ആലപ്പുഴ: പത്മജാ വേണുഗോപാലിന്റെ ബിജെപി. പ്രവേശനത്തിൽ വിമർശിച്ചും പരിഹസിച്ചു എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പത്മജ എത്തുന്നതുകൊണ്ട് ബിജെപിക്ക് എന്തെങ്കിലും ഗുണം കിട്ടുമോ എന്ന ചോദ്യത്തിന്, ആ മെമ്പർഷിപ്പിന്റെ കാശുകിട്ടും എന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരിഹാസം. ആ പ്രയോജനം കിട്ടും ഇപ്പോൾ. തൽക്കാലം ഇപ്പോൾ അതേ കിട്ടൂ എന്നാണ് എനിക്ക് തോന്നുന്നത്, വെള്ളാപ്പള്ളി പറഞ്ഞു.

പത്മജയ്ക്ക് കോൺഗ്രസിൽനിന്ന് ഒരുപാട് പരിരക്ഷ കിട്ടിയിട്ടുണ്ട്. എംപിയാക്കാൻ നിർത്തിയിട്ടുണ്ട്. എംഎ‍ൽഎയാക്കാൻ നിർത്തിയിട്ടുണ്ട്. അച്ഛനുണ്ടായിരുന്ന കാലംതൊട്ട് മരിക്കുന്ന കാലംവരെ എല്ലാ സുഖസൗകര്യങ്ങളും ഗുണങ്ങളും എല്ലാ അർഥത്തിലും അനുഭവിച്ചയാളാണ് പത്മജ. അത് കൂടാതെ തന്നെ കോൺഗ്രസിൽനിന്ന് വിട്ട് മറ്റൊരു കോൺഗ്രസിലേക്ക് പോവുകയും മറ്റ് ചില ഐക്യമുന്നണിയിൽ ചെന്നുചേരുകയും ചെയ്ത പാരമ്പര്യമാണ് ഇവർക്കുള്ളത്.

അതുകൊണ്ട് ഒരു പാർട്ടിയിൽ സ്ഥിരമായി നിൽക്കുന്നൊരു ശൈലി ഇല്ല. കാരണം കരുണാകരന്റെ കോൺഗ്രസ് തന്നെ കോൺഗ്രസിൽനിന്ന് വിട്ടുപോയിട്ടുണ്ട്. അതുകഴിഞ്ഞ് കരുണാകരന്റെ മകൾ ഇപ്പോൾ വേറൊരു പാർട്ടിയിലേക്ക് പോവുക എന്നത് അവരുടെ പാരമ്പര്യവും സ്വഭാവവും പ്രത്യേകതയുമായിരിക്കാം. ഇക്കരെ കണ്ട അക്കരപ്പച്ച തിരക്കി പോകുന്നതാണ്. അവിടെ വലിയ പരിരക്ഷ കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് പോകുന്നത്, വെള്ളാപ്പള്ളി പറഞ്ഞു.

അവസരം കിട്ടിയില്ല എന്നതിന്റെ പേരിൽ പാർട്ടി മാറുന്നത് രാഷ്ട്രീയഭിക്ഷാംദേഹികൾക്ക് നല്ലതായിരിക്കുമെങ്കിലും സാമാന്യബുദ്ധിയുള്ളവർക്ക് കാണുമ്പോൾ അത് മനസ്സിലാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആന്റണിയുടെ മകൻ പോയി എന്നു പറഞ്ഞാൽ, ഒരു രാഷ്ട്രീയത്തിലേക്കേ പോയിട്ടുള്ളൂ. പല രാഷ്ട്രീയത്തിലേക്ക് പോയിട്ടില്ല. എന്നാൽ കരുണാകരൻസാറിന്റെ മകൾ എത്ര രാഷ്ട്രീയത്തിൽ വന്നു. കോൺഗ്രസിൽനിന്ന് കോൺഗ്രസ് പിളർന്ന് വേറൊരു കോൺഗ്രസുണ്ടാക്കി. ഡി.ഐ.സിയിൽ പോയി.

അങ്ങനെ വേറെ പല മുന്നണിയിലേക്കും പോകാൻ ഇടതുപക്ഷത്തേക്ക് വരെ ചെരിഞ്ഞുവെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇങ്ങനെ ചാടിച്ചാടി നടക്കുകയല്ലായിരുന്നോ. എന്തായാലും ബിജെപിയിൽ ചെല്ലട്ടെ. ഇനി അവിടെ ചെന്നിട്ട് എന്തുകിട്ടുമെന്ന് കാത്തിരുന്നു കാണാം എന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.