബിജെപിയെയും ഞെട്ടിച്ചു. ആ ഞെട്ടൽ തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ഇരട്ടിയാകും.
യു.ഡി.എഫിന് വടകരയിൽ അവതരിപ്പിക്കാൻ പറ്റുന്ന മിടുമിടുക്കനായ സ്ഥാനാർത്ഥിയാണ് ഷാഫി പറമ്പിൽ. കേരളത്തിൽ ഒരിടത്തും അക്കൗണ്ട് തുറക്കാൻ ബിജെപിയെ അനുവദിക്കില്ല-സതീശൻ പറഞ്ഞു.