കൽപ്പറ്റ: റായ്ബറേലി, വയനാട് എന്നീ രണ്ട് മണ്ഡലങ്ങളിലും മൂന്ന് ലക്ഷത്തിലധികം ഭൂരിപക്ഷത്തിന് വിജയിച്ചതിന് പിന്നാലെ വയനാട് വിട്ട് നൽകാൻ രാഹുൽ ഗാന്ധിയുടെ തീരുമാനം. മണ്ഡലം മൂന്ന് ദിവസത്തിനകം ഒഴിഞ്ഞേക്കുമെന്നാണ് സൂചനകൾ. ഈ പശ്ചാത്തലത്തിൽ ഉപതിഞ്ഞെടുപ്പിൽ ആര് മത്സരിക്കും എന്ന ചോദ്യവും ഉയരുന്നുണ്ട്.

അതിന് മുമ്പ് രാഹുൽ മണ്ഡലത്തിലെത്തി വോട്ടർമാർക്ക് നന്ദി പറയും. ന്യൂഡൽഹിയിൽ കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിനിടെ മുതിർന്ന നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്. വയനാട് വിടുന്നതിൽ രാഹുലിന് വിഷമമുണ്ടെങ്കിലും ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പാർട്ടി പ്രവർത്തനം ശക്തമാക്കാനാണ് റായ്ബറേലിയിൽ തുടരുന്നതെന്ന് മുതിർന്ന നേതാക്കൾ അറിയിച്ചു. നിലവിൽ കേരളത്തിൽ പാർട്ടി ശക്തമാണെന്നും മികച്ച നേതാക്കളുടെ സാന്നിധ്യം വേണ്ടുവോളമുണ്ടെന്നും പ്രവർത്തന സമിതി വിലയിരുത്തി.

രാഹുൽഗാന്ധി വയനാട് സീറ്റ് ഒഴിയാൻ തീരുമാനിച്ചതോടെ പുതിയ സ്ഥാനാർത്ഥി ആരെന്ന ചർച്ചകൾ ഔദ്യോഗികമായി തുടങ്ങിയിട്ടില്ലെങ്കിലും പല പേരുകളും സജീവമാണ്. രാഹുലിന് പകരം പ്രിയങ്കാ ഗാന്ധി തന്നെ മത്സരിക്കാനെത്തുമെന്നാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം കരുതുന്നത്. നിലവിൽ താല്പര്യം അറിയിച്ചിട്ടില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഇക്കാര്യം ഹൈക്കമാൻഡ് ഗൗരവത്തോടെ ചർച്ച ചെയ്യുമെന്നാണ് വിവരം.

പ്രിയങ്കയുടെ സാന്നിധ്യം സംസ്ഥാന കോൺഗ്രസ് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. കെ മുരളീധരൻ മത്സരിക്കാൻ ഇല്ലെന്ന് ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു. ഈ പശ്ചാത്തലത്തിൽ സീറ്റ് മോഹിക്കുന്നവർ പലരാണ്. യുഡിഎഫ് കൺവീനർ എം എം ഹസനാണ് ഇവരിൽ മുമ്പൻ. മുതിർന്ന നേതാവെന്ന പരിഗണന ഹസന് ലഭിച്ചേക്കും. മുസ്ലിം സ്ഥാനാർത്ഥിക്ക് വിജയ സാധ്യതയുള്ള വയനാട്ടിൽ കോൺഗ്രസ് മുസ്ലിം സ്ഥാനാർത്ഥിയെ തന്നെ മത്സരിപ്പിക്കണെന്ന അഭിപ്രായം മുസ്ലിം സംഘടനകൾക്കുണ്ട്

സംസ്ഥാനത്ത് പൊതുവെയും മലബാറിൽ പ്രത്യേകിച്ചും മുസ്ലിം വോട്ടർമാർ നല്കിയ പിന്തുണ പരിഗണിച്ചാവണം വയനാട്ടിലെ സ്ഥാനാർത്ഥി നിർണയം എന്നാണ് മുസ്ലിം സംഘടനകൾ പൊതുവെ ആവശ്യപ്പെടുന്നത്. എം എം ഹസനെ കൂടാതെ ആര്യാടൻ ഷൗക്കത്ത് എന്നിവരുടെ പേരുകളാണ് സ്ഥാനാർത്ഥി ചർച്ചകളിൽ ഉയർന്നുകേൾക്കുന്നത്.

വയനാട്ടിൽ മത്സരിക്കാൻ പ്രിയങ്കയോട് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും തയാറല്ലെന്നാണ് അവർ അറിയിച്ചിരിക്കുന്നത്. റായ്ബറേലിയും അമേഠിയും ഗാന്ധി കുടുംബത്തോട് കൂറ് പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരളത്തിൽ വരുന്നതിനേക്കാൾ ഉത്തർപ്രദേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് പ്രിയങ്കയും താൽപര്യപ്പെടുന്നത്. അതെ സമയം ലോക്‌സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം രാഹുൽ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തക സമിതി ഐകകണ്‌ഠ്യേന പ്രമേയം പാസാക്കി. രാഹുൽ ഗാന്ധിക്കുള്ള ജനവിധിയാണ് ലോക്‌സഭ തെരഞ്ഞെടുപ്പിലേതെന്ന് യോഗം വിലയിരുത്തി.

കോൺഗ്രസ് നേതാക്കളുടെ സമ്മർദങ്ങൾക്കിടയിലും പദവി ഏറ്റെടുക്കാൻ രാഹുൽ തയാറായിരുന്നില്ല. ഇതേത്തുടർന്നാണ് തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ചേർന്ന പ്രവർത്തക സമിതി ഇക്കാര്യം ചർച്ചചെയ്ത് പ്രമേയം പാസാക്കിയത്. ശക്തവും ജാഗ്രതയുള്ളതുമായ പ്രതിപക്ഷത്തെ നയിക്കാൻ രാഹുൽ ഗാന്ധി നേതൃപദവി ഏറ്റെടുക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. കാബിനറ്റ് റാങ്കുള്ള പ്രതിപക്ഷ നേതൃപദവി ലഭിക്കുന്നതോടെ രാഹുലിന് ദേശീയ രാഷ്ട്രീയത്തിൽ നിർണായക റോൾ ലഭിക്കുമെന്നാണ് സമിതിയുടെ അഭിപ്രായം.