ന്യൂഡൽഹി: ലോകസഭയിലെ തീപ്പൊരി നേതാവാണ് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മോയിത്ര. സഭയിൽ തീപ്പൊരി പ്രസംഗങ്ങളിലൂടെ കത്തിക്കയറുന്ന നേതാവ്. അവരുടെ വായടപ്പിക്കാൻ വേണ്ടിയുള്ള ബിജെപി ശ്രമങ്ങളുടെ വിജയമാണ് ഏറ്റവും ഒടുവിലായി വ്യവസായി ഹീരാനന്ദിനി വിഷയത്തിൽ ഉണ്ടായിരിക്കുന്നത്. ചോദ്യത്തിന് കോഴ ആരോപണം ഉയർന്നതോടെ പ്രതിരോധത്തിലായ മഹുവയ്ക്ക് വിഷയത്തെ പ്രതിരോധിക്കുന്നതിൽ പലയിടത്തും പാളിച്ച സംഭവിച്ചു.

എത്തിക്‌സ് കമ്മിറ്റി മുമ്പാകെ എത്തിയപ്പോൾ ഉയർന്ന ചോദ്യങ്ങളിൽ അവർക്ക് കൺട്രോൾ പോകുന്ന അവസ്ഥയുമുണ്ടായി. മഹുവയെ ചൊടിപ്പിച്ചത് വ്യക്തിപരമായ ചോദ്യങ്ങളായിരുന്നു. വ്യവസായി ഹീരാനന്ദാനിയുടെ ഭാര്യയുമായുള്ള ബന്ധം എങ്ങനെയായിരുന്നു, ദുബായിൽ പോകുമ്പോൾ രാത്രി തങ്ങുന്നത് എവിടെയാണ് തുടങ്ങിയ വ്യക്തിപരമായ ചോദ്യങ്ങളാണ് തൃണമൂൽ എംപി മഹുവ മൊയ്ത്ര പാർലമെന്റിന്റെ എത്തിക്‌സ് സമിതി യോഗത്തിൽനിന്ന് ക്ഷുഭിതയായി ഇറങ്ങിപ്പോകാനിടയാക്കിയത്.

ദുബായിലെ വ്യവസായിയുമായുള്ള ബന്ധം ഏതു തരത്തിലുള്ളതാണെന്ന ചോദ്യത്തെ മറ്റു പ്രതിപക്ഷ എംപിമാർ എതിർത്തതായും എത്തിക്‌സ് സമിതി ഇന്നലെ സ്പീക്കർക്കു കൈമാറിയ റിപ്പോർട്ടിലുണ്ടെന്നറിയുന്നു. ഹീരാനന്ദാനി ബാല്യകാല സുഹൃത്താണെന്നും അനധികൃതമായി പാർലമെന്റ് ലോഗിൻ ഐഡി ഉപയോഗിച്ചിട്ടില്ലെന്നും മഹുവ ആവർത്തിച്ചപ്പോഴായിരുന്നു വ്യക്തിപരമായ ചോദ്യങ്ങൾ സഭാ സമിതി ചെയർമാൻ ചോദിച്ചത്.

ഹീരാനന്ദാനിയുമായും പരാതിക്കാരൻ അഭിഭാഷകൻ ദേഹദ്‌റായിയുമായും വ്യക്തിബന്ധമുണ്ടായിരുന്നുവെന്ന് മഹുവ പറഞ്ഞിരുന്നു. ആരോടൊക്കെ സംസാരിക്കാറുണ്ട്, ദുബായിൽ പോയാൽ കഴിയുന്നത് എവിടെ എന്നൊക്കെ ചോദിച്ചപ്പോഴാണ് താങ്കൾക്കും സമിതിക്കുമെതിരെ പരാതി കൊടുക്കുമെന്നു പറഞ്ഞ് മഹുവ ക്ഷുഭിതയായത്.

47 തവണ ദുബായിൽനിന്ന് മഹുവയുടെ ലോഗിൻ വിവരങ്ങളുപയോഗിച്ച് എൻഐസി പോർട്ടലിൽ കയറിയത് രാജ്യസുരക്ഷയ്ക്കു ഭീഷണിയായേക്കുമെന്ന് ആഭ്യന്തര മന്ത്രാലയവും സമിതിയെ അറിയിച്ചതായാണ് വിവരം. എന്നാൽ ഇതു തന്റെ സാന്നിധ്യത്തിലാണെന്നായിരുന്നു മഹുവയുടെ നിലപാട്.

ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് ശരിയല്ലെന്നു മഹുവ പലവട്ടം പറയുന്നതും റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. പ്രതിപക്ഷാംഗങ്ങളായ ഡാനിഷ് അലിയും ഗിരിധാരി യാദവും ഇത്തരം ചോദ്യങ്ങൾ പാടില്ലെന്നും പറയുന്നുണ്ട്. ഇത് വസ്ത്രാക്ഷേപമാണെന്ന് ഡാനിഷ് അലി പറയുന്നതും ഉണ്ടെന്നറിയുന്നു. സമിതിയെ അപമാനിക്കാൻ ശ്രമിച്ചതിന് ഡാനിഷ് അലിക്കെതിരെയും നടപടി വേണമെന്ന് റിപ്പോർട്ടിൽ നിർദേശിച്ചതായും അറിയുന്നു.

ലോക്‌സഭയിൽ കന്നിക്കാരിയെങ്കിലും തീപ്പൊരിയാണ് ബംഗാളിലെ കൃഷ്ണ നഗറിൽ നിന്നുള്ള ഈ തൃണമൂൽ കോൺഗ്രസ് അംഗം. 2016 മുതൽ 2019 വരെ ബംഗ്ലാദേശ് അതിർത്തിയിലെ സിപിഎം കോട്ടയായ കരിംപുരിൽനിന്ന് ബംഗാൾ നിയമസഭാംഗമായിരുന്ന മഹുവയുടെ തുടക്കം യൂത്ത് കോൺഗ്രസിലൂടെയാണ്. ചേർന്ന് ഒരു വർഷത്തിനു ശേഷം കോൺഗ്രസിന്റെ പ്രവർത്തനം പോരെന്നു കണ്ടാണ് തൃണമൂലിലേക്ക് ചുവടു മാറിയത്. തുടക്കത്തിൽ പാർട്ടി അധ്യക്ഷ മമതാ ബാനർജിക്കു പ്രിയങ്കരി ആയിരുന്നെങ്കിലും അനാവശ്യ വിവാദങ്ങൾ അൽപം അകൽച്ചയിലെത്തിച്ചിട്ടുണ്ട്.

കൊൽക്കത്തയിലും വിദേശത്തും പഠിച്ച് വിദേശത്ത് ജോലിയും ചെയ്ത ശേഷമാണ് ഒരു പതിറ്റാണ്ട് മുൻപ് മാത്രം മഹുവ രാഷ്ട്രീയത്തിലേക്കിറങ്ങിയത്. കുറിക്കു കൊള്ളുന്ന പ്രാസംഗികയായ മഹുവ വളരെ പെട്ടെന്ന് മമതയുടെ പ്രിയങ്കരിയായി. 2016ൽ നിയമസഭയിലെത്തിയ മഹുവയെ 2019ൽ മമത ലോക്‌സഭയിലേക്ക് അയച്ചത് അവരുടെ പോരാട്ട മികവും കാര്യശേഷിയും കണ്ടാണ്. രാജ്യസഭയിൽ ഡെറക് ഒബ്രിയനും ലോക്‌സഭയിൽ മഹുവയുമാണ് തൃണമൂലിന്റെ പോരാളികൾ. ലോക്‌സഭയിലെ കലാപകാരിയായ അംഗമാണ് മഹുവ മൊയ്ത്ര. ബിജെപി- മോദി വിരോധമാണ് ഇരുവരുടെയും മുഖമുദ്ര. ഇംഗ്ലിഷിൽ തീ പാറിക്കുന്ന ഇരുവരും പ്രതിപക്ഷത്തിന്റെ പ്രിയപ്പെട്ടവരുമാണ്.

പലപ്പോഴും സഭാ നിയമത്തിന്റെ അതിർവരമ്പുകൾ മറികടന്ന് കലഹിക്കുന്ന മഹുവ തുടക്കം മുതൽത്തന്നെ ബിജെപിയുടെ നോട്ടപ്പുള്ളി ആയിരുന്നു. ലോക്‌സഭയിലെ പ്രവർത്തനം നോക്കിയാൽ മികച്ച എംപിയാണ് മഹുവ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും ബിജെപിയെയും കടുത്ത ഭാഷയിൽ വെല്ലുവിളിക്കുന്നതിൽ ശക്തയാണ്. എത്രയോ വിഷയങ്ങളിൽ നിയമ പോരാട്ടം നടത്താൻ വരെ മുന്നിലുണ്ടായിരുന്നു മഹുവ. ഈ നേട്ടങ്ങൾക്കിടയിലാണ് സ്വയം കുഴിച്ച കുഴിയിൽ ചെന്നുവീണത്.

ലോക്‌സഭയിൽ ഉന്നയിച്ച ചോദ്യങ്ങളാണ് മഹുവയെ ആരോപണത്തിന്റെ മുൾമുനയിൽ' നിർത്തുന്നത്. ഇഷ്ടക്കാരനായ വ്യവസായി ദർശൻ ഹിരനന്ദാനിയിൽ നിന്ന് പ്രതിഫലവും സമ്മാനങ്ങളും വാങ്ങി ചോദ്യം ചോദിച്ചെന്നാണ് ആരോപണം. ആദ്യം ഇല്ലെന്നു പറഞ്ഞ മഹുവ, പിന്നീട് ചെറിയ സമ്മാനങ്ങൾ കൈപ്പറ്റിയെന്ന് സമ്മതിച്ചു. സുഹൃത്തായ ദർശൻ ഹിരനന്ദാനി തനിക്കാവശ്യമായ ചോദ്യങ്ങൾ തയാറാക്കി മഹുവയുടെ പേരിൽ ചോദ്യം ചോദിക്കേണ്ട ലോക്‌സഭാ സൈറ്റിൽ ഓൺലൈനായി സമർപ്പിച്ചെന്നാണ് ആരോപണം. ഇവയിൽ മിക്കതും വ്യവസായി ഗൗതം അദാനിയെ സംബന്ധിച്ചായിരുന്നു.

ഇതിനായി ലോക്‌സഭാംഗത്തിന്റെ ഓൺലൈൻ ഐഡിയും പാസ്വേഡും ഹിര നന്ദാനിക്ക് നൽകി എന്ന് മഹുവയ്ക്ക് സമ്മതിക്കണ്ടി വന്നു. ആ കുറ്റസമ്മതമാണ് മഹുവയെ കുടുക്കിയതും ഇപ്പാൾ നടപടിയിലേക്കെത്തിയതും. ഹിര നന്ദാനിക്കുവേണ്ടി മഹുവ, ലോക്‌സഭയിൽ ചോദ്യങ്ങൾ ചോദിച്ചെന്ന് സിബിഐയിൽ പരാതി നൽകിയത് മറ്റാരുമല്ല; മുൻ പങ്കാളിയായ ജയ് ആനന്ദാണ്. ഒപ്പം മഹുവയോട് പോരടിക്കുന്ന ബിജെപി ലോക്‌സഭാംഗം നിഷികാന്ത് ദുബെയുടെ പരാതി കൂടി ആയപ്പോൾ മഹുവ ശരിക്കും പെട്ടു.