തിരുവനന്തപുരം: ജനകീയ പിന്തുണയോടെ വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിനായി ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ തിരുവനന്തപുരം ലോകത്തിലെ തന്നെ ഏറ്റവും വലിയ മാരിടൈം നഗരമായി മാറുമെന്ന് അദാനി വിഴിഞ്ഞം തുറമുഖ കമ്പനി സിഇഒ രാജേഷ് ഝാ. ഗുജറാത്തിലെ ഉറങ്ങിക്കിടന്ന മുന്ദ്ര തുറമുഖത്തിന് പവർഹൗസ് ആകാമെങ്കിൽ വിഴിഞ്ഞം തുറമുഖത്തിനും തിരുവനന്തപുരത്തിനും അദ്ഭുതങ്ങൾ കാണിക്കാനാകുമെന്നും രാജേഷ് ഝാ പറഞ്ഞു. 'വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുമ്പോൾ' എന്ന സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വിഴിഞ്ഞം തുറമുഖം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയതിലൂടെ ചരിത്രം സൃഷ്ടിച്ച ദിവസമാണ് കടന്നുപോയത്. വിഴിഞ്ഞം തുറമുഖവും വിമാനത്താവളവും ചേരുന്നതോടെ ഇന്ത്യയിൽ മറ്റൊരു നഗരത്തിലും ഇല്ലാത്ത ശക്തമായ സംവിധാനമാണ് ഇവിടെ ഉണ്ടാകാൻ പോകുന്നത്. യഥാർത്ഥത്തിൽ ഇതാണ് തിരുവനന്തപുരത്തിനുള്ള ദൈവത്തിന്റെ സമ്മാനം.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കണ്ടെയ്നർ തുറമുഖമാണ് ഗുജറാത്തിലെ മുന്ദ്രയിലേത്. 25 വർഷം മുമ്പ് മുന്ദ്രയിൽ ഹോട്ടലോ, താമസിക്കാൻ സൗകര്യങ്ങളോ ആശുപത്രികളോ ഇല്ലായിരുന്നു. അങ്ങനെയായിരുന്ന മുന്ദ്ര ഇന്ന് രാജ്യത്തെ ഒന്നാമത്തെ തുറമുഖ പട്ടണമാണ്. മൈനർ പോർട്ടായി പരിഗണിക്കപ്പെടുമ്പോഴും 175 ദശലക്ഷം ടണ്ണിന്റെ ചരക്കുനീക്കമാണ് അവിടെ നടക്കുന്നത്.

മുന്ദ്രയ്ക്ക് അങ്ങനെ ആകാമെങ്കിൽ എല്ലാവരും ഒന്നിച്ചുനിന്നാൽ തിരുവനന്തപുരത്തിനും വിഴിഞ്ഞത്തിനും എന്തുചെയ്യാനാകുമെന്ന് ചിന്തിക്കാവുന്നതേയുള്ളൂ.മുന്ദ്രയിൽ ദിവസങ്ങൾ കൊണ്ട് ചെയ്യാവുന്ന കാര്യങ്ങൾ തിരുവനന്തപുരത്ത് മണിക്കൂറുകൾ കൊണ്ട് ചെയ്യാനാവും.

പ്രധാന സീ റൂട്ട് എന്നത് മൂന്നോനാലോ മൈലുകൾ മാത്രം അകലെയാണെന്നതാണ്. വിഴിഞ്ഞം തുറമുഖത്തെ ജനങ്ങൾ എങ്ങനെ കാണുന്നുവെന്നതിനുള്ള തെളിവാണ് കഴിഞ്ഞദിവസത്തെ ഉദ്ഘാടന ചടങ്ങിലെ പങ്കാളിത്തം. ജാതിമത ഭേദമില്ലാതെ എല്ലാവിഭാഗക്കാരും അവിടേക്ക് ആഘോഷമായി ഒഴുകിയെത്തി. ഈ ഒത്തൊരുമയോടെ പോയാൽ തിരുവനന്തപുരം ലോകത്തിലെ തന്നെ ഏറ്റവും വലിയ മാരിടൈം നഗരമായി മാറും.

അതിനുള്ള ശേഷി തിരുവനന്തപുരത്തിനുണ്ട്.പദ്ധതി യാഥാർത്ഥ്യമാക്കാനും തുടർപ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരും തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലും ശശി തരൂരും ട്രിവാൻഡ്രം ചേംബർ ഒഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും നൽകുന്ന പിന്തുണ വലുതാണെന്നും അദ്ദേഹം പറഞ്ഞു.

4000 കോടി രൂപയാണ് തുറമുഖത്തിനായി അദാനി ഗ്രൂപ്പ് ഇതുവരെ നിക്ഷേപിച്ചത്. 405 കോടി രൂപയാണ് കരാറിന്റെ ഭാഗമായി സർക്കാർ അദാനി ഗ്രൂപ്പിന് നൽകിയത്. വയബിലിറ്റി ഗ്യാപ് ഫണ്ടിനത്തിൽ സംസ്ഥാന സർക്കാർ 818 കോടി രൂപയും കേന്ദ്രസർക്കാർ 418 കോടി രൂപയും നൽകാനുണ്ട്. ബ്രേക്ക് വാട്ടർ നിർമ്മാണത്തിനായി ഗ്രൂപ്പ് 1500 കോടി രൂപ ചെലവഴിച്ചു. ആയിരം കോടി രൂപ അതിനായി ലഭിക്കാനുള്ളപ്പോഴാണ് 405 കോടി നൽകിയത്. 818 കോടി രൂപ അടിയന്തരമായി അനുവദിക്കണമെന്ന് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.