തിരുവനന്തപുരം: പാനൂരിലെ ബോംബ് നിർമ്മാണം പരാജയഭീതിയിലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തിരഞ്ഞെടുപ്പ് കാലത്ത് കലാപമുണ്ടാക്കാൻ സിപിഎമ്മിന്റെ ഗൂഢ നീക്കമാണ് നടന്നത്. പാർട്ടിക്ക് ബന്ധമില്ലെങ്കിൽ കൊല്ലപ്പെട്ടയാളുടെ വീട്ടിൽ നേതാക്കൾ പോയതെന്തിനെന്നും തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടയാൾ സിപിഎം രക്തസാക്ഷിയാകുമെന്നും സതീശൻ ആരോപിച്ചു. പാനൂർ സ്‌ഫോടനം സജീവ ചർച്ചയാക്കാൻ തന്നെയാണ് യുഡിഎഫ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് സതീശൻ കടന്നാക്രമണവുമായി എത്തിയത്.

പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ട ഷെറിന്റെ വീട്ടിലെത്തി സിപിഎം നേതാക്കൾ അനുശോചനം അറിയിത്തിരുന്നു. പാനൂർ ഏരിയ കമ്മിറ്റി അംഗം സുധീർ കുമാർ, പൊയിലൂർ ലോക്കൽ കമ്മറ്റി അംഗം എ.അശോകൻ എന്നിവരാണ് ഷെറിന്റെ വീട്ടിലെത്തിയത്. കൂത്തുപറമ്പ് എംഎൽഎ കെ.പി.മോഹനനും സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തു. ഷെറിനുമായോ ബോംബ് നിർമ്മാണവുമായോ ബന്ധമില്ലെന്ന് സിപിഎം ആവർത്തിക്കുന്നതിനിടെയാണ്, പ്രമുഖ പ്രാദേശിക നേതാക്കൾ ഷെറിന്റെ വീട്ടിലെത്തിയത്. ഈ വിഷയമാണ് പ്രതിപക്ഷ നേതാവ് ചർച്ചയാക്കുന്നത്.

രാഷ്ട്രീയ എതിരാളികളെ എന്തും ചെയ്യാൻ മടിക്കാത്ത മാഫിയ സംഘമായി സിപിഎം മാറിക്കഴിഞ്ഞു. പരാജയ ഭീതിയിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ അണികൾക്ക് ബോംബ് നിർമ്മണ പരിശീലനം നൽകുന്ന സിപിഎമ്മും തീവ്രവാദ സംഘടനകളും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്? പാനൂരിലെ ബോംബ് നിർമ്മാണവുമായി പാർട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് എം.വി ഗോവിന്ദൻ പറഞ്ഞതിന് പിന്നാലെയാണ് സിപിഎം പ്രാദേശിക നേതാക്കൾ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടയാളുടെ വീട്ടിലെത്തിയത്. ടി.പി ചന്ദ്രശേഖരൻ കൊലക്കേസിലും സിപിഎം ഇതുതന്നെയാണ് ചെയ്തത്. കൊലപാതകത്തിൽ ഒരു ബന്ധവുമില്ലെന്ന് പറയുമ്പോഴാണ് മുഖ്യമന്ത്രിയും സംസ്ഥാന നേതാക്കളും കൊലയാളികൾക്ക് രക്ഷാകവചമൊരുക്കിയതെന്ന് സതീശൻ പറഞ്ഞു.

ബോംബ് നിർമ്മിക്കുന്നതിനിടെ ഒരാൾ കൊല്ലപ്പെട്ട സാഹചര്യത്തിൽ യഥാർത്ഥത്തിൽ ആരായിരുന്നു ലക്ഷ്യമെന്ന് വ്യക്തമാക്കാൻ സിപിഎം തയാറാകണം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഒപ്പിട്ട ആർഎസ്എസ്- സിപിഎം കരാർ നിലനിൽക്കുന്ന സാഹചര്യത്തിൽ യു.ഡി.എഫ്, കോൺഗ്രസ് നേതാക്കളാകാനാണ് സാധ്യതയെന്നാണ് ഞങ്ങൾ കരുതുന്നത്. ഞങ്ങളുടെ ചോദ്യത്തിന് മറുപടി പറയാനുള്ള ബാധ്യത, ബോംബ് നിർമ്മിച്ചയാൾക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത വടകരയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കുമുണ്ട്. തിരഞ്ഞെടുപ്പ് ആയതുകൊണ്ട് മാത്രമാണ് ബോംബ് നിർമ്മിച്ചവരെ സിപിഎം തള്ളിപ്പറഞ്ഞത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കൊല്ലപ്പെട്ടയാൾ പാർട്ടിയുടെ രക്തസാക്ഷിയാകും. മുൻകാല അനുഭവങ്ങളും അങ്ങനെയാണ്-സതീശൻ വിശദീകരിച്ചു.

തിരഞ്ഞെടുപ്പ് കാലത്ത് നാട്ടിൽ കലാപ അന്തരീക്ഷം സൃഷ്ടിച്ച് വോട്ടർമാരെ ഭയപ്പെടുത്തി പോളിങ് ബൂത്തിൽ എത്തിക്കാരിക്കാനുള്ള ഗൂഢനീക്കമാണ് സിപിഎം നടത്തുന്നത്. ഇതുകൊണ്ടാന്നും ജനരോഷത്തിൽ നിന്ന് രക്ഷപ്പെടാമെന്ന് കരുതേണ്ട. ഭരണത്തുടർച്ചയുടെ ധാർഷ്ട്യത്തിന് തിരഞ്ഞെടുപ്പിൽ ജനം മറുപടി നൽകുമെന്നും സതീശൻ കൂട്ടിച്ചേർത്തു. ഷെറിന് സിപിഎമ്മുമായി ബന്ധമില്ലെന്ന് പാനൂർ ഏരിയാ കമ്മറ്റിയും വിശദീകരിച്ചിരുന്നു. ഇതിനിടെയാണ് നേതാക്കൾ സംസ്‌കാര ചടങ്ങിന് എത്തിയത്. അതേസമയം, എംഎൽഎ എന്ന നിലയിലാണ് ഷെറിന്റെ വീട്ടിൽ പോയതെന്ന് കെ.പി.മോഹനൻ വ്യക്തമാക്കി.

വെള്ളിയാഴ്ച പുലർച്ചെയാണ് കുന്നോത്തുപറമ്പ് മുളിയാത്തോട്ടിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ ബോംബ് നിർമ്മിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകനായ കൈവേലിക്കൽ എലിക്കൊത്തീന്റവിട കാട്ടീന്റവിട ഷെറിൻ കൊല്ലപ്പെട്ടത്. മൂന്നുപേർക്കു പരുക്കേറ്റു. മുളിയാത്തോടിലെ വലിയപറമ്പത്ത് വിനീഷ് (39), മീത്തലെ കുന്നോത്തുപറമ്പ് ചിറക്കരാണ്ടീമ്മൽ വിനോദ് (39), സെൻട്രൽ കുന്നോത്തുപറമ്പിലെ കല്ലായീന്റവിട അശ്വന്ത് (28) എന്നിവർക്കാണു പരുക്കേറ്റത്. ഇവരിൽ വിനീഷിന്റെ നില അതീവഗുരുതരമാണ്. അശ്വന്തിന്റെ കാലിനും വിനോദിന്റെ കണ്ണിനുമാണു പരുക്കേറ്റത്.

സംഭവത്തിൽ സിപിഎമ്മിന്റെ പ്രാദേശിക പ്രവർത്തകരായ നാലു പേർ അറസ്റ്റിലായിരുന്നു. ചെറുപ്പറമ്പ് അടുങ്കുടിയവയലിൽ അടുപ്പുകൂട്ടിയപറമ്പത്ത് ഷബിൻലാൽ (27), സെൻട്രൽ കുന്നോത്തുപറമ്പിലെ കിഴക്കയിൽ അതുൽ (30), ചെണ്ടയാട് പാടാന്റതാഴ ഉറപ്പുള്ളകണ്ടിയിൽ അരുൺ (29), കുന്നോത്തുപറമ്പ് ചിറക്കരാണ്ടിമ്മൽ സായൂജ് (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.