തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് പിന്നാലെ യൂത്ത് കോൺഗ്രസിനെതിരെ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചെന്ന ആരോപണവുമായി ഡിവൈഎഫ്ഐയും. വിഷയത്തിൽ അന്വേഷണത്തിന് സാധ്യത ഏറെയാണ്. അതിനിടെ ആരോപണം യൂത്ത് കോൺഗ്രസ് നിഷേധിച്ചു. വ്യാജ തിരിച്ചറിയൽ കാർഡിനുള്ള സാധ്യത വിരളമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും പറഞ്ഞു. എന്നാൽ സാധ്യത തള്ളിക്കളയുന്നില്ലെന്ന് സുധാകരൻ പറയുകയും ചെയ്തു. ഇതോടെ വിവാദം പുതിയ തലത്തിലെത്തുകയാണ്.

യൂത്ത് കോൺഗ്രസ് ഭാരവാഹികളെ പ്രഖ്യാപിച്ചിട്ടും ഗ്രൂപ് മത്സരം കെട്ടടങ്ങുന്നില്ലെന്നതാണ് വസ്തുത. തെരഞ്ഞെടുപ്പിൽ വോട്ട് വ്യാജമായി രേഖപ്പെടുത്തിയതായും ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവർ ജനന തീയതി തിരുത്തി മത്സരിച്ചവരാണെന്നും കോൺഗ്രസിലും പരാതി ഉയർന്നു. ജില്ല സെക്രട്ടറിയായി ജയിച്ചയാൾ രണ്ടു വോട്ട് രേഖപ്പെടുത്തിയെന്ന് പരാതിയുണ്ട്. ഗ്രൂപ് തിരിഞ്ഞ് ആരോപണവുമായി കോൺഗ്രസ് നേതാക്കൾ തന്നെയാണ് രംഗത്തുള്ളത്. ഇതാണ് ബിജെപിയും ഡി വൈ എഫ് ഐയും രംഗത്ത് വരുന്നത്. മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേസെടുക്കുമോ എന്നതാണ് നിർണ്ണായകം. യൂത്ത് കോൺഗ്രസിൽ അംഗത്വമെടുത്തവരുടെ പട്ടിക പുറത്തു വിട്ടാൽ ഈ വിവാദങ്ങൾ തീരുമെന്നും വിലയിരുത്തലുണ്ട്.

ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനാണ് ആദ്യം പരാതി നൽകിയത്. പിന്നാലെ ഡി വൈ എഫ് ഐയും ആരോപണവുമായി എത്തി. യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. ഒന്നരലക്ഷത്തോളം വ്യാജ ഐഡി കാർഡുകളാണ് ഉണ്ടാക്കിയത്. ഇതിനെതിരെ ഡിജിപിക്ക് പരാതി നൽകും. വ്യാജമായി നിർമ്മിച്ച ഐഡി കാർഡുകൾ യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് മാത്രമല്ല ഉപയോഗിക്കുകയെന്നും ഇത് രാജ്യദ്രോഹ പ്രവർത്തനമാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നും ഡിവൈഎഫ്ഐ സെക്രട്ടറി വികെ സനോജ് ആരോപിച്ചു.

ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഐഡൻഡിറ്റി കാർഡാണ് ഇത്തരത്തിൽ ഉണ്ടാക്കിയത്. ഇത്തരമൊരു ഹീനപ്രവൃത്തി ചെയ്തത് സംബന്ധിച്ച് യൂത്ത് കോൺഗ്രസിന്റെ നേതൃനിരയിൽ തന്നെ അഭിപ്രായ വ്യത്യാസമുണ്ട്. ബാംഗ്ലൂർ കമ്പനിയാണ് ഇത്തരത്തിൽ ആപ്പ് തയ്യാറാക്കി നൽകിയത്. ഇതിനായി 22 കോടിയിലധികം ചെലവാക്കിയെന്നാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ തന്നെ പറയുന്നത്. ഇത്രയും പണം പിരിച്ചതും സംബന്ധിച്ച് അന്വേഷണം നടത്തണം. ഇക്കാര്യത്തിൽ കോൺഗ്രസ് നേതൃത്വവും മറുപടി പറയണം. വിഡി സതീശൻ ഇക്കാര്യം മുൻപെ അറിഞ്ഞിരുന്നുവെന്നും അദ്ദേഹത്തിന്റെ പങ്ക് അന്വേഷിക്കണം. പാലക്കാട്ടുനിന്നുള്ള ഒരു എംഎൽഎയാണ് ഇതിന് നേതൃത്വം നൽകിയതെന്നാണ് പുറത്തുവരുന്ന വാർത്തകൾ. എംഎൽഎ ഇത്തരമൊരു പ്രവൃത്തിക്ക് കൂട്ടുനിന്നു എന്നത് ജനാധിപത്യ കേരളത്തിന് അപമാനമാണെന്നും ഡിവൈഎഫ്ഐ നേതാക്കൾ പറഞ്ഞു.

മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് കോൺഗ്രസ് സംസ്ഥാനത്ത് ഒന്നേ കാൽ ലക്ഷം വ്യാജ തിരിച്ചറിയൽ കാർഡ് കാർഡുകൾ നിർമ്മിച്ചെന്നായിരുന്നു ബിജെപി അധ്യക്ഷൻ സുരേന്ദ്രന്റെ ആരോപണം. ഇതിന് നേതൃത്വം നൽകിയത് പാലക്കാട്ടെ കോൺഗ്രസ് എംഎൽഎയാണ്. രാജ്യസുരക്ഷയെ ബാധിക്കുന്ന രാജ്യദ്രോഹക്കുറ്റമാണിതെന്നും സംഭവത്തിൽ ഡിജിപിക്കും കേന്ദ്ര ഏജൻസികൾക്കും പരാതി നൽകിയെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസിന്റെ അധ്യക്ഷൻ കൂടിയായ ഷാഫി പറമ്പിൽ ആരോപണം നിഷേധിച്ചെത്തിയത്. തികച്ചും അടിസ്ഥാന രഹിതമാണ് ആരോപണമെന്ന് ഷാഫി പറഞ്ഞു.

മൊബൈൽ ആപ്പിന്റെ തെളിവ് സഹിതം യൂത്ത് കോൺഗ്രസ് നേതാക്കളും നേതൃത്വത്തിന് പരാതി നൽകിയെന്ന് ബിജെപി അധ്യക്ഷൻ ആരോപിക്കുന്നു. ഇവർ പരാതി നൽകിയത് രാഹുൽ ഗാന്ധിക്കും കോൺഗ്രസ് അധ്യക്ഷനും കെസി വേണുഗോപാലിനുമാണ്. ഇവരാരും ഇത്തരമൊരു വിവരം അറിഞ്ഞിട്ടും രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ മറച്ചുവച്ചുവെന്നും ഇവർക്കെതിരെയും കേസെടുക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. പാലക്കാട്ടെ ഒരു എംഎൽഎയാണ് ബംഗളൂരു പിആർ കമ്പനിയുമായി ബന്ധപ്പെടുന്നത്. കെസി വേണുഗോപാലിന്റെയും വിഡി സതീശന്റെ അറിവോടെയാണ് ഇത് ചെയ്തത്. യൂത്ത് കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പിനാണ് കാർഡ് ഉപയോഗിച്ചതെങ്കിലും രാജ്യസുരക്ഷയെ ബാധിക്കുന്നതാണ് സംവിധാനമെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു.

അതിരൂക്ഷമായാണ് ഇതിനെതിരെ ഷാഫി പ്രതികരിച്ചത്. ഒരടിസ്ഥാനവുമില്ലാത്ത ആരോപണം ഉന്നയിക്കുന്നത് ശീലമാക്കിയ ആളാണ് കെ സുരേന്ദ്രനെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. സീറോ ക്രഡിബിലിറ്റിയുള്ളയാളാണ് സുരേന്ദ്രൻ. വാർത്തയിൽ ഇടം പിടിക്കാനുള്ള ഇത്തരം അൽപ്പത്തരങ്ങൾ ഇനിയെങ്കിലും സുരേന്ദ്രൻ അവസാനിപ്പിക്കണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. സ്വന്തം പാർട്ടിയിലെ ആളുകൾ തന്നെ സുരേന്ദ്രൻ കുഴൽപ്പണം കടത്തിയെന്ന് പരാതി കൊടുത്തിരുന്നു. അങ്ങനെയൊരാളാണ് ഇപ്പോൾ തങ്ങളെ രാജ്യസ്നേഹം പഠിപ്പിക്കുന്നത്. സുരേന്ദ്രനിൽ നിന്നോ ബിജെപിയിൽ നിന്നോ രാജ്യസ്നേഹം പഠിക്കേണ്ട ആവശ്യം തനിക്കില്ല. സുതാര്യമായിട്ടാണ് യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് നടന്നതെന്നും ഷാഫി പറഞ്ഞു. ശങ്കരാടിയുടെ കൈ രേഖ രാഷ്ട്രീയം പ്രായോഗിക തലത്തിൽ നടപ്പാക്കുന്ന നേതാവാണ് സുരേന്ദ്രൻ. അൽപ്പത്തരം വിളിച്ചു പറയുന്നത് സുരേന്ദ്രൻ നിർത്തണം എന്നും ഷാഫി ആവശ്യപ്പെട്ടു. സുരേന്ദ്രനെതിരെ ആവശ്യമെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു. പിന്നാലെയാണ് ഡി വൈ എഫ് ഐയും ആരോപണവുമായി രംഗത്തു വന്നത്.