- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎം പ്രവർത്തിക്കുന്നത് ദല്ലാൾ നന്ദകുമാറിന്റെ ഫോണിൽ
കൊച്ചി: എസ്.എഫ്.ഐയുടെ കൊടുക്രൂരത വീണ്ടുമൊരു മരണത്തിന് കൂടി ഇടയാക്കിയിരിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരള സർവകലാശാല യുവജനോത്സവത്തിൽ വിധി കാർത്താവായി വിളിച്ചുവരുത്തിയ ആൾ ഇവർ പറഞ്ഞത് കേൾക്കാത്തതിന് മുറിയിൽ കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു. മർദ്ദനത്തിലും അപമാനത്തിലും മനംനൊന്ത അദ്ദേഹം വീട്ടിൽ പോയി ആത്മഹത്യ ചെയ്തു. 51 വയസുള്ള, ഇവന്റെയൊക്കെ അച്ഛനാകാൻ പ്രായമുള്ള നൃത്താധ്യാപകനെയാണ് മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചത്. സിദ്ധാർത്ഥിന്റെ മരണത്തിലും കണ്ണ് തുറക്കാത്ത എസ്.എഫ്.ഐ ക്രിമിനലുകൾ കേരളത്തെ വെല്ലുവിളിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സിദ്ധാർത്ഥിന്റെ മരണത്തിന് ശേഷമാണ് കൊയിലാണ്ടിയിൽ അമലിനെ ഇടി മുറിയിൽ കൊണ്ടു പോയി മർദ്ദിച്ചത്. ഇതിന് പിന്നാലെയാണ് സർവകലാശാല കലോത്സവത്തിന് എത്തിയ കെ.എസ്.യു യൂണിയൻ ഭാരവാഹികളെയും പ്രവർത്തകരെയും മർദ്ദിച്ചത്. ഇതിനും പിന്നാലെയാണ് 51 വയസുകാരനെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചത്. ഞാൻ നിരപരാധിയാണെന്ന് എഴുതിവച്ചാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. ഇവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കിക്കൊടുത്തിരിക്കുന്ന തണലിലാണ് ഈ ക്രിമിനലുകൾ അഴിഞ്ഞാടുന്നത്. രക്ഷകർത്താക്കൾ രംഗത്തിറങ്ങി ഈ ക്രിമിനൽ സംഘത്തിൽ നിന്നും നമ്മുടെ കുട്ടികളെ രക്ഷിക്കേണ്ട സ്ഥിതിയാണ് കേരളത്തിൽ നിലനിൽക്കുന്നത്. എന്ത് ധൈര്യത്തിലാണ് ഞങ്ങൾ മക്കളെ കോളജിൽ അയയ്ക്കുന്നതെന്ന് മാതാപിതാക്കൾ ചോദിക്കുന്ന അവസ്ഥയിലേക്ക് ഈ ക്രിമിനലുകൾ കേരളത്തെ എത്തിച്ചിരിക്കുന്നു. ക്രിമിനലുകളെ നിയന്ത്രിക്കാൻ പൊതുസമൂഹം ഒന്നാകെ രംഗത്ത് ഇറങ്ങുന്ന സ്ഥിതിയുണ്ടാക്കരുതെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുന്നു.
എഫ്‌സിഐ ഗോഡൗണിലെ അരി വില കൂട്ടി ബിജെപിക്കാരെ കൊണ്ട് വിറ്റഴിച്ച കേന്ദ്ര സർക്കാരിന്റെയും മോദിയുടെയും നടപടി അൽപത്തരമെന്നാണ് എല്ലാവരും ആക്ഷേപിച്ചത്. കേരള മുഖ്യമന്ത്രിയും അൽപത്തരമാണെന്നാണ് പറഞ്ഞത്. എന്നാൽ അതിനേക്കാൾ വലിയ അൽപത്തരമാണ് കേരള അരിയുടെ പേരിൽ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്. നേരത്തെ പത്ത് കിലോ അരി നേരത്തെ തന്നെ കാർഡുടമകൾക്ക് നൽകിയിരുന്നതാണ്. അന്ന് ജയ, മട്ട, കുറുവ അരി ഇഷ്ടാനുസരണം വാങ്ങാനുള്ള സംവിധാനമുണ്ടായിരുന്നു. ആ പത്ത് കിലോയിൽ ജയ, മട്ട, കുറുവ അരി വാങ്ങുന്നത് അഞ്ച് കിലോ ആയി പരിമിതപ്പെടുത്തി. ബാക്കി അഞ്ച് കിലോയുടെ കാര്യം ആലോചിക്കാമെന്നാണ് വകുപ്പ് മന്ത്രി തന്നെ പറയുന്നത്. അപ്പോൾ കെ- റൈസിന്റെ പേരിൽ കൂടുതൽ അരിയല്ല നൽകുന്നത്. കെ റൈസ് ഉദ്ഘാടനം കഴിഞ്ഞതോടെ ഒരിടത്തും അരിയില്ലാത്ത അവസ്ഥയാണ്. ആകെയുള്ളത് കെ റൈസ് എന്ന് എഴുതിയ സഞ്ചി മാത്രമാണ് പുതുതായി വന്നത്. ഇവർ എന്തിനാണ് ജനങ്ങളെ കബളിപ്പിക്കുന്നത്. ഇപ്പോൾ തന്നെ ജനങ്ങൾ പ്രതിസന്ധിയിലാണ്. ജീവിക്കാൻ നിവൃത്തിയില്ലാത്ത ജനങ്ങളെ കബളിപ്പിക്കരുതെന്നാണ് മുഖ്യമന്ത്രിയോടും ഭക്ഷ്യമന്ത്രിയോടും അഭ്യർത്ഥിക്കാനുള്ളത്.
ഇ.പി ജയരാജൻ എൽ.ഡി.എഫ് കൺവീനറാണോ എൻ.ഡി.എ കൺവീനറാണോയെന്ന് സംശയമുണ്ട്. കേരളത്തിലെ സംഘപരിവാർ ശക്തികളുടെ ബി ടീം ക്യാപ്ടനാണ് ജയരാജൻ. അതേ ടീമിന്റെ നോൺ പ്ലേയിങ് ക്യാപ്റ്റനും കോച്ചുമാണ് പിണറായി വിജയൻ. ബിജെപിയുടെ തിരുവനന്തപുരം, ആറ്റിങ്ങൽ, തൃശൂർ, കോഴിക്കോട് സ്ഥാനാർത്ഥികൾ മികച്ചവരാണെന്നാണ് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ പറയുന്നത്. തിരുവനന്തപുരത്തെ സ്ഥാനാർത്ഥിയോട് ജയരാജന് പ്രത്യേക മമതയുണ്ട്. കേരളത്തിലെ സിപിഎമ്മിന് ബിജെപിയുമായി അന്തർധാര മാത്രമല്ല, ബിജെപി നേതാക്കളുമായി സിപിഎം നേതാക്കൾ ബിസിനസ് പാർട്ണർഷിപ്പും തുടങ്ങിയിരിക്കുകയാണ്. ഇ.പി ജയരാജനും കുടുംബത്തിനും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് പാർട്ണർഷിപ്പുണ്ട്. അന്തർധാരയ്ക്കും ധാരണയ്ക്കും പിന്നാലെയാണ് ഇപ്പോൾ സിപിഎം- ബിജെപി നേതാക്കൾ തമ്മിലുള്ള ബിസിനസ് ബന്ധം. കേരളത്തിലെ സിപിഎമ്മുമായി ധാരണ ഉണ്ടായിരുന്നെന്നും അത് നിഷേധിക്കാനാകില്ലെന്നും ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസറിന്റെ എഡിറ്റർ ബാലശങ്കർ വെളിപ്പെടുത്തിയിട്ടുണ്ട്. ആ ബന്ധം ഇപ്പോഴും തുടരുകയാണ്. സ്വന്തം പാർട്ണറെ ജയരാജൻ തള്ളിപ്പറയില്ല. ബിജെപിക്ക് ഇല്ലാത്ത സ്പേസ് സിപിഎം ഉണ്ടാക്കിക്കൊടുക്കുകയാണ്. എന്ത് ധാരണയുണ്ടെങ്കിലും കേരളത്തിൽ അക്കൗണ്ട് തുറക്കാൻ ബിജെപിയെ കോൺഗ്രസും യു.ഡി.എഫും അനുവദിക്കില്ല.
കേരളത്തിൽ നിന്നും പ്രാധാന്യമുള്ള ഒരാളും ബിജെപിയിൽ ചേർന്നിട്ടില്ല. കേരളത്തിലെ ബിജെപി കോൺഗ്രസിനെ ചൊറിയാൻ വരേണ്ട. അതിന് ശക്തമായ തിരിച്ചടി കിട്ടും. ദല്ലാൾ നന്ദകുമാറാണ് സിപിഎം ഇടനിലക്കാരനായി നിൽക്കുന്നത്. തൃക്കാക്കര തെരഞ്ഞെടുപ്പ് കാലത്ത് പലരെയും കാലുമാറ്റാൻ സിപിഎം ശ്രമിച്ചിട്ടുണ്ട്. പക്ഷെ ഒന്നും നടന്നില്ല. ദല്ലാൾ നന്ദകുമാറിന്റെ ഫോണിലാണ് സിപിഎം പ്രവർത്തിക്കുന്നത്. നന്ദകുമാറുമായി ഒരു ബന്ധവും ഇല്ലെന്ന് പറയാൻ എം.വി ഗോവിന്ദന് ധൈര്യമുണ്ടോ? ജീർണത സംഭവിച്ച പാർട്ടിയായി സിപിഎം മാറിയിരിക്കുകയാണ്. എന്നെ അറസ്റ്റ് ചെയ്താൽ മുഖ്യമന്ത്രിയുടെ ഓമന മകളെ ഒരാഴ്ചയ്ക്കകം ജയിലിലാക്കുമെന്ന് വ്യവസായ പ്രമുഖൻ വിളിച്ചു പറഞ്ഞിട്ട് ഒരുത്തനും മിണ്ടിയില്ലല്ലോ. നട്ടെല്ലുള്ള ഒരു സിപിഎമ്മുകാരനും മറുപടി പറയാൻ ഉണ്ടായില്ലല്ലോ? അപ്പോൾ പേടിയുണ്ട്.
സി.എ.എ കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് ജനങ്ങളെ കബളിപ്പിക്കലാണ്. എന്തെങ്കിലും ആത്മാർത്ഥയുണ്ടെങ്കിൽ 2019-ലെ സി.എ.എ സമരത്തിന്റെ പേരിൽ എടുത്ത കേസുകൾ പിൻവലിക്കാനാണ് പിണറായി ആദ്യം തയാറാകേണ്ടത്-സതീശൻ വിശദീകരിച്ചു.