തിരുവനന്തപുരം: പിണറായി സർക്കാറിന്റെ സ്തുതിപാഠകരുടെ കൂട്ടത്തിലായിരുന്നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സ്ഥാനം ഇതുവരെ. വെള്ളാപ്പള്ളിക്കെതിരെ വിജിലൻസ് കേസ് അടക്കം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് വെള്ളാപ്പള്ളി സംസ്ഥാന സർക്കാറിനെ പിന്തുണച്ചു പോന്നത്. എന്നാൽ, അടുത്തിടെ വെള്ളാപ്പള്ളിക്ക് വിജിലൻസ് കേസിൽ ക്ലീൻചിറ്റ് കിട്ടി. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൽഹിയിൽ കൂടിക്കാഴ്‌ച്ച നടത്തുകയും ചെയ്തു. ഇപ്പോൾ വെള്ളാപ്പള്ളി നിലപാട് മാറ്റത്തിന്റെ വിഴയിലേക്ക് കടന്നോ എന്നതാണ് ഉയരുന്ന ചോദ്യം.

രണ്ടാം പിണറായി സർക്കാർ പോരെന്ന് തുറന്നു പറഞ്ഞ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. കിറ്റും പെൻഷനും ആണ് ഒന്നാം ഒന്നാം സർക്കാരിനെ ജയിപ്പിച്ചത്. നിലവിൽ പെൻഷൻ കൊടുക്കാൻ പോലും സർക്കാരിന്റെ കയ്യിൽ കാശില്ലെന്ന് വെള്ളാപ്പള്ളി നടേശൻ വിമർശിച്ചു. പ്രതിപക്ഷത്തിന്റെ കഴിവില്ലായ്മയാണ് ഈ സർക്കാറിന്റെ നേട്ടം. ഒരു ചുക്കും ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയുന്നില്ല.

വി ഡി സതീശൻ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരുന്നില്ലെന്നും ചെന്നിത്തല മാന്യൻ ആയിരുന്നെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. കരിമണൽ കർത്തയുടെ കമ്പനിയുമായി മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് ഇടപാടുള്ളത് നേരത്തെ അറിയാമെന്നുവെന്നും വെള്ളാപ്പള്ളി നടേശൻ പറയുന്നു. കംപ്യൂട്ടർ സേവനം നൽകുന്നുണ്ട് എന്നാണ് കർത്ത തന്നോട് പറഞ്ഞത്. പിണറായി വിജയന്റെ മകൾ തെറ്റ് ചെയ്‌തെങ്കിൽ അന്വേഷണത്തിൽ പുറത്ത് വരട്ടെ എന്നും വെള്ളാപ്പള്ളി നടേശൻ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അതേസമയം വെള്ളാപ്പള്ളിയുടെ നിലപാട് മാറ്റം സിപിഎമ്മും കോൺഗ്രസും ഒരുപോലെ ആശങ്കയോടെയാണ് കാണുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഈഴവ വോട്ടുകൾ ഉറപ്പിക്കാൻ ബിജെപി കേന്ദ്രനേതൃത്വം നേരിട്ട് കളത്തിലുണ്ട്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്‌ച്ച സമുദായത്തിന്റെ പിന്തുണ ലക്ഷ്യമിട്ടുള്ളതായിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടുത്ത ആഴ്‌ച്ച കേരളത്തിലെത്തുമ്പോൾ സുപ്രധാന ചർച്ചകൾ നടക്കും. അയോധ്യ ശ്രീരാമ ജന്മഭൂമി ക്ഷേത്ര വിഷയത്തിൽ എസ്എൻഡിപി യോഗം സ്വീകരിച്ച നിലപാട് അടക്കം അനുകൂല ഘടകങ്ങളായി ബിജെപി നേതൃത്വം വിലയിരുത്തുന്നു.

എൽഡിഎഫിന്റെ കരുത്തായ ഈഴവ വോട്ടുബാങ്കിനെ ഒപ്പം നിർത്താൻ ലക്ഷ്യമിട്ടുള്ള നീക്കത്തിലാണ് ബിജെപി. കേന്ദ്ര മന്ത്രി വി മുരളീധരൻ മത്സരിക്കാൻ ഒരുങ്ങുന്ന ആറ്റിങ്ങലും നടൻ സുരേഷ് ഗോപി മൽസരിക്കുമെന്ന് ഉറപ്പായ തൃശൂരും ഇതിൽ നിർണായകമാണ്. തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ ഡൽഹിയിലെ വിവാഹ സത്ക്കാരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയുടെ മുതിർന്ന നേതാക്കളും പങ്കെടുത്തിരുന്നു. ചടങ്ങിനിടെ വെള്ളാപ്പള്ളി നടേശനെ മോദി തന്റെ ഔദ്യോഗിക വസതിയിലേയ്ക്ക് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച് വെള്ളാപ്പള്ളി നടേശൻ മോദിയുമായി കൂടിക്കാഴ്‌ച്ച നടത്തുകയും ചെയ്തു. സൗഹൃദ സന്ദർശനമാണെന്ന് എസ്എൻഡിപി യോഗം പറയുമ്പോഴും പൊതുരാഷ്ട്രീയ സാഹചര്യം കൂടിക്കാഴ്‌ച്ചയിൽ ഉയർന്നുവന്നതായാണ് സൂചന.

ബിഡിജെഎസ് രൂപീകരിച്ച ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ സാമുദായികമായി വലിയ പിന്തുണ നേടാൻ കഴിഞ്ഞെങ്കിലും പിന്നീട് സാധിച്ചില്ല. വയനാട്, മാവേലിക്കര, ആലത്തൂർ, ഇടുക്കി സീറ്റുകളിലാണ് 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിഡിജെഎസ് മൽസരിച്ചത്. ഇത്തവണ അഞ്ച് സീറ്റ് ബിഡിജെഎസ് ആവശ്യപ്പെട്ടേക്കും. വയനാട് ബിജെപി ഏറ്റെടുത്ത് കോട്ടയവും ആലപ്പുഴയും ബിഡിജെഎസിന് നൽകിയേക്കും. തുഷാർ വെള്ളാപ്പള്ളി കോട്ടയത്ത് മൽസരിച്ചേക്കും. ചൊവ്വാഴ്‌ച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെത്തുമ്പോൾ നിർണായക ചർച്ചകൾ നടക്കും.

ക്രിസ്ത്യൻ വോട്ടുകൾക്ക് പുറമേ ഈഴവ, നായർ വോട്ടുകളും കോട്ടയത്ത് നിർണായകമാണ്. ഹൈന്ദവ വിഭാഗത്തിന് മേൽക്കൈയുള്ള മണ്ഡലത്തിൽ നായർ, ഈഴവ സമുദായങ്ങളിൽ നിന്ന് വർഷങ്ങളായി ഒരാളെപ്പോലും സ്ഥാനാർത്ഥിയായി പരിഗണിക്കാത്തതിൽ ഇരുസമുദായങ്ങൾക്കും അതൃപ്തിയുണ്ട്. എസ്എൻഡിപി യോഗത്തിന് ശക്തമായ വേരുകളുള്ള മണ്ഡലം കൂടിയാണ് കോട്ടയം. ഇതാണ് തുഷാറിന് അനുകൂലമാകുന്ന ഘടകങ്ങൾ.

2019ലെ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന പി സി തോമസ് നേടിയത് 1,55,153 വോട്ടാണ്. ഇക്കുറി രണ്ടര ലക്ഷത്തിലധികം വോട്ടുകൾ നേടാനാകുമെന്നാണ് എൻഡിഎയുടെ പ്രതീക്ഷ. തുഷാറിനെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കൂടുതൽ വോട്ടുകൾ സമാഹരിച്ച് എ ക്ലാസ് മണ്ഡലമെന്ന കാറ്റഗറിയിലേക്ക് കോട്ടയത്തെ ഉയർത്തുകയാണ് എൻഡിഎ ലക്ഷ്യം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിലാണ് ബിഡിജെഎസ് മത്സരിച്ചത്. എന്നാൽ ഇത്തവണ വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി സ്ഥാനാർത്ഥിയാകും മത്സരിക്കുക.