- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ എം വി ജയരാജൻ ഇറങ്ങുമ്പോൾ ആരാകും ജില്ലാ സെക്രട്ടറി?
കണ്ണൂർ: എം വി ജയരാജൻ വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നു ഉറപ്പായ സാഹചര്യത്തിൽ അടുത്ത കണ്ണൂർ ജില്ലാ സെക്രട്ടറിയാരെന്ന ചോദ്യം സി പി എം അണികളിൽ നിന്നുയരുന്നു. മാർക്സിസ്റ്റ് പാർട്ടിയുടെ ഇന്ത്യയിലെ തന്നെ ഏറ്റവും കരുത്തേറിയതും പാർട്ടിക്ക് ആഴമുള്ള വേരോട്ടവുമുള്ള കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് പാർട്ടിക്കുള്ളിലും പുറത്തും സംസ്ഥാന സെക്രട്ടറിയുടെ അധികാരമാണുള്ളത്. അതുകൊണ്ടുതന്നെ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരുന്നതും കരുത്തരായ നേതാക്കളെ തന്നെയാകും.
പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി എം.വി ജയരാജനെ നിലനിർത്തിക്കൊണ്ടു താൽക്കാലികമായാണ് ചുമതല ഏൽപ്പിക്കുകയെന്നതാണ് പാർട്ടിക്കുള്ളിൽ നിന്നും ലഭിക്കുന്ന വിവരം. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ടി.വി. രാജേഷിനാണ് മുഖ്യപരിഗണന നൽകുന്നത്. കാസർകോട് മണ്ഡലത്തിൽ രാജേഷ് മത്സരിക്കുമെന്ന് വാർത്തയുണ്ടായിരുന്നുവെങ്കിലും അവിടെ ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണനാണ് മത്സര രംഗത്തുള്ളത്. അതുകൊണ്ടു തന്നെ ടി.വി. രാജേഷിനെ കണ്ണൂരിലെ പാർട്ടിയുടെ ചുമതല ഏൽപ്പിക്കാനാണ് സാധ്യത.
പിണറായി പക്ഷത്തെ കരുത്തനായ യുവ നേതാവ് കൂടിയാണ് കല്യാശേരി മണ്ഡലം മുൻ എംഎൽഎ കൂടിയായ രാജേഷ്. കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ നിന്നും ജയിച്ചാലും തോറ്റാലും എം.വി ജയരാജൻ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിവരില്ലെന്നാണ് വിവരം. അഥവാ ജയരാജനെ നിലനിർത്തിയാൽ വടകര ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുന്നതിനായി ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിവാക്കിയ പി.ജയരാജന് എന്തുകൊണ്ടു തൽസ്ഥാനം തിരികെ നൽകിയില്ലെന്ന ചോദ്യവും പാർട്ടിക്കുള്ളിൽ നിന്നും ഉയർന്നുവരും. പി.ജയരാജനോട് സംസ്ഥാന നേതൃത്വം വ്യക്തി പൂജയുടെ പേരിൽ കാണിച്ചത് കടുത്ത അനീതിയാണെന്ന് ഇപ്പോൾ തന്നെ പാർട്ടിക്കുള്ളിൽ സംസാരമുണ്ട്.
ടി.വി. രാജേഷിനെ പരിഗണിച്ചില്ലെങ്കിൽ മുതിർന്ന നേതാവായ എം പ്രകാശൻ മാസ്റ്ററെ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്ത് പരിഗണിക്കും. മുൻ അഴിക്കോട് എംഎൽഎയും പാർട്ടി ജില്ലാ സെക്രട്ടറിയേറ്റംഗവും കർഷക സംഘം നേതാവുമാണ് എം. പ്രകാശൻ. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷ്, പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി എന്നിവരും കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് നോട്ടമുള്ളവരാണ്.
എം. വി ജയരാജൻ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്തു നിന്നാണ് കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത്. പി.ജയരാജനെ ഒതുക്കുന്നതിന്റെ ഭാഗമായിരുന്നു ദ്രുതഗതിയിലുള്ള സ്ഥാനചലനം. ഇതേ പാതയിൽ തന്നെ കെ.കെ രാഗേഷോ, പി.ശശി യോ മുഖ്യമന്ത്രി പിണറായി വിജയന്റെ ആശിർവാദത്തോടെ കണ്ണൂരിലെ പാർട്ടിയുടെ അമരക്കാരായാൽ അത്ഭുതപ്പെടാനില്ല.
എന്നാൽ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും കണ്ണൂരിലെ ചില നേതാക്കൾക്കും ഇരുവരും സ്ഥാനാർത്ഥിയായി വരുന്നതിനോട് താൽപര്യമില്ല. ടി.വി. രാജേഷിനൊപ്പമാണ് ഈ കാര്യത്തിൽ പാർട്ടി സംസ്ഥാന നേതൃത്വം. ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ, വടകര, കാസർകോട് പാർലമെന്റ് മണ്ഡലങ്ങൾ നിലനിർത്തൽ, പുതിയ ആസ്ഥാന മന്ദിരം നിർമ്മാണം എന്നിങ്ങനെ ഭാരിച്ച വെല്ലുവിളികളാണ് പുതിയ ജില്ലാ സെക്രട്ടറി നേരിടേണ്ടത്. ഇതിനിടെയിൽ പി.കെ ശ്രീമതിക്ക് സീറ്റു നിഷേധിച്ചതിൽ ഇ.പി. ജയരാജൻ കടുത്ത അതൃപ്തിയിലാണ്. ഇതു വരും ദിനങ്ങളിൽ കണ്ണൂരിലെ സിപിഎം രാഷ്ട്രീയത്തെ കലുഷിതമാക്കാൻ സാധ്യതയേറെയാണ്.