- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പി കെ ഫിറോസിന്റെ അറസ്റ്റിന് എതിരെ ശക്തമായ പ്രതിഷേധത്തിന് യൂത്ത്ലീഗ്; സമരത്തിൽ നിന്ന് പിന്മാറില്ലെന്നും ശക്തമായി മുന്നോട്ടുപോകുമെന്നും ഫിറോസ്; അധികാരത്തിന്റെ വമ്പ് കാണിച്ച് ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താമെന്നത് അതിമോഹമാണെന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം: സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷത്തിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെ അറസ്റ്റ് ചെയ്തതിന് എതിരെ പ്രതിഷേധങ്ങൾക്കു ആഹ്വാനം ചെയ്ത് യൂത്ത്ലീഗ് സംസ്ഥാന കമ്മിറ്റി. ജില്ലാ ആസ്ഥാനത്തും പഞ്ചായത്ത് തലങ്ങളിലും പ്രകടനം നടത്താനാണ് സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ കുറിപ്പിൽ പ്രവർത്തകരോട് ആഹ്വാനം ചെയ്തത്. ഇടത് ദുർഭരണത്തിനെതിരെ സേവ് കേരള മാർച്ച് എന്ന മുദ്രാവാക്യവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ജനുവരി 18ന് നടത്തിയ മാർച്ചിന്റെ പേരിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് സാഹിബിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കയാണെന്് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. ഫിറോസിനെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും ശക്തമായി പ്രതിഷേധിക്കണമെന്നും ആഹ്വാനം ചെയ്തു.
ഇന്നു ഉച്ചക്ക് ഒരുമണിയോടെ തിരുവനന്തപുരത്ത് വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.കന്റോൺമെന്റ് പൊലീസ് ഫിറോസിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. സേവ് കേരള മാർച്ചിന്റെ പേരിലെടുത്ത കേസിലെ 28 പേരിൽ ഒന്നാം പ്രതിയാണ് പി.കെ ഫിറോസ്.18ന് അറസ്റ്റ് ചെയ്യപ്പെട്ട പ്രവർത്തകർ ഇപ്പോഴും റിമാന്റിൽ തുടരുകയാണ്. അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്ന് മുസ്ലിം യുത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ജില്ല ആസ്ഥാനത്തും പഞ്ചായത്ത് തലത്തിലും പ്രകടനം നടത്തണമെന്നാണ് സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ പ്രതഷേധക്കുറിപ്പിൽ പറയുന്നത്.
രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് തന്നെ അറസ്റ്റ് ചെയ്തെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസ് പറഞ്ഞു. സമരങ്ങളെ അടിച്ചമർത്തുക എന്ന ഉദ്ദേശ്യമാണ് സർക്കാരിന്. സമരങ്ങളിൽ നിന്ന് പിന്മാറുന്ന പ്രശ്നമില്ല. ശക്തമായ സമരങ്ങളുമായി മുന്നോട്ടുപോകുമെന്ന് പികെ ഫിറോസ് പറഞ്ഞു.
അതേ സമയം അധികാരത്തിന്റെ വമ്പ് കാണിച്ച് ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താമെന്ന് ഇടത് സർക്കാർ കരുതുന്നുണ്ടെങ്കിൽ അത് അതിമോഹമാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സേവ് കേരള മാർച്ചിന്റെ പേരിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സമരങ്ങളെ പ്രോത്സാഹിപ്പിക്കുകയും, അനാവശ്യ സമരങ്ങൾ പോലുമുണ്ടാക്കി അതിന്റെ സാധ്യതകളെ പോലും ഉപയോഗപ്പെടുത്തി അതിലൂടെ അധികാരത്തിൽ വന്ന ഇടതുപക്ഷസർക്കാർ ജനകീയ സമരങ്ങളോട് ഇപ്പോൾ കാണിക്കുന്ന അസഹിഷ്ണുത അത്ഭുതപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം യൂത്ത് ലീഗ് സേവ് കേരള മാർച്ചിനെ അതിക്രൂരമായാണ് പൊലീസ് നേരിട്ടത്. ശേഷം മുപ്പതോളം മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകരെ ജയിലിലടക്കുകയും ചെയ്തു. അവർക്കെതിരെ ഇല്ലാക്കഥകൾ ഉണ്ടാക്കിയാണ് കേസ്സെടുത്തത്. അധികാരത്തിന്റെ വമ്പ് കാണിച്ച് ജനകീയ പ്രക്ഷോഭങ്ങളെ ഇല്ലാതെയാക്കാം എന്നത് അതിമോഹം മാത്രമാണ്. ഇത്തരം ഭയപ്പെടുത്തലുകൾക്ക് വഴങ്ങാൻ കഴിയില്ല. സർക്കാറിന്റെ തെറ്റായ നയങ്ങൾക്കെതിരിൽ ഇനിയും ഉച്ചത്തിൽ സംസാരിക്കുകയും വേണ്ടിവന്നാൽ ജനകീയ പ്രക്ഷോഭങ്ങളുടെ മുന്നിൽ നിൽക്കുകയും ചെയ്യും. ജനാധിപത്യത്തെ അടിച്ചമർത്താൻ ആർക്കും കഴിയില്ല എന്നോർമിക്കണം.- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്