- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുരേഷ് ഗോപിയെ ഇറക്കിവിട്ടതിന്റെ കാരണം വിശദീകരിച്ച് സുകുമാരൻ നായർ
ചങ്ങനാശേരി : 2015 ൽ എൻ.എസ്.എസ് ആസ്ഥാനത്ത് നിന്ന് സുരേഷ് ഗോപിയെ ഇറക്കിവിട്ടതിന്റെ കാരണം വിശദീകരിച്ച് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ബജറ്റ് അവതരണം നടക്കുന്ന ഹാളിലേക്ക് സുരേഷ് ഗോപി വന്നത് ശരിയായില്ല. അരുവിക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ഗോപി എൻ.എസ്.എസ് ബജറ്റ് സമ്മേളന ഹാളിൽ എത്തിയത് ചില ലക്ഷ്യങ്ങളോടെയായിരുന്നുവെന്ന് സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
യോഗ സ്ഥലത്ത് വരെ എത്താനുള്ള അടുപ്പം തനിക്കുണ്ടെന്ന് കാണിക്കുകയായിരുന്നു. തെറ്റു സമ്മതിച്ച സുരേഷ് ഗോപിയെക്കൊണ്ട് മാപ്പു പറയിപ്പിച്ചത് ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞു. പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്ത് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ എത്തിയതായിരുന്നു സുരേഷ് ഗോപി. പുഷ്പാർച്ചന നടത്തിയ ശേഷം സുകുമാരൻ നായരെ കാണാൻ ശ്രമിച്ചെങ്കിലും അദ്ദേഹം വിസമ്മതിക്കുകയായിരുന്നു.
വിവാദം ഇങ്ങനെ
2015ൽ എൻഎസ്എസ് ബജറ്റ് സമ്മേളനത്തിനിടെ അനുമതിയില്ലാതെ അകത്തു പ്രവേശിച്ചതിനെ തുടർന്നു സുരേഷ് ഗോപിയെ ആസ്ഥാനത്തുനിന്നു സുകുമാരൻ നായർ പുറത്താക്കിയിരുന്നു. ഈ സംഭവം വലിയ വിവാദമായി. എൻഎസ്എസിനെ കുറിച്ചോ പ്രവർത്തനത്തെ കുറിച്ചോ ഇതുവരെ ഒന്നന്വേഷിക്കുക പോലും ചെയ്യാത്ത സുരേഷ് ഗോപിയുടെ വരവ് രാഷ്ട്രീയ ലക്ഷ്യം വച്ചാണെന്നായിരുന്നു അന്ന് സുകുമാരൻ നായർ പറഞ്ഞത്.
അരുവിക്കര തിരഞ്ഞെടുപ്പിൽ പ്രചാരണം നടത്തുകയും വോട്ടെടുപ്പിന്റെ അന്ന് എൻഎസ്എസ് ആസ്ഥാനത്തെത്തുകയും ചെയ്യുന്ന തന്ത്രം മനസ്സിലാകും. അത്തരം ഷോ എൻഎസ്എസിൽ വേണ്ട. ആരായാലും അത്തരം അഹങ്കാരം അനുവദിക്കില്ലെന്നും സുകുമാരൻ നായർ അന്നു തുറന്നടിച്ചു. എൻഎസ്എസ് ആസ്ഥാനത്തുനിന്ന് ഇറങ്ങേണ്ടിവന്നപ്പോൾ ഹൃദയം പൊട്ടിയെന്നു നടൻ സുരേഷ് ഗോപിയും പറഞ്ഞിരുന്നു.
'എന്നാൽ തന്നെ ഇറക്കി വിട്ടിട്ടില്ലെന്ന് അദ്ദേഹം തന്നെ പിന്നീടു വ്യക്തമാക്കിയിരുന്നു. മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തിയശേഷം ബജറ്റ് സമ്മേളനം നടക്കുന്നിടത്തേക്ക് ഒരാൾ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. പക്ഷേ അത് അബദ്ധമായി. ഞാൻ സമുദായത്തെ ബഹുമാനിക്കുന്നയാളാണ്. കലാകാരനായാണ് അവിടെ ചെന്നത്. വന്നതു തെറ്റായിപ്പോയെന്നും ഇന്നത്തെ ദിവസം വരാൻ പാടില്ലായിരുന്നുവെന്നുമാണു ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞത്. അപ്പോൾ തന്നെ തിരികെ പോന്നു. അല്ലാതെ ഇറക്കിവിട്ടിട്ടില്ല' സുരേഷ്ഗോപി പറഞ്ഞു.