- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടപടിക്രമത്തിലെ അനൗചിത്യം ചൂണ്ടിക്കാട്ടി സ്പീക്കർക്ക് പ്രതിപക്ഷ നേതാവ് കത്ത് നൽകി
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ഹൈക്കോടതി വിധി ലംഘിച്ച് ശിക്ഷായിളവ് നൽകാനുള്ള സർക്കാർ നടപടി സംബന്ധിച്ച് കെ.കെ രമ നൽകിയ അടിയന്തിര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു കൊണ്ട് സ്പീക്കർ നടത്തിയ പരാമർശത്തിലെ അനൗചിത്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് കത്ത് നൽകി.
പ്രതിപക്ഷം ഉന്നയിച്ച വിഷയത്തെ കുറിച്ച് മറുപടി പറയേണ്ടത് ആഭ്യന്തര- ജയിൽ വകുപ്പുകളുടെ ചുമതലയുള്ള മുഖ്യമന്ത്രിയാണ്. ഇത് സംബന്ധിച്ച ഫയലുകൾ കൈകാര്യം ചെയ്യുന്നതും ആഭ്യന്തര വകുപ്പാണ്. സർക്കാർ ഫയലുകൾ സംബന്ധിച്ച് ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റിന് യാതൊരു ബന്ധവും ഇല്ലെന്നിരിക്കെ, മുഖ്യമന്ത്രി പറയേണ്ട മറുപടി സ്പീക്കർ പറഞ്ഞതിലെ അനൗചിത്യം പ്രതിപക്ഷം സഭയിൽ ചൂണ്ടിക്കാട്ടിയിരുന്നതാണ്. സർക്കാരിന്റെ മറുപടിയുടെ അടിസ്ഥാനത്തിൽ അടിയന്തിര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിക്കാം എന്നല്ലാതെ സർക്കാർ പറയേണ്ട മറുപടി സ്പീക്കർ പറഞ്ഞത് ഉചിതമായില്ലെന്നും പ്രതിപക്ഷ നേതാവ് കത്തിൽ വ്യക്തമാക്കി.
കത്ത് പൂർണരൂപത്തിൽ
ബഹു. സ്പീക്കർ,
ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ഹൈക്കോടതി വിധി ലംഘിച്ച് ശിക്ഷായിളവ് നൽകാനുള്ള സർക്കാർ നടപടി സംബന്ധിച്ച് സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യുന്നതിനായി കേരള നിയമസഭയുടെ നടപടിക്രമങ്ങളും കാര്യനിർവഹണവും സംബന്ധിച്ച ചട്ടം 50 പ്രകാരം ശ്രീമതി കെ. കെ. രമ, ശ്രീ. ഐ. സി. ബാലകൃഷ്ണൻ, ശ്രീ. മോൻസ് ജോസഫ്, ശ്രീ. അനൂപ് ജേക്കബ്, ശ്രീ. മാണി സി. കാപ്പൻ എന്നീ പ്രതിപക്ഷ സാമാജികർ 25.06.24നു നൽകിയ ഉപക്ഷേപ നോട്ടീസിനു ചട്ടം 52(ഢ) പ്രകാരം അനുമതി നിഷേധിച്ചതിലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു.
ചട്ടം 52(V) താഴെ പറയും പ്രകാരം പരാമർശിക്കുന്നു;
'(V) പ്രമേയത്തിൽ വാദങ്ങളോ അഭ്യൂഹങ്ങളോ, വ്യാജോക്തികളോ ആരോപണങ്ങളോ അപകീർത്തികരമായ പ്രസ്താവനകളോ ഉണ്ടായിരിക്കാൻ പാടില്ലാത്തതും വ്യക്തികളുടെ ഔദ്യോഗിക നിലയിലോ, പൊതുക്കാര്യ നിലയിലോ അല്ലാതെയുള്ള അവരുടെ സ്വഭാവത്തെയോ നടപടിയെയോ കുറിച്ച് പരാമർശിക്കാൻ പാടില്ലാത്തതുമാകുന്നു;'
പ്രതിപക്ഷ സാമാജികർ നൽകിയ മേൽപറഞ്ഞ നോട്ടീസ് ചട്ടം 52(V) ന്റെ പരിധിയിൽ ഉൾപ്പെടുന്നതല്ല എന്ന കാര്യം സുവ്യക്തമാണ്. സമൂഹ മന:സാക്ഷിയെ ഞെട്ടിച്ച ഒരു രാഷ്ട്രീയ കൊലപാതക കേസിലെ പ്രതികൾക്ക് ഹൈക്കോടതി വിധി ലംഘിച്ചുകൊണ്ട് ശിക്ഷാ ഇളവ് നൽകുവാൻ സർക്കാർ നടപടികൾ സ്വീകരിച്ചതിന്റെ രേഖകൾ പുറത്തുവന്നതിനെ തുടർന്നു പൊതുസമൂഹത്തിൽ ഉളവായിട്ടുള്ള ആശങ്ക പ്രതിഫലിപ്പിക്കുന്നതിനാണ് നിയമസഭ നടപടിക്രമം അനുസരിച്ച് പ്രസ്തുത നോട്ടീസ് നൽകിയത്.
എന്നാൽ, സംസ്ഥാനത്തെ മുഴുവൻ മാധ്യമങ്ങളും തെളിവുകൾ സഹിതം റിപ്പോർട്ട് ചെയ്ത പ്രസ്തുത സംഭവം അഭ്യൂഹം ആണെന്ന സർക്കാരിന്റെ അഭിപ്രായം മുൻകാലങ്ങളിൽ ഇല്ലാത്ത വിധം ബഹുമാനപ്പെട്ട സ്പീക്കർ തന്നെ സഭയിൽ പറഞ്ഞുകൊണ്ട് നോട്ടീസിന് അനുമതി നിഷേധിക്കുന്ന ദൗർഭാഗ്യകരമായ സാഹചര്യമാണ് സംജാതമായത്.
പ്രതിപക്ഷം ഉന്നയിച്ച വിഷയത്തെ കുറിച്ച് മറുപടി പറയേണ്ടത് ആഭ്യന്തര- ജയിൽ വകുപ്പുകളുടെ ചുമതലയുള്ള മുഖ്യമന്ത്രിയാണ്. ഇത് സംബന്ധിച്ച ഫയലുകൾ കൈകാര്യം ചെയ്യുന്നതും ആഭ്യന്തര വകുപ്പാണ്. സർക്കാർ ഫയലുകൾ സംബന്ധിച്ച് ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റിന് യാതൊരു ബന്ധവും ഇല്ലെന്നിരിക്കെ, മുഖ്യമന്ത്രി പറയേണ്ട മറുപടി സ്പീക്കർ പറഞ്ഞതിലെ അനൗചിത്യം പ്രതിപക്ഷ നേതാവെന്ന നിലയിൽ സഭയിൽ തന്നെ പറഞ്ഞിരുന്നു. സർക്കാരിന്റെ മറുപടിയുടെ അടിസ്ഥാനത്തിൽ അടിയന്തിര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിക്കാം എന്നല്ലാതെ സർക്കാർ പറയേണ്ട മറുപടി സ്പീക്കർ പറഞ്ഞത് ഉചിതമായില്ലെന്നത് ചൂണ്ടിക്കാട്ടുന്നു.
പാർലമെന്ററി മര്യാദകളുടെ ഭാഗമായി ബഹുമാനപ്പെട്ട സ്പീക്കറുടെ റൂളിങ്ങിനെ അംഗീകരിക്കുമ്പോളും ന്യായമായ പ്രതിപക്ഷ അവകാശങ്ങൾ തൊടു ന്യായങ്ങൾ പറഞ്ഞ് തുടർച്ചയായി നിഷേധിക്കപ്പെടുന്നതിലുള്ള ശക്തമായ പ്രതിഷേധം താങ്കളെ അറിയിക്കുന്നു. പ്രതിപക്ഷ അവകാശങ്ങൾ സംരക്ഷിക്കുവാനുള്ള സ്പീക്കറുടെ ഉത്തരവാദിത്തം മാതൃകാപരമായി നിറവേറ്റിക്കൊണ്ട് പാർലമെന്ററി ജനാധിപത്യ പ്രക്രിയയുടെ അന്തസ് ഉയർത്തിപ്പിടിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
നോട്ടീസിൽ പരാമർശിച്ച വിഷയം വ്യാജോക്തിയല്ലെന്ന് വ്യക്തമാക്കുന്ന സർക്കാർ നടപടികൾ സംബന്ധിച്ച രേഖകളുടെ പകർപ്പ് കൂടി താങ്കളുടെ അറിവിലേക്കായി ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു.
വി.ഡി സതീശൻ