തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ 'അവൻ' എന്നു വിളിച്ചത് തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വാക്കുകൾ ബഹുമാനത്തോടെയും സൂക്ഷിച്ചും പറയുന്നതാണ് എല്ലാവർക്കും നല്ലത്. മുഖ്യമന്ത്രിയുടെ പല പ്രയോഗങ്ങളും ശരിയാണോയെന്ന് പരിശോധിക്കണമെന്നും സതീശൻ നിയമസഭയിൽ ആവശ്യപ്പെട്ടു. പിണറായി വിജയനെ പരിഹസിച്ചാണ് സുധാകരന്റെ വിളിയെ സതീശൻ തള്ളി പറയുന്നതെന്നതാണ് ശ്രദ്ധേയം. ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെ പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തര പ്രമേയ നോട്ടീസിൽ സംസാരിക്കുന്നതിനിടെ, സുധാകരന്റെ പരാമർശം ചൂണ്ടിക്കാട്ടിയ ഭരണപക്ഷത്തോട് പ്രതികരിക്കുകയായിരുന്നു വിഡി സതീശൻ.

ഇടതുപക്ഷ സഹയാത്രികനായ അഭിവന്ദ്യനായ ഒരു ബിഷപ്പിനെയല്ലേ മുഖ്യമന്ത്രി വിവരദോഷി എന്നു വിളിച്ചത്. 'ബിഷപ്പിനെ വിവരദോഷി എന്നു വിളിച്ചപ്പോൾ, മുഖ്യമന്ത്രിയെ പിന്തുണയ്ക്കാൻ ഭരണപക്ഷത്തു നിന്നും ആരെങ്കിലും ഉണ്ടായോ? പാവം പൊതുമരാമത്തു മന്ത്രി മുഹമ്മദ് റിയാസ് മാത്രം മുഖ്യമന്ത്രിയെ പിന്തുണച്ച് രംഗത്തു വന്നു. മുഖ്യമന്ത്രി ബിഷപ്പിനെ വിവരദോഷി എന്നു പറഞ്ഞത് ശരിയാണെന്ന് റിയാസ് പറഞ്ഞു. പാവം റിയാസുമാത്രമേ ഉണ്ടായുള്ളൂ. ഈ ധനമന്ത്രി ബാലഗോപാലോ ഒറ്റ എംഎൽഎയോ ബിഷപ്പിനെ വിവരദോഷിയെന്ന് വിളിച്ചത് ശരിയാണെന്ന് പറഞ്ഞില്ല. പാവം റിയാസ് മാത്രമേ ഉണ്ടായൂള്ളൂ. ഭാഗ്യം'. വിഡി സതീശൻ കൂട്ടിച്ചേർത്തു.

കേരളത്തിലെ മുഖ്യമന്ത്രി പലകാലത്തായി പ്രയോഗിച്ച മൂന്നു നാലു വാക്കുകളുണ്ട്. താൻ അത് ഉദ്ധരിക്കാൻ ആഗ്രഹിക്കുന്നില്ല. പറയുന്ന ഒരു വാക്കുപോലും നിയമസഭ രേഖകളിൽ നിന്നും നീക്കം ചെയ്യപ്പെടരുതെന്ന് തനിക്ക് നിർബന്ധമുണ്ട്. മുഖ്യമന്ത്രി പറഞ്ഞ പല വാക്കുകളും ഇവിടെ പറഞ്ഞാൽ അൺപാർലമെന്ററിയായിപ്പോകും. അതുകൊണ്ട് മുഖ്യമന്ത്രിയെപ്പോലും ക്വോട്ട് ചെയ്യുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

എരഞ്ഞോളി സ്ഫോടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ രംഗത്തു വന്നിരുന്നു. മുഖ്യമന്ത്രിയെ അവൻ എന്ന് വിശേഷിപ്പിച്ചാണ് സുധാകരൻ സംസാരിച്ചത്. ഏറെ കാലത്തിന് ശേഷമാണ് അതിരൂക്ഷമായ വാക്കുകളിൽ മുഖ്യമന്ത്രിയെ സുധാകരൻ വിമർശിച്ചത്. മുഖ്യമന്ത്രി വിവരംകെട്ടവനാണ്. മുഖ്യമന്ത്രിക്ക് ആണത്തമുണ്ടോ. അവൻ വെട്ടിക്കൊന്ന ആളെത്ര, വെടിവച്ചുകൊന്ന ആൾ എത്രയെന്നും സുധാകരൻ ചോദിച്ചു. സ്‌കൂളിൽ പഠിക്കുന്ന കാലം മതൽ വെട്ടാനും കുത്താനും തുടങ്ങിയതല്ലേ എന്ന് സുധാകരൻ പറഞ്ഞു. സ്വന്തം പാർട്ടിയിലെ അടക്കം എത്ര ചെറുപ്പക്കാരെ സിപിഎം കൊന്നു. അങ്ങനെയൊരു ചെറുപ്പക്കാരൻ മരിച്ചില്ലെന്നാണ് വൃദ്ധനല്ലേ കൊല്ലപ്പെട്ടത് എന്ന പരാമർശത്തിലൂടെ ഉദ്ദേശിച്ചത്. ഡിസിസി ഓഫീസിൽ ബോംബ് പ്രദർശിപ്പിച്ചിട്ടില്ല. കോൺഗ്രസ് ആരെയും ബോംബെറിഞ്ഞ് കൊന്നിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി. ഇത്തരത്തിൽ ആരോപണം പിണറായി നിയമസഭയിൽ കോൺഗ്രസിനെതിരെ ഉയർത്തിയിരുന്നു. ഇതിന് മറുപടി പറയുമ്പോഴായിരുന്നു സുധാകരന്റെ കടന്നാക്രമണം.

കണ്ണൂർ എരഞ്ഞോളി കുടക്കളം സ്വദേശി വേലായുധൻ(75) ആണ് കഴിഞ്ഞ ദിവസം ബോംബ് പൊട്ടി മരിച്ചത്. ആൾതാമസമില്ലാത്ത വീട്ടുപറമ്പിൽനിന്നു തേങ്ങ പെറുക്കുന്നതിനിടെ പറമ്പിൽനിന്നു കിട്ടിയ വസ്തു എന്താണെന്നു പരിശോധിക്കാൻ കല്ലിൽ ഇടിച്ചപ്പോൾ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ വേലായുധന്റെ മുഖവും കൈകളും ചിന്നിച്ചിതറി. പരേതനായ മോഹൻദാസിന്റെ വർഷങ്ങളായി പൂട്ടിക്കിടക്കുകയായിരുന്ന വീട്ടുപറമ്പിലാണു സ്ഫോടനമുണ്ടായത്. ഈ വീടിന് കോൺഗ്രസ് ബന്ധമുണ്ടെന്നാണ് സിപിഎം പറയുന്നത്.

എരഞ്ഞോളി കുടക്കളത്ത് സ്‌ഫോടനത്തിൽ ഒരാൾ മരിക്കാനിടയായ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കണമെന്നാണ് എം വി ജയരാജൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടത്. ആൾ താമസമില്ലാത്ത പറമ്പിൽ നിന്ന് തേങ്ങ ശേഖരിക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തിലാണ് എരഞ്ഞോളി കുടക്കളത്തെ ആയിനിയാട്ട് വേലായുധൻ മരിച്ചത്. നാടിനെയാകെ വേദനിപ്പിച്ച സംഭവമാണിത്. ആദ്യകാല കോൺഗ്രസ് നേതാവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് സ്‌ഫോടനമുണ്ടായതെന്നും ജയരാജൻ പറഞ്ഞു.

കോൺഗ്രസിനും ബിജെപിക്കും സ്വാധീനമുള്ള പ്രദേശമാണിത്. പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിൽ നേരത്തെ സ്‌ഫോടനമുണ്ടായതാണ്. എരഞ്ഞോളി പഞ്ചായത്ത് മുൻ പ്രസിഡന്റ് എ കെ രമ്യയുടെ ഭർത്താവ് ശ്രീജൻബാബുവിനെ വധിക്കാൻ ശ്രമിച്ച ക്രിമിനലുകളും പരിസര പ്രദേശത്തുള്ളവരാണ്. സംഭവത്തിൽ സിപിഐ എമ്മിനെ കുറ്റപ്പെടുത്തുന്നത് രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാണ്. യഥാർഥ കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കുന്നതിന് സഹായകമായ നിലപാട് സ്വീകരിക്കുന്നതിന് പകരം രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ അപവാദം പ്രചരിപ്പിക്കുന്നത് അന്വേഷണം വഴിതിരിച്ചുവിടാനേ സഹായിക്കൂവെന്നും സിപിഐഎം ജില്ലസെക്രട്ടറി എം വി ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു.