തിരുവനന്തപുരം: മാസപ്പടി കേസിൽ ഇ.ഡി അന്വേഷണം പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തങ്ങൾ തമ്മിൽ പോരിലാണെന്ന് കാണിക്കാനുള്ള ബിജെപി, സിപിഎം ശ്രമം മാത്രമാണ് ഈ കേസെന്ന് സതീശൻ പരിഹസിച്ചു. അതേസമയം, ഇ.ഡി അന്വേഷണം പ്രഖ്യാപിച്ചെങ്കിലും തനിക്ക് അമിതാവേശമില്ലെന്ന് മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ വ്യക്തമാക്കി.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലും സ്വർണക്കടത്തിലും ലൈഫ് മിഷൻ ആരോപണങ്ങളിലും ഇ.ഡി നടത്തുന്ന അന്വേഷണത്തിന്റെ കാര്യം എന്തായെന്ന് സതീശൻ ചോദിച്ചു. കേരളത്തിലെത്തുമ്പോൾ മാത്രം ഇ.ഡിയുടെ സമീപനം വ്യത്യസ്തമാണ്. അരവിന്ദ് കേജ്‌രിവാളിനോടും ചിദംബരത്തോടുമുള്ള സമീപനമല്ല ഇ.ഡിക്ക് പിണറായി വിജയനോട് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

"മാസപ്പടിയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ അന്വേഷണം നടന്നാൽ വളരെ നല്ലത്. പക്ഷേ, ഈ വിഷയത്തിൽ ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് ഉറപ്പാണ്. എല്ലാം ഒത്തുതീർപ്പാക്കാൻ ഇടനിലക്കാരുണ്ട്. കേന്ദ്രമന്ത്രി വി.മുരളീധരനും ഇടനിലക്കാരനാണ്. അച്ഛനും മകൾക്കും ഇതുവരെ ഒരു നോട്ടിസ് പോലും നൽകിയിട്ടില്ല. അതിന്റെ കാരണം സിപിഎമ്മും ബിജെപിയും തമ്മിലുള്ള പരസ്യ ബന്ധമാണ്" സതീശൻ പറഞ്ഞു.

അതേസമയം, ഇ.ഡി അന്വേഷണത്തിൽ താൻ അമിതാവേശം കാണിക്കുന്നില്ലെന്ന് പരാതിക്കാരനായ മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ പറഞ്ഞു. ഈ സംഭവം നേരത്തെയും ഇ.ഡിയുടെ മുൻപിൽ വന്നിട്ടും അന്വേഷിക്കാതിരുന്നത് എന്തുകൊണ്ടാണ്? ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും എന്തൊക്കെ അന്വേഷിക്കുന്നു, എന്താണ് ഉദ്ദേശ്യം തുടങ്ങിയ കാര്യങ്ങൾ നോക്കേണ്ടതുണ്ടെന്ന് കുഴൽനാടൻ ചൂണ്ടിക്കാട്ടി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലവും പരിഗണിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മാസപ്പടിക്കേസിൽ ഇ.ഡിയുടെ കൊച്ചി യൂണിറ്റ് കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്റെയും മാത്യു കുഴൽനാടന്റെയും പ്രതികരണം. സംഭവത്തിൽ എസ്എഫ്‌ഐഒ അന്വേഷണം പുരോഗിക്കുന്നതിനിടെയാണ് ഇ.ഡി അന്വേഷണം പ്രഖ്യാപിച്ചത്. ആദായനികുതി വകുപ്പിന്റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി.

ഇഡി കേന്ദ്രസർക്കാരിന്റെ കൂലിക്കാരനെ പോലെയെന്ന് എം വി ഗോവിന്ദൻ

ഇ.ഡി കേന്ദ്രസർക്കാരിന്റെ കൂലിജോലിക്കാരനേപ്പോലെയാണ് പ്രവർത്തിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ജോലി ഇ.ഡിയുടേതും കൂലി ബിജെപിയുടേതുമെന്ന അവസ്ഥയാണ്. കേന്ദ്ര ഏജൻസികളുടേയെല്ലാം അവസ്ഥ ഇതാണെന്നും എം.വി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇ.ഡി യുടെ പേരിൽ ബിജെപി ഭീഷണിപ്പെടുത്തി പണംപിരിക്കുകയാണ്. കെജ്രിവാളിന്റെ അറസ്റ്റ് ഇതിന് ഉദാഹരണമാണെന്നും ഗോവിന്ദൻ പറഞ്ഞു. കെജ്രിവാളിന്റെ അറസ്റ്റ് മദ്യ വ്യാപാരിയായ ശരത് ചന്ദ്ര റെഡ്ഡിയുടെ മൊഴിയിലാണ്. ആദ്യം കെജ്രിവാളിനെ അറിയില്ലെന്ന് പറഞ്ഞ റെഡ്ഡി പിന്നീട് മൊഴിമാറ്റുകയും ഇതുവഴി ജാമ്യം ലഭിക്കുകയും ചെയ്തു. ഈ ശരത് ചന്ദ്ര റെഡ്ഡി വഴിയും കോടികളുടെ തിരഞ്ഞെടുപ്പ് ബോണ്ട് ബിജെപിക്ക് കിട്ടി. കെജ്രിവാളിന്റെ അറസ്റ്റിൽ ലോക രാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യ അപമാനിതമാവുകയാണ്. ആദ്യം ജർമനിയും പിന്നീട് അമേരിക്കയും നിലപാട് സ്വീകരിച്ചുവെന്നും ഗോവിന്ദൻ പറഞ്ഞു.

രാജ്യംകണ്ട ഏറ്റവുംവലിയ അഴിമതിയാണ് ഇലക്ടറൽ ബോണ്ട്. ഇതിൽ ബിജെപിക്കൊപ്പം കോൺഗ്രസിനും പങ്കുണ്ട്. 8251 കോടി ബിജെപിക്ക് കിട്ടിയപ്പോൾ 1952 കോടിയാണ് കോൺഗ്രസിന് കിട്ടിയത്. എന്നിട്ടാണ് ഇപ്പോൾ ബസ്സിന് പോവാൻ കാശില്ലെന്ന് അവർ പറയുന്നതെന്നും കിട്ടയ കോടികൾ എവിടെപ്പോയെന്നും എം.വി ഗോവിന്ദൻ ചോദിച്ചു. സാന്റിയാഗോ മാർട്ടിന്റെ കയ്യിൽനിന്നുവരെ കോൺഗ്രസ് പണം സ്വീകരിച്ചു. കള്ളപ്പണക്കാരിൽ നിന്നും കുറ്റവാളികളിൽ നിന്നും പണം പിരിച്ചുവെന്നും എം.വി ഗോവിന്ദൻ ആരോപിച്ചു.