- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായിയെ കടന്നാക്രമിച്ച് സതീശൻ
കൊച്ചി: കേരളം ഭരിക്കുന്നത് ബിജെപിയെ ഭയമുള്ള ഭീരുക്കളാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎം മത്സരിക്കുന്നത് ബിജെപിയെ പരാജയപ്പെടുത്താനല്ല, കൊടിയും ചിഹ്നവും നഷ്ടപ്പെടാതിരിക്കാനാണ്. പിണറായിയും സിപിഎമ്മും പൗരത്വ നിയമത്തെ കുറിച്ച് മാത്രം സംസാരിക്കുന്നത് സി.എ.എ കേസുകൾ പിൻവലിക്കാത്തതും സർക്കാരിനെതിരായ ജനരോഷവും ബിജെപി- സിപിഎം ബാന്ധവവും മറച്ചുവയ്ക്കാനാണ്. രാഷ്ട്രപതിക്കെതിരെ കോടതിയെ സമീപിച്ചത് തിരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ഈ തെരഞ്ഞെടുപ്പോടെ കോൺഗ്രസിന്റെ മയ്യത്തെടുക്കുമെന്നാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും പാർട്ടി വക്താവുമായ എ.കെ ബാലൻ പറയുന്നത്. കോൺഗ്രസ് പരാജയപ്പെട്ടാൽ പിന്നെ ആര് ജയിക്കുമെന്നാണ് ബാലൻ പറയുന്നത്? പത്തോ പതിനെട്ടോ സീറ്റിൽ മാത്രം മത്സരിക്കുന്ന സിപിഎം അല്ലല്ലോ ജയിക്കുന്നത്. ബിജെപി ജയിക്കുമെന്നാണ് സിപിഎം നേതാവ് പറയുന്നത്. സിപിഎം നേതാക്കളെല്ലാം ബിജെപിക്ക് സ്പേസ് ഉണ്ടാക്കിക്കൊടുക്കാനുള്ള തിരക്കിലാണ്. ബിജെപി നിരവധി സ്ഥലങ്ങളിൽ രണ്ടാം സ്ഥാനത്ത് എത്തുമെന്നും മിടുക്കരായ സ്ഥാനാർത്ഥികളുണ്ടെന്നുമാണ് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ പറഞ്ഞത്. ഇപ്പോൾ രാജ്യത്ത് തന്നെ കോൺഗ്രസിന്റെ മയ്യത്തെടുക്കാൻ പോകുകയാണെന്നാണ് മറ്റൊരു കേന്ദ്ര കമ്മിറ്റി അംഗം പറഞ്ഞിരിക്കുന്നത്. ബിജെപിയെ ഭയന്നാണ് കേരളത്തിലെ സിപിഎം നിൽക്കുന്നത്. അന്വേഷണം ഉണ്ടാക്കിയ അനിശ്ചിതത്വത്തെ തുടർന്നുള്ള ഭയം കൊണ്ടാണ് പിണറായി വിജയൻ അനുയായികളെക്കൊണ്ട് ബിജെപിയെ സന്തോഷിപ്പിക്കുന്ന പ്രസ്താവനകൾ പുറപ്പെടുവിപ്പിക്കുന്നത്. സിപിഎം മത്സരിക്കുന്നത് പാർട്ടിയുടെ അംഗീകാരവും ചിഹ്നവും സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നാണ് എ.കെ ബാലൻ പറയുന്നത്. അംഗത്വമില്ലെങ്കിൽ ഈനാംപേച്ചിയുടെയും മരപ്പട്ടിയുടെയുമൊക്കെ ചിഹ്നത്തിൽ മത്സരിക്കേണ്ടി വരുമെന്നാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പറയുന്നത്. കേരളത്തിൽ മാത്രം അവശേഷിക്കുന്ന സിപിഎം വംശനാശം നേരിടുകയാണ്. ഇവർ മത്സരിക്കുന്നത് ബിജെപിയെ പരാജയപ്പെടുത്താനല്ല. അംഗീകാരവും കൊടിയും ചിഹ്നവും നഷ്ടപ്പെടാതിരിക്കാൻ സിപിഎം മത്സരിക്കുമ്പോൾ, വർഗീയ ഫാസിസ്റ്റ് ശക്തികളെ താഴെയിറക്കി അധികാരത്തിലേറാനാണ് കോൺഗ്രസ് മത്സരിക്കുന്നത്. ഈനാംപേച്ചിയുടെയും മരപ്പട്ടിയുടെയും ചിഹ്നത്തിൽ മത്സരിക്കേണ്ടി വരുമെന്ന് അണികളെ ബോധ്യപ്പെടുത്തേണ്ട ഗതികേടിലേക്ക് സിപിഎം നേതാക്കൾ അധപതിച്ചു.
രാഷ്ട്രപതിക്കും ഗവർണർക്കും എതിരെ സുപ്രീം കോടതിയെ സമീപിച്ചത് തിരഞ്ഞെടുപ്പ് സ്റ്റണ്ടാണ്. ഇത്രയും കാലം ഇവർ എവിടെയായിരുന്നു? നേരത്തെ കേന്ദ്ര 57600 കോടി തരാനുണ്ടെന്നാണ് പറഞ്ഞതെങ്കിലും കേസ് നൽകിയപ്പോൾ കടം എടുക്കാൻ അനുവദിക്കണമെന്ന് മാത്രമാണ് കോടതിയിൽ ആവശ്യപ്പെട്ടത്. 13700 കോടി രൂപ കോടതിയിൽ പോയില്ലെങ്കിലും കിട്ടും. കടമെടുപ്പ് പരിധി വർധിപ്പിക്കണമെന്ന ആവശ്യത്തിൽ സുപ്രീംകോടതി ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ഇപ്പോൾ നൽകിയിരിക്കുന്ന കേസും തിരഞ്ഞെടുപ്പ് സ്റ്റണ്ടും ഗിമ്മിക്കും മാത്രമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ കേന്ദ്രവുമായി സമരത്തിലാണെന്ന് കാണിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടിയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
കർണാടകയിൽ എൻ.ഡി.എ ഘടകകക്ഷിയായ ജനാതാദൾ എസ് ഇപ്പോഴും മന്ത്രിസഭയിൽ തുടരുന്നത് എന്തുകൊണ്ടാണ്? ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം അനുസരിച്ചാണ് മന്ത്രി കൃഷ്ണൻ കുട്ടിയെയും അദ്ദേഹത്തിന്റെ പാർട്ടിയെയും പുറത്താക്കാത്തത്. കൃഷ്ണകുട്ടിയും മാത്യൂ ടി. തോമസും കർണാടകത്തിൽ പോയാൽ ബിജെപി സ്ഥാനാർത്ഥികൾക്കു വേണ്ടി പ്രചരണം നടത്തേണ്ടി വരും. സിപിഎം നേതാക്കൾ ബിജെപി നേതാക്കളുമായി ബിസിനസ് പാർട്ണർഷിപ്പും രഹസ്യ ചർച്ചകളും നടത്തുന്നു. ബിജെപി ഭയത്തിൽ സംസ്ഥാന ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതൊക്കെ ചെയ്യിക്കുന്നത്. ഇത്രയും വലിയൊരു ഗതികേടിലാണ് സിപിഎം എത്തിനിൽക്കുന്നത്.
പൗരത്വ നിയമ പ്രക്ഷോഭത്തിനെതിരായ കേസുകൾ അഞ്ച് കൊല്ലമായിട്ടും പിൻവലിക്കാതിരുന്നതും ബിജെപിയെ സന്തോഷിപ്പിക്കുന്നതിനാണ്. അതേ പിണറായി വിജയനാണ് ഇപ്പോൾ പൗരത്വ നിയമത്തെ കുറിച്ച് സംസാരിക്കുന്നത്. എല്ലാ കാലത്തും കോൺഗ്രസാണ് പൗരത്വ നിയമത്തെ എതിർത്തത്. പിണറായി വിജയൻ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും പ്രതിപക്ഷം ഉത്തരം നൽകിയിട്ടുണ്ട്. എന്നിട്ടും മാസപ്പടി ഉൾപ്പെടെയുള്ള അഴിമതി സംബന്ധിച്ച ചോദ്യങ്ങൾക്ക് പിണറായി വിജയൻ ഉത്തരം നൽകുന്നില്ല. അപകടരമായ നിലയിലേക്കാണ് സിപിഎം- ബിജെപി ബാന്ധവം പോകുന്നത്. അവർ ഒന്നിച്ചു നിന്നാലും ഒരു സീറ്റിൽ പോലും അക്കൗണ്ട് തുറക്കാൻ ബിജെപിയെ അനുവദിക്കില്ല. കേരളത്തിൽ ബിജെപി സിപിഎം വളരെ വ്യക്തമാണ്. ബിജെപിക്ക് ഇല്ലാത്ത സ്പേസാണ് സിപിഎം ഉണ്ടാക്കിക്കൊടുക്കാൻ ശ്രമിക്കുന്നത്. സിപിഎം മുൻ എൽ.എൽ.എ യെച്ചൂരിയെയും കാരാട്ടിനെയും കാണാതെ ബിജെപി നേതാവ് പ്രകാശ് ജാവദേദ്ക്കറിനെ സന്ദർശിച്ചിട്ടും നടപടിയെടുക്കാൻ ധൈര്യമില്ലാത്ത പാർട്ടിയാണ് സിപിഎം. ബിജെപിയെ ഭയമുള്ള ഭീരുക്കളാണ് കേരളം ഭരിക്കുന്നത്.
ബംഗാളിൽ നാലും അഞ്ചും സ്ഥാനത്താണ് സിപിഎം സ്ഥാനാർത്ഥികൾ. ഇല്ലാതായിക്കൊണ്ടിരിക്കുന്ന ആ പാർട്ടിയാണ് കോൺഗ്രസിന്റെ മയ്യത്തെടുക്കാൻ നടക്കുന്നത്. ഞങ്ങളുടെ പ്രവർത്തകരെ മർദ്ദിക്കുകയും കൊല്ലുകയും ജയിലിലാക്കുകയും ചെയ്യുന്ന ക്രൂരന്മാരുടെ പാർട്ടിയാണ് കേരളത്തിലെ സിപിഎം. മുഖ്യമന്ത്രി എന്തിനാണ് ആർ.എസ്.എസ് നേതാക്കളുമായി ചർച്ച നടത്തിയത്. മധ്യസ്ഥത വഹിച്ച ശ്രീ എമ്മിന് ഭൂമി പതിച്ച് കൊടുത്തത് എന്തിനാണ്? ഇതിനൊന്നും മറുപടിയില്ല. എന്നിട്ടാണ് ബിജെപിയുടെ ബി ടീമായി സിപിഎം പ്രവർത്തിക്കുന്നത്. സ്വയം കൃതാനാർത്ഥമാണ് സിപിഎം തകർന്നത്. കേരളത്തിൽ സിപിഎമ്മിന്റെ കാലനായി പിണറായി വിജയൻ മാറും. തീവ്ര വലതുപക്ഷ വ്യതിയാനത്തിലേക്ക് പിണറായി പോയി. ഇടതല്ല, ബൂർഷ്വാ പാർട്ടിയായി സിപിഎം മാറി. ബിജെപിയുടെ മറ്റൊരു ഫാഷിസ്റ്റ് പതിപ്പായി സിപിഎം മാറി. അവരുടെ അംഗീകാരം നിലനിർത്തേണ്ടത് കോൺഗ്രസിന്റെ പണിയല്ല.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് സിപിഎം നേതാക്കൾക്കെതിരായ എല്ലാ കേന്ദ്ര അന്വേഷണങ്ങളും നിലച്ചു. കരുവന്നൂർ, മാസപ്പടി കേസുകളിലും ഇപ്പോൾ ഒരു അന്വേഷണവുമില്ല. പിണറായി വിജയനെയും കുടുംബത്തെയും സിപിഎമ്മിനെയും ബിജെപി ഭയപ്പെടുത്തി നിർത്തിയിരിക്കുകയാണ്. എ.കെ ബാലൻ ഉൾപ്പെടെയുള്ളവർ കോൺഗ്രസ് വിരുദ്ധത പറഞ്ഞ് ബിജെപിയെ സന്തോഷിപ്പിക്കുകയാണ്. ബിജെപിയും സിപിഎമ്മും അങ്ങോട്ടും ഇങ്ങോട്ടും സഹായിക്കുകയാണ്. കൊടകര കുഴൽപ്പണ കേസിൽ ഒരു ബിജെപി നേതാവിനെതിരെയും കേസില്ല. ആർക്ക് വേണ്ടിയാണ് പണം കൊണ്ടുവന്നത്? പാവങ്ങൾക്ക് വിതരണം ചെയ്യാൻ കൊണ്ടു വന്നതാണോ? ആർക്ക് വേണ്ടിയാണ് പണം കൊണ്ടുവന്നതെന്ന് പറഞ്ഞാൽ കേരളത്തിലെ ബിജെപി അധ്യക്ഷൻ അകത്താകും. പിണറായി വിജയനാണ് അന്ന് സഹായിച്ചത്. അതേ സുരേന്ദ്രനാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് പറയുന്നത്. സുരേന്ദ്രൻ ജയരാജന്റെ പ്രസ്താവനയ്ക്ക് നന്ദി പറയുകയാണ്. കോൺഗ്രസ് വിരുദ്ധതയും കേന്ദ്ര ഏജൻസികളുടെ അന്വേഷണവുമാണ് ഇവരെ ഒന്നാക്കുന്നത്.
പൗരത്വ പ്രക്ഷോഭങ്ങൾക്കെതിരായ കേസുകൾ പിൻവലിക്കുമെന്ന വാക്ക് പാലിക്കാത്തതെ ബിജെപിക്കൊപ്പം ചേർന്നത് മറച്ചു വയ്ക്കാനും സർക്കാരിന് എതിരായ ജനരോഷം മറയ്ക്കാനും ബിജെപി- സിപിഎം ബാന്ധവം മറച്ചുവയ്ക്കാനുമാണ് പിണറായി വിജയൻ പൗരത്വ നിയമത്തെ കുറിച്ച് മാത്രം തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ സംസാരിക്കുന്നത്. മാസപ്പടിയെ കുറിച്ച് ചോദിച്ചാൽ ചെവി കേൾക്കാൻ പാടില്ലേയെന്ന് ചോദിക്കും. എല്ലാവരെയും വിമർശിക്കുന്ന പൊതുമരാമത്ത് മന്ത്രിയും മാസപ്പടിയെ കുറിച്ച് ചോദിച്ചാൽ നാവ് ഉപ്പിലിട്ട് വയ്ക്കും. മിണ്ടില്ല-സതീശൻ പറഞ്ഞു.