തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ റിമാന്റ് ചെയ്തതിന് പിന്നാലെ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകിയതായി യൂത്ത് കോൺഗ്രസ്. സംഭവം സംഘടനക്ക് കൂടുതൽ ഊർജ്ജം നൽകിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ. രാഹുലിന്റെ വാപൊത്തുന്ന പൊലീസിന്റെയും ഭരണകൂടത്തിന്റെയും ശൈലി പൊതുസമൂഹത്തിൽ ചർച്ചയാക്കാനാണ് യൂത്ത് കോൺഗ്രസിന്റെ തീരുമാനം.

സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സമരജ്വാല എന്ന പേരിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി അറിയിച്ചു. ബുധനാഴ്‌ച്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റ് മാർച്ചും വൈകിട്ട് 6 മണിക്ക് സംസ്ഥാനത്തുടനീളമുള്ള പൊലീസ് സ്റ്റേഷനുകളിലേക്കും മണ്ഡലം ആസ്ഥാനങ്ങളിലേക്കും യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കും.

വരുംദിവസങ്ങളിൽ സംസ്ഥാന വ്യാപകമായ ശക്തമായ സമരത്തിനും യൂത്ത് കോണഗ്രസ് രൂപം നൽകിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റിന്റെ അറസ്റ്റിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും, പൊലീസിന്റെ അസാധാരണ നടപടിക്കെതിരെ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുമെന്നും അബിൻ വർക്കി വ്യക്തമാക്കി. സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷത്തിന്റെ പേരിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിന് കോടതി ജാമ്യം നിഷേധിച്ചിരുന്നു. 22 വരെ റിമാൻഡ് ചെയ്ത രാഹുലിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.

അതേസമയം രാഹുലിനെ പുറത്തിറക്കാൻ നിയമപോരാട്ടവും തുടരും. ജാമ്യം നിഷേധിച്ച വിധിക്കെതിതെ ഇന്ന് മേൽക്കോടതിയിൽ അപ്പീൽ നൽകാനാണ് തീരുമാനം. കഴിഞ്ഞമാസം 20ന് നടന്ന യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷത്തിലെ കേസിൽ നാലാം പ്രതിയാണ് രാഹുൽ. പ്രതിപക്ഷനേതാവ് ഒന്നാം പ്രതിയായ കേസിൽ രാഹുലിനറെ അറസ്റ്റ് അപ്രതീക്ഷിതമായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ അടൂരിലെ വീട്ടിൽ നിന്നും കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്തേക്കെത്തിച്ചു. ഫോർട്ട് ആശുപത്രിയിലെ മെഡിക്കൽ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കി.

പിന്നാലെ രാഹുലിന്റെ അഭിഭാഷകൻ ജാമ്യാപേക്ഷ നൽകി. പ്രോസിക്യൂഷനും രാഹുലിന്റെ അഭിഭാഷകനും തമ്മിലെ വാദപ്രതിവാദങ്ങൾ ഒരുമണിക്കൂറോളും നീണ്ടു. പ്രതിഷേധമല്ല, അക്രമാണ് നടന്നതെന്നും പട്ടികകൊണ്ട് പൊലീസുകാരനെ ആക്രമിച്ചുവെന്നും രാഹുലിന് ജാമ്യം കൊടുക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. അക്രമം തടയേണ്ട രാഹുൽ അതിന് ശ്രമിച്ചില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു. എന്നാൽ സ്വാഭാവിക പ്രതിഷേധമാണ് ഉണ്ടായതെന്ന് രാഹുലിന്റെ അഭിഭാഷകൻ വാദിച്ചു.

ഇന്നലെവരെ പൊതുമധ്യത്തിലുണ്ടായിരുന്ന പൊതുപ്രവർത്തകനെ പുലർച്ചെ വീട്ടിലെത്തി അറസ്റ്റ് ചെയ്ത നടപടി അസാധാരണമാണ്. രാഹുലിന് ആരോഗ്യപ്രശ്‌നമുണ്ടെന്നും അഭിഭാഷകൻ വാദിച്ചു. ഉച്ചക്ക് ശേഷം വിധി പറയാനായി കേസ് മാറ്റി. നാലുമണിയോടെ കേസ് പരിഗണിച്ചപ്പോൾ വീണ്ടും വിശദമായ മെഡിക്കൽ പരിശോധനക്ക് നിർദ്ദേശം നകി. ജനറൽ ആശുപത്രിയിലെ മെഡിക്കൽ പരിശോധനയിൽ ക്ലിനിക്കലി ഫിറ്റെന്ന റിപ്പോർട്ട് വന്നതോടെ ജാമ്യാപേക്ഷ തള്ളി കോടതി രാഹുലിനെ റിമാൻഡ് ചെയ്യുകയായിരുന്നു.

തിരുവനന്തപുരത്തുനിന്നെത്തിയ പൊലീസിന്റെ 'കമാൻഡോ ഓപ്പറേഷൻ' മാതൃകയിലായിരുന്നു ഇന്നലെ രാഹുലിനെ അഴിക്കുള്ളിൽ അടച്ചത്. പുലർച്ചെ 5.30 ന് അടൂർ മുണ്ടപ്പള്ളിയിലെ വീട്ടിലെത്തിയ പൊലീസ് ഉറങ്ങുകയായിരുന്ന രാഹുലിനെ വിളിച്ചുണർത്തി അമ്മയുടെയും ചേച്ചിയുടെയും മുന്നിൽവച്ചാണു കസ്റ്റഡിയിലെടുത്തത്.

വൈകിട്ട് വഞ്ചിയൂർ കോടതി രാഹുലിനെ രണ്ടാഴ്ചത്തേക്കു റിമാൻഡ് ചെയ്തു. പൂജപ്പുര ജില്ലാ ജയിലിലേക്കു മാറ്റി. സംസ്ഥാനമാകെ ഇന്നലെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വ്യാപക പ്രതിഷേധം അലയടിച്ചു.