തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് നാളെ ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ച് നടത്തും. നാളെ രാത്രി എട്ടിനാണ് സമര ജ്വാല എന്ന പേരിൽ ക്ലിഫ് ഹൗസ് മാർച്ച് സംഘടിപ്പിക്കുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി പറഞ്ഞു. രാഹുലിന്റെ മെഡിക്കൽ രേഖ അട്ടിമറിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നും അബിൻ വർക്കി ആവശ്യപ്പെട്ടു.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന്റെ ചികിത്സ സംബന്ധിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രസ്താവനക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിലിന്റെ നിർദ്ദേശപ്രകാരം അഭിഭാഷകനായ മൃദുൽ ജോൺ മാത്യു മുഖേന വക്കീൽനോട്ടീസ് നൽകുമെന്നും അബിൻ വർക്കി അറിയിച്ചു. അതേസമയം, അറസ്റ്റിൽ പ്രതിഷേധിച്ച് ജില്ലാതല പ്രതിഷേധങ്ങൾ വരും ദിവസങ്ങളിലും തുടരും. ജനുവരി 12ന് കോട്ടയം, കണ്ണൂർ ജില്ലകളിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്നും അബിൻ വർക്കി അറിയിച്ചു.

ഗോവിന്ദന്റേത് സാഡിസ്റ്റ് ചിന്തയാണെന്നും വ്യക്തിപരമായ ആരോഗ്യവിവരങ്ങളാണ് വ്യാജമെന്ന് പറഞ്ഞതെന്നും ഇത് മനുഷ്യത്വവിരുദ്ധമാണെന്നും യൂത്ത് കോൺഗ്രസ് അബിൻ വർക്കി പ്രതികരിച്ചിരുന്നു. 'രാഹുലിനെ ചാരി ഗോവിന്ദൻ ജയരാജന്മാരെ അടിക്കാനാണോ ഉദ്ദേശിക്കുന്നത്. ജാമ്യം ലഭിക്കാൻ വേണ്ടി കുറുക്കുവഴികൾ തേടുന്നത് ജയരാജന്മാരാണ്. എത്ര കേസെടുത്താലും കാര്യമില്ല. കേസുകൾ കൊണ്ട് തളർത്താമെന്ന് ശശിമാർ വിചാരിക്കണ്ട.കേരളത്തിൽ നടക്കുന്നത് ശശിരാജാണ്'.- അബിൻ വർക്കി പറഞ്ഞു.

ജനറൽ ആശുപത്രിയിൽ ന്യൂറോ സർജൻ ഉണ്ടോ എന്ന് സംശയമാണ്. രക്തസമ്മർദം നോക്കിയപ്പോൾ പോലും ഉയർന്ന നിലയിലായിരുന്നു. ആരുടെ സമ്മർദപ്രകാരമാണ് മെഡിക്കൽ റിപ്പോർട്ട് ഉണ്ടായത് എന്നറിയില്ല. സംശയങ്ങളിൽ അന്വേഷണം വേണം. ആരോഗ്യ റിപ്പോർട്ടിനെ അട്ടിമറിക്കാൻ ആരെങ്കിലും ശ്രമിച്ചെങ്കിൽ അന്വേഷണം വേണം. ഗോവിന്ദന് വക്കീൽ നോട്ടീസയക്കും. നഷ്ടപരിഹാരവും ആവശ്യപ്പെടും. ക്രിമിനൽ നടപടികൾ കൂടി സ്വീകരിക്കേണ്ട പ്രസ്താവനയാണ് ഗോവിന്ദന്റേതെന്നും അബിൻ വർക്കി പറഞ്ഞിരുന്നു.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ പങ്കെടുത്തവർക്കെതിരെ പൊലീസ് കേസെടുത്തു ഷാഫി പറമ്പിൽ എംഎ‍ൽഎയെ ഒന്നാംപ്രതിയാക്കിയാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുത്തത്.

അഞ്ച് യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് എതിരെയും കണ്ടാലറിയാവുന്ന 150 പേർക്കെതിരെയുമാണ് കേസ്. ഷാഫിയെ കൂടാതെ യൂത്ത് കോൺഗ്രസ് നേതാക്കളായ സുധീർ ഷാ, നേമം ഷജീർ, സാജു അമർദാസ്, മനോജ് മോഹൻ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ള മറ്റു പേരുകൾ. അന്യായമായി സംഘം ചേരൽ, ഗതാഗത തടസ്സം സൃഷ്ടിക്കൽ എന്നിവയാണ് ഇവർക്കെതിരെ കുറ്റം ചുമത്തിയത്.

രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇന്നലെയാണ് യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയത്. സെക്രട്ടറിയേറ്റിന് മുന്നിലെത്തി മുദ്രാവാക്യം വിളിച്ച പ്രവർത്തകർ ബാരിക്കേഡുകൾ തള്ളിയിടാനും ശ്രമിച്ചു. പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

'നവഗുണ്ടാ സദസ്സി'നെതിരെ നടന്ന പ്രതിഷേധങ്ങളുടെ അസ്വസ്ഥത പിണറായി വിജയന് ഇനിയും മാറിയിട്ടില്ലെന്നും അതിന്റെ തെളിവാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് എന്നും ഷാഫി പറമ്പിൽ പറഞ്ഞു. വീടുവളഞ്ഞുള്ള അറസ്റ്റ് പൊലീസിന്റെ ബോധപൂർവമായ പ്രകോപനമാണ്. പിണറായി വിജയന്റെ നേരിട്ടുള്ള നിർദേശമാണ് ഇക്കാര്യത്തിലുണ്ടായത്. അറസ്റ്റ് ചെയ്യാൻ വീട്ടിൽ വന്ന പൊലീസ് രാഹുലിന്റെ അമ്മയോട് പറഞ്ഞത് മുകളിൽ നിന്നുള്ള സമ്മർദം കൊണ്ടാണ് അറസ്റ്റ് ചെയ്യേണ്ടിവന്നത് എന്നാണ്. ഇതിൽ നിന്ന് പിണറായി വിജയന്റെ അസ്വസ്ഥത വ്യക്തമാണെന്നും ഷാഫി പ്രതികരിച്ചു.