തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ കോൺഗ്രസിൽ നിന്നും കൊഴിഞ്ഞു പോക്ക് തുടരുന്നു. ബിജെപിയിലേക്ക് തമ്പാനൂർ സതീഷ് അടക്കമുള്ള നേതാക്കൾ പോയതിന് പിന്നാലെ ഇപ്പോൾ മറ്റൊരു മുതിർന്ന നേതാവ് സിപിഎമ്മിൽ ചേർന്നു. ജില്ലയിലെ മുതിർന്ന കോൺഗ്രസ് വെള്ളനാട് ശശിയാണ് സിപിഎമ്മിൽ ചേർന്നത്.

വെള്ളനാട് ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ വെള്ളനാട് ശശിയെ പാർട്ടിയിലേക്ക് സ്വീകരിച്ചു. പ്രാദേശിക തലത്തിൽ സ്വാധീനമുള്ള നേതാവായ വെള്ളനാട് ശശി കെപിസിസി അംഗമാണ്. ദീർഘകാലം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കോൺഗ്രസ് നേതൃത്വവുമായുള്ള പടലപ്പിണക്കത്തെത്തുടർന്നാണ് ശശി പാർട്ടി വിടുന്നത്.

കോൺഗ്രസിന്റെ തെറ്റായ പോക്കിൽ പ്രതിഷേധിച്ച് ഇനിയും ആളുകൾ പാർട്ടിയിലേക്ക് വന്നേക്കുമെന്ന് ആനാവൂർ നാഗപ്പൻ പറഞ്ഞു. സിപിഎമ്മിൽ ചേർന്നതിന് പിന്നാലെ, വെള്ളനാട് ശശിയെ പുറത്താക്കിയതായി കോൺഗ്രസ് അറിയിച്ചു. വെള്ളനാട് സർവീസ് സഹകരണ ബാങ്ക് ക്രമക്കേടിന്മേലാണ് നടപടിയെന്നാണ് ഡിസിസി നേതൃത്വം അറിയിച്ചത്.