- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ആവേശമായി തൃപ്പൂണിത്തുറ വിധി!
കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണം ശക്തമായിരിക്കവേ യുഡിഎഫിന് ആവേശം പകരുന്ന കോടതി വിധിയാണ് ഇന്ന് ഹൈക്കോടതിയിൽ നിന്നും ഉണ്ടായത്. തൃപ്പൂണിത്തുറ എംഎൽഎ കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന എം സ്വരാജിന്റെ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ഇത് യുഡിഎഫ് കേന്ദ്രങ്ങളെ ആഹ്ലാദത്തിലാ്ക്കി. ബാബുവിന്റെ പോരാട്ട വിജയം മധുരം പങ്കിട്ടാണ് കോൺഗ്രസ് നേതാക്കൾ ആഘോഷമാക്കിയത്.
അയ്യപ്പന്റെ ചിത്രമുള്ള സ്ലിപ് കൃത്രിമമായി ഉണ്ടാക്കിയതാണെന്നാണ് ബാബുവിന്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടിയത്. ഒരു വീട്ടിലും കിട്ടിയിട്ടില്ല. വോട്ടെടുപ്പിന്റെ തലേന്ന് പൊലീസ് സ്റ്റേഷനിൽ പരാതിക്ക് ഒപ്പമാണ് കൊണ്ടുചെന്നത്. ആരോപണം സാധൂകരിക്കുന്ന സാക്ഷിമൊഴികളില്ലെന്ന് കോടതി കണ്ടെത്തുകയുമായിരുന്നു. വോട്ടിങ് സ്ലിപ് ആരോപണത്തിന് തെളിവ് ഹാജരാക്കാനായില്ലെന്നും ബാബുവിന്റെ അഭിഭാഷകൻ വ്യക്തമാക്കി. ഇതോടയാണ് ചുളുവിൽ എംഎൽഎയാകാം എന്ന എം സ്വരാജിന്റ മോഹം പൊലിഞ്ഞത്.
അതേസമയം ബാബുവിനോടെ നിയമ പോരാട്ടത്തിൽ തോറ്റ എം സ്വരാജ് തോൽവി അംഗീകരിക്കാതെ വീണ്ടും നിയമ പോരാട്ടത്തിന്റെ വഴിയിലാണ്. ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നന്നതാണ് കോടതി വിധിയെന്ന് സ്വരാജ് പ്രതികരിച്ചു. വിശ്വാസികൾക്കിടയിൽ ദൈവത്തിന്റെ ചിത്രം പതിച്ച സ്ലിപ്പുകൾ ഇനി വിതരണം ചെയ്യപ്പെടാം. ഹൈക്കോടതി അംഗീകരിച്ചെന്നാവും പറയുക. ഇക്കാരണത്താൽ ചോദ്യം ചെയ്യപ്പെടേണ്ട വിധിയാണിത്. വ്യക്തിപരമായല്ല കാണുന്നത്. പാർട്ടിയുമായി ആലോചിച്ച് തുടർനടപടികളെന്നും എം സ്വരാജ് ന്യൂസ് പറഞ്ഞു.
അതേസമയം, വിധിയിൽ സന്തോഷമുണ്ടെന്ന് തൃപ്പൂണിത്തുറ എംഎൽഎ കെ ബാബു പ്രതികരിച്ചു. ഒരുപാട് പോരാടി നേടിയ തെരഞ്ഞെടുപ്പ് വിജയം. തന്നെ മോശമായി എൽഡിഎഫ് ചിത്രീകരിച്ചു. കോടതി വിധി ഇടതുമുന്നണിയും സ്ഥാനാർത്ഥിയും അംഗീകരിക്കണണെന്നും ബാബു പ്രതികരിച്ചു. വിധി യുഡിഎഫ് പ്രവർത്തകർക്ക് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ആവേശമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മതചിഹ്നം ഉപയോഗിച്ച് കെ.ബാബു വോട്ട് തേടി എന്നായിരുന്നു ഹർജിയിലെ ആക്ഷേപം. ജസ്റ്റിസ് പി.ജി.അജിത് കുമാറിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. വോട്ടർമാർക്ക് നൽകിയ സ്ലിപ്പിൽ സ്ഥാനാർത്ഥിയുടെ ചിത്രത്തിനൊപ്പം ശബരിമല അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചതടക്കമുള്ള വിഷയങ്ങളാണ് എം.സ്വരാജിന്റെ പരാതിക്ക് ആധാരം. താൻ തോറ്റാൽ അയ്യപ്പൻ തോൽക്കുന്നതിന് തുല്യമാണെന്ന് കാണിച്ച് ബാബു മണ്ഡലത്തിൽ പ്രചാരണം നടത്തിയെന്നായിരുന്നു പരാതി.
ജാതി, മതം, ഭാഷ, സമുദായം എന്നിവയുടെ പേരിൽ വോട്ട് ചോദിക്കരുതെന്ന ചട്ടം ലംഘിച്ച ബാബുവിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണം എന്നായിരുന്നു സ്വരാജിന്റെ ആവശ്യം. ഈ ആവശ്യമാണ് കോടതി തള്ളിയത്. തെരഞ്ഞെടുപ്പിൽ മത ചിഹ്നം ഉപയോഗിച്ച് വോട്ട് തേടി എന്ന ആരോപണം സാധൂകരിക്കുന്ന സാക്ഷിമൊഴികളില്ലെന്നും പ്രോസിക്യൂഷൻ സാക്ഷിമൊഴികൾ സംശയത്തിന് അതീതമായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് സ്വരാജിന് വേണ്ടി ഹാജരാക്കിയ രണ്ടു മുതൽ അഞ്ചു വരെയുള്ള സാക്ഷികൾ പറഞ്ഞതൊന്നും വിശ്വാസ്യയോഗ്യമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ ജയിച്ചത് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച കെ ബാബുവായിരുന്നു. മണ്ഡലത്തിലെ സിറ്റിങ് എംഎൽഎ എം സ്വരാജ് പരാജയപ്പെട്ടിരുന്നു. ശബരിമല സ്ത്രീ പ്രവേശന വിഷയം ഏറ്റവുമധികം ചർച്ചയായ മണ്ഡലങ്ങളിലൊന്നായിരുന്നു ഹിന്ദുവോട്ടുകൾ ഏറെയുള്ള തൃപ്പൂണിത്തുറ. ഒന്നാം പിണറായി സർക്കാരിനെതിരെ യുഡിഎഫിന്റെയും ബിജെപിയുടെയും പ്രധാന പ്രചരണായുധവും ഇതായിരുന്നു. സിറ്റിങ് എംഎൽഎയായിരുന്ന സിപിഎം നേതാവ് എം സ്വരാജിനെ 992 വോട്ടുകൾക്ക് തോൽപ്പിച്ചാണ് കോൺഗ്രസിലെ കെബാബു ജയിച്ചു കയറിയത്.