- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'യുഡിഎഫിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി; നേതാക്കൾ കാലുവാരി തോൽപ്പിച്ചു; കേരളാ കോൺഗ്രസ് കടലാസ് സംഘടന'; പാർട്ടി വിട്ട് വിക്ടർ ടി തോമസ്; യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയർമാൻ ബിജെപിയിലേക്ക്?
പത്തനംതിട്ട: കേരളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റും യുഡിഎഫ് ജില്ലാ ചെയർമാനുമായ വിക്ടർ ടി. തോമസ് രാജി വച്ചു. കേരളാ കോൺഗ്രസ് കടലാസ് സംഘടനയായെന്ന് ആരോപണമുയർത്തിയാണ് രാജി. വിക്ടർ ബിജെപിയിൽ ചേരുമെന്നാണ് സൂചനകൾ.
പത്തനംതിട്ട പ്രസ് ക്ലബിൽ വാർത്താ സമ്മേളനം വിളിച്ചു ചേർത്താണ് രാജി പ്രഖ്യാപനം. 20 വർഷമായി കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റും യുഡിഎഫ് ചെയർമാനുമായിരുന്നു. പാർട്ടി പിളർന്നപ്പോൾ പി.ജെ. ജോസഫിനൊപ്പം നിലയുറപ്പിച്ചു. കേരളാ കോൺഗ്രസ് ജോസഫ് കടലാസ് സംഘടനയായി മാറിയെന്നും യു ഡി എഫ് സംവിധാനം നിർജീവമാണെന്നും ആരോപിച്ചാണ് രാജി. ഭാവി പരിപാടികൾ പിന്നീട് ആലോചിച്ച് തീരുമാനിക്കുമെന്നും വിക്ടർ പറഞ്ഞുവെങ്കിലും ബിജെപിയിൽ ചേരുമെന്നാണ് സൂചനകൾ.
സാധാരണ പ്രവർത്തകർക്ക് പാർട്ടിയിൽ പ്രവർത്തിക്കാൻ കഴിയുന്നില്ല. യുഡിഎഫിലും തനിക്ക് വേണ്ടത്ര പരിഗണന കിട്ടിയില്ല. യുഡിഎഫിന് വേണ്ടി കുറെ ത്യാഗം സഹിച്ചു. പൊലീസ് മർദ്ദനം ഏറ്റുവാങ്ങി. തിരുവല്ലയിൽ 2006, 2011 ലും യുഡിഎഫ് നേതാക്കൾ തന്നെ കാലുവാരി തോൽപ്പിച്ചെന്നും യുഡിഎഫിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി ആണ് താനെന്നും വിക്ടർ പറഞ്ഞു.
കെ.എം. മാണിയുടെ അതിവിശ്വസ്തനായി അറിയപ്പെട്ടിരുന്ന വിക്ടർ ടി. തോമസ് കെ.എസ്.സി (എം), യൂത്ത് ഫ്രണ്ട് (എം) എന്നിവയുടെ സംസ്ഥാന പ്രസിഡന്റും കേരളാ കോൺഗ്രസിന്റെ ജില്ലാ പ്രസിഡന്റുമായിരുന്നു. ജോസ് കെ. മാണിയുടെ വരവോടെ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടി വന്നു. സെറിഫെഡ് ചെയർമാനായും സേവനം അനുഷ്ഠിച്ചു.
പ്രതിസന്ധി ഘട്ടങ്ങളിൽ മാണിക്കൊപ്പം നിലയുറപ്പിച്ച വിക്ടർ അവസാന ഘട്ടങ്ങളിൽ അസംതൃപ്തനായിരുന്നു. എൻ.എം. രാജുവിനെ മാണിഗ്രൂപ്പ് ജില്ലാ പ്രസിഡന്റാക്കിയതു മുതൽ തുടങ്ങുന്നു അസംതൃപ്തി. മാണിയുടെ മരണശേഷം പാർട്ടി പിളർന്നപ്പോൾ വിക്ടർ ടി. തോമസ് ജോസഫ് ഗ്രൂപ്പിൽ ചേർന്നു.
കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും സേവനം അനുഷഠിച്ചിട്ടുണ്ട്. പാർട്ടിയുടെ നേട്ടങ്ങൾക്കായി ഒരു പാട് അവിശുദ്ധ കൂട്ടുകെട്ടുകൾ ഉണ്ടാക്കി. കോഴഞ്ചേരിയിൽ വിക്ടർ പഞ്ചായത്ത് പ്രസിഡന്റായത് ബിജെപിയുടെ പിന്തുണയോടെയായിരുന്നു. പിന്നീട് നിരവധി പഞ്ചായത്തുകളിൽ കേരളാ കോൺഗ്രസ് ബിജെപി കൂട്ടുകെട്ടുണ്ടായി. ഒരു തവണ തിരുവല്ലയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. വിക്ടർ ബിജെപി നേതാക്കളുമായി ചർച്ച നടത്തിയെന്നാണ് വിവരം.
മറുനാടന് മലയാളി ബ്യൂറോ