- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സംഘടനാ കരുത്ത് ആർക്കെന്ന് തെളിയിച്ച് ഒന്നാമതെത്താൻ എയും ഐയും; ഹൈക്കമാണ്ട് കരുത്തിൽ കരുത്ത് കാട്ടാൻ കെസി അനുകൂലികളും; ആദ്യ ദിനം അംഗത്വമെടുത്തത് 60,000 പേർ; സഹോദരിയെ സംഘടനയിൽ ചേർത്ത് രാഹുൽ മാങ്കൂട്ടത്തിൽ; ഭാര്യയെ മെമ്പറാക്കി അബിൻ വർക്കി കോടിയാട്ടൂം; ഇനിയുള്ള ഒരു മാസം വോട്ടെടുപ്പ് കാലം; യൂത്ത് കോൺഗ്രസ് ജനാധിപത്യ വഴിയിൽ
തിരുവനന്തപുരം: ആപ്പിലെ വോട്ട് വിജയിച്ചാൽ യൂത്ത് കോൺഗ്രസിൽ എല്ലാ അർത്ഥത്തിലും ജനാധിപത്യമെത്തും. അംഗമാകുമ്പോൾ തന്നെ വോട്ട് ചെയ്യുന്ന രീതി. എല്ലാ അംഗങ്ങളും വോട്ട് ചെയ്ത് അവരുടെ ഭാരവാഹികളെ കണ്ടെത്തുന്നു. അംഗത്വം എടുക്കുന്നതിനൊപ്പം തന്നെ ആപ്പ് മുഖേന സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റ്, ജില്ലാ ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റ്, മണ്ഡലം പ്രസിഡന്റ് എന്നീ പദവികളിലേക്കു വോട്ട് ചെയ്യണം. ഇതാണ് ഇത്തവണത്തെ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിന്റെ രീതി. അതുകൊണ്ട് തന്നെ അംഗങ്ങളെ ചേർക്കാനും വോട്ടുകൾ വാരിക്കൂട്ടാനും മത്സരിക്കുന്നവർ എങ്ങും സജീവം. യൂത്ത് കോൺഗ്രസിന്റെ സംഘടനാ തിരഞ്ഞെടുപ്പിനു വാശിയോടെ തുടക്കമായിരിക്കുകയാണ്.
ഇനി ഒരു മാസം വോട്ട് രേഖപ്പെടുത്തൽ നടക്കും. ഇതിൽ ആരു ജയിക്കുമെന്നതാണ് നിർണ്ണായകം. വാശിയോടെ എയും ഐയും ആളുകളെ ചേർക്കുന്നു. കേരളത്തിലെ കോൺഗ്രസിലെ അട്ടിത്തട്ടിൽ കരുത്താർക്കെന്ന് കാണിക്കാനുള്ള അവസരമായാണ് യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ ഏവരും കാണുന്നത്. കെസി വേണുഗോപാലിനെ അനുകൂലിക്കുന്ന ഹൈക്കമാണ്ട് ഗ്രൂപ്പും സജീവ ഇടപെടൽ നടത്തുന്നു. അങ്ങനെ ത്രികോണ പോരാണ് നടക്കുന്നത്. അംഗങ്ങളെ ചേർക്കാൻ എഐ വിഭാഗങ്ങൾ ആദ്യദിനം തന്നെ കൂട്ടത്തോടെ രംഗത്തിറങ്ങി. 'ആപ്പ്' പണി മുടക്കിയതു ചിലയിടത്തെങ്കിലും ആ ആവേശം കെടുത്തി. എങ്കിലും ആദ്യദിനം ഏകദേശം 60,000 പേർ അംഗത്വമെടുത്തെന്നാണ് ഇരുവിഭാഗങ്ങളും അവകാശപ്പെടുന്നത്. ജൂലൈ 28 വരെ അംഗത്വ വിതരണം തുടരും. വോട്ടെണ്ണൽ തീയതി പ്രഖ്യാപിച്ചിട്ടില്ല.
വിത്ത് ഐവൈസി എന്ന ആപ്പിൽ വ്യക്തിഗത വിവരങ്ങൾ രേഖപ്പെടുത്തി അംഗമാകാം. അംഗത്വം എടുക്കുന്നതിന് ഒപ്പം വോട്ടും ചെയ്യണം. അംഗം ആകുന്നവർക്കു മറ്റുള്ളവരെ അംഗമാക്കാനും കഴിയും. യൂത്ത് കോൺഗ്രസിനോടുള്ള ആഭിമുഖ്യം വിവരിക്കുന്ന എട്ടു സെക്കൻഡ് എങ്കിലും ദൈർഘ്യമുള്ള വിഡിയോ ഓരോ അംഗവും അപ് ലോഡ് ചെയ്യണം അംഗത്വ ഫീസായ 50 രൂപ അടയ്ക്കണം. ഇതിന് വേണ്ട മാർഗ്ഗ നിർദ്ദേശം നൽകാൻ എല്ലാ ജില്ലകളിലും ഓരോ ഗ്രൂപ്പും പ്രത്യേക സംവിധാനം ഉണ്ടാക്കിയിട്ടുണ്ട്. 50 രൂപ അംഗത്വ ഫീസിലൂടെ പ്രവർത്തന മൂലധനവും യൂത്ത് കോൺഗ്രസിന് കിട്ടും.
സംസ്ഥാന പ്രസിഡന്റ് സ്ഥാനാർത്ഥികളായ 'എ'യുടെ രാഹുൽ മാങ്കൂട്ടത്തിൽ സഹോദരി ധന്യയെ യൂത്ത് കോൺഗ്രസ് അംഗമാക്കി തന്റെ പ്രചാരണത്തിനു തുടക്കം കുറിച്ചപ്പോൾ 'ഐ'യുടെ അബിൻ വർക്കി ഭാര്യ ഗീതുവിനാണ് ആദ്യ മെംബർഷിപ് നൽകിയത്. 50 രൂപയാണ് അംഗത്വ ഫീസ്. അത് അടച്ച് അംഗമാകുന്നതിനൊപ്പമാണു വോട്ടും ചെയ്യേണ്ടത്. അതുകൊണ്ടു തന്നെ അംഗത്വ വിതരണത്തിനായി പണവുമായി എല്ലാ വിഭാഗങ്ങളും താഴെ തട്ടു മുതൽ രംഗത്തുണ്ട്. മണ്ഡലം തലങ്ങളിൽ എന്റോളർമാരെ പ്രത്യേകമായി എയും ഐയും നിയോഗിച്ചു. രണ്ടു ഗ്രൂപ്പുകളും നേരത്തെ മണ്ഡലം തലം വരെ ഗ്രൂപ്പ് യോഗങ്ങൾ ചേർന്നിരുന്നു. പ്രധാന നേതാക്കളും കെപിസിസി ഭാരവാഹികളും എംഎൽഎമാരും ഈ ഉൾപാർട്ടി ജനാധിപത്യ പ്രക്രിയയിൽ സജീവമായി ഇടപെടുന്നു.
ജില്ലയിലും താഴേക്കും എഐ മത്സരം ഉണ്ടെങ്കിലും പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പോരാട്ടത്തിന്റെ അതേ ചിത്രമല്ല ജില്ലകളിലേത്. രണ്ടു ഗ്രൂപ്പുകൾക്കും ഉള്ളിലുള്ള തർക്കങ്ങളും പ്രാദേശിക പോരാട്ടങ്ങളിൽ പ്രതിഫലിക്കുന്നുണ്ട്. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ആകെ 14 സ്ഥാനാർത്ഥികളാണ് ഉള്ളത്. ഏറ്റവും കൂടുതൽ വോട്ടു ലഭിക്കുന്ന ആൾ പ്രസിഡന്റും ബാക്കി എട്ടുപേർ വൈസ് പ്രസിഡന്റുമാരുമാകും. ഇരുനൂറിലേറെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥികളിൽ കൂടുതൽ വോട്ടു ലഭിക്കുന്ന 45 പേർക്കാണ് അവസരം. അങ്ങനെ നോമിനേഷൻ ഇല്ലാതെ യൂത്ത് കോൺഗ്രസ് ഭാരവാഹികൾ എത്തും.
ആരെയും തോൽപിച്ച് ഒന്നാമൻ ആകാനല്ല നമ്മൾ ഒന്നിച്ച് ഒന്നാമതാകാനാണ് മത്സരമെന്ന് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന 'എ' ഗ്രൂപ്പിന്റെ സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. അനീതികളോട് സമരസപ്പെടാത്ത, ആലംബഹീനരുടെ ആശ്രയമായി മാറുന്ന സമര സംഘടനയായി ഇന്ത്യൻ യൂത്ത് കോൺഗ്രസിനെ മാറ്റിയെടുക്കാൻ മുന്നിൽ ഉണ്ടാകുമെന്ന് 'ഐ' ഗ്രൂപ്പ് സ്ഥാനാർത്ഥി അബിൻ വർക്കി കോടിയാട്ടും വ്യക്തമാക്കി.
'ഈ ജനാധിപത്യ മഹോത്സവത്തിൽ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ഞാനും മത്സരിക്കുകയാണ്. അത് പക്ഷേ കൂടെയുള്ള ആരെയും തോല്പിച്ച് ഒന്നാമൻ ആകാനല്ല , നമ്മൾ ഒന്നിച്ച് ഒന്നാമതാകാനാണ്. നമ്മുടെ രാഷ്ട്രീയം ശക്തമായി ഉയർത്തിപ്പിടിക്കാനാണ്. സമരത്തിലും സേവനത്തിലും, തെരുവിലും ജയിലറയിലും ഒന്നിച്ച് നിന്ന പ്രിയപ്പെട്ടവരാണ് മത്സരിക്കുന്നത്. എല്ലാവർക്കും വിജയാശംസകൾ' -രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്‌ബുക്കിൽ കുറിച്ചു.
സംസ്ഥാന കോൺഗ്രസ് നേതാക്കളുടെ എതിർപ്പ് തള്ളിയാണ് യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് നടപടികളിലേക്ക് നീങ്ങുന്നത്. തിരഞ്ഞെടുപ്പു നടത്തുന്നത് ഗ്രൂപ്പുപോരിന് ആക്കം കൂട്ടുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എംപിമാരായ കെ. മുരളീധരൻ, ഡീൻ കുര്യാക്കോസ് തുടങ്ങിയവർ നേതൃത്വത്തെ കണ്ട് അറിയിച്ചിരുന്നു. രാഹുൽ ഗാന്ധി ഇക്കാര്യത്തിൽ അന്തിമ നിലപാട് എടുക്കട്ടെയെന്ന ധാരണയാണ് ഉണ്ടായത്. എന്നാൽ, അദ്ദേഹം ഇക്കാര്യത്തിൽ ഒന്നും പറഞ്ഞില്ല. ഈ സാഹചര്യത്തിലാണ് ഒരു മാസം നീളുന്ന തെരഞ്ഞെടുപ്പു നടപടികൾക്ക് സ്വാഭാവിക തുടക്കമായത്.
മറുനാടന് മലയാളി ബ്യൂറോ