കൊച്ചി: എൽഡിഎഫ് സർക്കാരിനെതിരായ ബാർ കോഴ ആരോപണത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

മദ്യനയത്തിൽ ചർച്ച നടന്നില്ലെന്ന മന്ത്രിമാരുടെ പ്രസ്താവന പച്ചക്കള്ളമെന്ന് സതീശൻ വിമർശിച്ചു. മദ്യനയത്തിൽ ചർച്ച നടത്താൻ കഴിഞ്ഞ ചൊവ്വാഴ്ച ടൂറിസം വകുപ്പ് ഓൺലൈനായി വിളിച്ച യോഗത്തിൽ ബാറുടമകൾ പങ്കെടുത്തിട്ടുണ്ട്. ഇതിന്റെ തെളിവ് തന്റെ കൈവശം ഉണ്ടെന്നും സതീശൻ പറഞ്ഞു.

അന്നത്തെ യോഗത്തിൽ ഡ്രൈഡേ മാറ്റുന്നതിനെക്കുറിച്ചും ബാറിന്റെ സമയപരിധി വർധിപ്പിക്കുന്നതിനെക്കുറിച്ചും ചർച്ച നടന്നിട്ടുണ്ട്. ഇതിന് തുടർച്ചയായാണ് പണപ്പിരിവിന് നിർദ്ദേശം നൽകിയതെന്നും സതീശൻ ആരോപിച്ചു. സർക്കാരിനോട് ആറ് ചോദ്യങ്ങളും സതീശൻ ചോദിച്ചു.

മദ്യനയം രൂപീകരിക്കുന്നതിൽ ടൂറിസം വകുപ്പ് എക്സൈസ് വകുപ്പിനെ മറികടന്ന് ഇടപെട്ടത് എന്തിനാണ് ?
ടൂറിസം വകുപ്പ് അനാവശ്യമായ തിടുക്കം കാണിച്ചത് എന്തിനാണ് ?
ഒരു ചർച്ചയും ഇക്കാര്യത്തിൽ നടന്നിട്ടില്ലെന്ന് മന്ത്രിമാർ കള്ളം പറഞ്ഞത് എന്തിന്?
എക്സൈസ് മന്ത്രി ഡിജിപിക്ക് പരാതി നൽകിയത് അഴിമതി മറച്ചുപിടിക്കാനാണോ കെ.എം മാണിക്കെതിരേ ആരോപണം വന്നപ്പോൾ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച ഉമ്മൻ ചാണ്ടി സർക്കാരിന്റെ മാതൃക എന്തുകൊണ്ട് പിന്തുടരുന്നില്ല?
മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എന്തിനാണ്? എന്നീ ചോദ്യങ്ങളാണ് സതീശൻ ഉന്നയിച്ചത്.

മദ്യ നയവുമായി ബന്ധപ്പെട്ട അഴിമതി പുറത്തു വന്നതിന് പിന്നാലെ ബാർ ഉടമകൾ ഉൾപ്പെടെ ആരുമായും ചർച്ച നടത്തിയിട്ടില്ലെന്ന എക്സൈസ് ടൂറിസം മന്ത്രിമാരുടെ പ്രസ്താവനകൾ പച്ചക്കള്ളമാണ്. കഴിഞ്ഞ രണ്ടു മാസമായി മദ്യ നയം സംബന്ധിച്ച് കൂടിയാലോചനകൾ നടന്നിട്ടുണ്ട്. കഴിഞ്ഞ മാസം ആദ്യം ചീഫ് സെക്രട്ടറി വിളിച്ചു ചേർത്ത പ്രതിമാസ യോഗത്തിൽ മദ്യ നയത്തിലെ മാറ്റം സംബന്ധിച്ച റിപ്പോർട്ട് നൽകാൻ ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തി. മെയ് 21- ന് ടൂറിസം വകുപ്പ് വിളിച്ചു ചേർത്ത യോഗത്തിൽ ബാർ ഉടമകളും പങ്കെടുത്തു. സൂം വഴി നടത്തിയ ആ യോഗത്തിന്റെ ലിങ്ക് എന്റെ കൈവശമുണ്ട്. ആ യോഗത്തിൽ ഡ്രൈ ഡേയെ കുറിച്ചും ബാറുകളുടെ പ്രവർത്തന സമയം നീട്ടുന്നതിനെ കുറിച്ചും ചർച്ച നടന്നിട്ടുണ്ട്. അതിന്റെ തുടർച്ചയായാണ് എറണാകുളത്ത് ചേർന്ന ബാർ ഉടമകളുടെ യോഗത്തിൽ പണപ്പിരിവിന് നിർദ്ദേശം നൽകിയത്. ഒരു കൂടിയാലോചനയും നടന്നില്ലെന്ന് രണ്ടു മന്ത്രിമാരും പറഞ്ഞത് പച്ചക്കള്ളമാണെന്ന് സതീശൻ വിശദീകരിച്ചു.

അബ്ക്കാരി നിയമത്തിൽ മാറ്റം വരുത്തുന്നതിൽ ടൂറിസം വകുപ്പിന് എന്ത് കാര്യമാണുള്ളത്? ടൂറിസം വകുപ്പ് ഇക്കാര്യത്തിൽ ഇടപെടൽ നടത്തിയിട്ടുണ്ട്. അതുകൊണ്ടാണ് എക്സൈസ് ടൂറിസം മന്ത്രിമാർ രാജി വയ്ക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടത്. ടൂറിസം വകുപ്പ് അനാവശ്യ ഇടപെടൽ നടത്തിയിട്ടുണ്ട്. എന്തിനാണ് ടൂറിസം വകുപ്പ് ബാർ ഉടമകളുടെ യോഗം വിളിച്ചത്. എക്സൈസ് വകുപ്പിൽ ടൂറിസം മന്ത്രി കൈകടത്തിയെന്ന ആക്ഷേപം ഉണ്ടോയെന്ന് എം.ബി രാജേഷാണ് വ്യക്തമാക്കേണ്ടത്. ടൂറിസം വകുപ്പ് ഇടപെട്ടെന്ന ആരോപണം തെളിവുകളോടെയാണ് പ്രതിപക്ഷം ഉന്നയിച്ചത്. ബാർ കോഴയിൽ വിദ്യാർത്ഥി യുവജന സംഘടനകളും കോൺഗ്രസും യു.ഡി.എഫ് ഘടകകക്ഷികളും യു.ഡി.എഫും സമരം നടത്തും. വിഷയം നിയമസഭയിലും ഉന്നയിക്കും. വിഷയം സബ്ജക്ട് കമ്മിറ്റിയിൽ വന്നപ്പോഴും യു.ഡി.എഫ് അംഗങ്ങൾ എതിർത്തിട്ടുണ്ട്.

വാർത്ത എങ്ങനെ പുറത്തു പോയി എന്നതല്ലാതെ അഴിമതിയെക്കുറിച്ചല്ല സർക്കാർ അന്വേഷിക്കുന്നത്. സ്വപ്ന സുരേഷിന്റെ ആരോപണത്തിലും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിക്കെതിരായ ആരോപണത്തിലും തെറ്റുകളെ കുറിച്ചല്ല അന്വേഷിച്ചത്. പൊലീസ് അന്വേഷണം പ്രഹസനമാക്കി മാറ്റുകയാണ്. രണ്ട് മന്ത്രിമാരും രാജി വച്ച് ജുഡീഷ്യൽ അന്വേഷണം നേരിടണം. രണ്ട് മന്ത്രിമാരും പച്ചക്കള്ളം പറഞ്ഞ ശേഷമാണ് വിദേശത്തേക്ക് പോയത്.

പണം കൊടുത്തില്ലെങ്കിൽ മദ്യ നയത്തിൽ മാറ്റം വരില്ലെന്നാണ് ബാർ ഉടമയുടെ ശബ്ദ സന്ദേശത്തിൽ പറയുന്നത്. ഓഡിയോ സന്ദേശത്തിലും യോഗത്തിന്റെ അജണ്ടയിലും കെട്ടിട നിർമ്മാണം സംബന്ധിച്ച പണപ്പിരിവിനെ കുറിച്ചല്ല പറഞ്ഞിരിക്കുന്നത്. മദ്യ നയം മാറ്റണമെങ്കിൽ പണം നൽകിയേ മതിയാകൂവെന്ന് വ്യക്തമായിരിക്കുകയാണ്. അതിന് വേണ്ടിയാണ് ബാർ ഉടമകളുടെ സംഘടന യോഗം ചേർന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മാറിയാൽ മദ്യ നയത്തിൽ മാറ്റം വരുത്താമെന്നതാണ് സർക്കാരിന്റെ ഉറപ്പ്. എന്നിട്ടാണ് ഇതേക്കുറിച്ച് ആലോചിച്ചിട്ടേയില്ലെന്ന് മന്ത്രിമാർ പച്ചക്കള്ളം പറഞ്ഞത്.

2016 ൽ പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ മദ്യവർജ്ജന സമിതിക്കാരെയും മദ്യ നിരോധനക്കാരെയും കൂട്ടി മദ്യം വ്യാപകമാക്കുന്നതിനെ ശക്തിയായി എതിർക്കുമെന്നാണ് പിണറായി വിജയൻ പറഞ്ഞത്. അന്ന് 29 ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ബാർ അനുവദിച്ചതിനെ എതിർത്തുകൊണ്ടാണ് പിണറായി വിജയൻ സംസാരിച്ചത്. എൽ.ഡി.എഫ് വരും എല്ലാ ശരിയാകുമെന്ന് പറഞ്ഞ ആൾ വന്നപ്പോഴാണ് എല്ലാം ശരിയായത്. വ്യാപകമായി ബാറുകൾ അനുവദിക്കുകയാണ്. രണ്ടാം പിണറായി സർക്കാർ 130 ബാറുകൾക്കാണ് അനുമതി നൽകിയത്. ഇതിന് പിന്നിൽ സാമ്പത്തിക താൽപര്യമാണ്. ബാർ പൂട്ടാൻ സർക്കാർ തീരുമാനിച്ചപ്പോഴാണ് കെ.എം മാണിക്കെതിരെ ആരോപണം ഉന്നയിച്ചത്. ബാർ ഉടമകൾക്കു വേണ്ടി അദ്ദേഹം ഒരു സഹായവും ചെയ്തു കൊടുത്തിട്ടില്ല-സതീശൻ പറഞ്ഞു.