തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്റെ തോല്‍വിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും തമ്മിലടിക്കും പിന്നാലെ ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ച് ജോസ് വള്ളൂര്‍. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം.പി വിന്‍സന്റും രാജി പ്രഖ്യാപിച്ചു.

ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തി ഡിസിസി ഓഫീസിലേക്ക് വന്ന ജോസ് വള്ളൂരിന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ സ്വീകരണമൊരുക്കിയിരുന്നു. ഇത് വീണ്ടും ഓഫീസില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. തുടര്‍ന്ന് ഡിസിസിയിലെ ഭാരവാഹിയോഗത്തില്‍ ജോസ് വളളൂര്‍ രാജിവെച്ചതായി അറിയിച്ചു. യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചതായി എംപി വിന്‍സെന്റും അറിയിച്ചു.

നേതൃത്വത്തിന്റെ ആവശ്യത്തിനുപിന്നാലെയാണ് തൃശ്ശൂര്‍ ഡിഡിസി അധ്യക്ഷസ്ഥാനം ജോസ് വള്ളൂര്‍ രാജിവെച്ചത്. ഡിഡിസി ഓഫീസിലെത്തിയ ഇരുവരും പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ച ശേഷമാണ് രാജി അറിയിച്ചത്. കെ.മുരളീധരന്റെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജിയെന്ന് ജോസ് വള്ളൂര്‍ പറഞ്ഞു. തൃശ്ശൂര്‍ ഡിഡിസി ഓഫീസിലുണ്ടായ കൂട്ടത്തല്ലിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി എം.പി വിന്‍സന്റും പ്രതികരിച്ചു.

രാജിസമര്‍പ്പിക്കാനെത്തിയ ജോസിന് അഭിവാദ്യം അര്‍പ്പിച്ച് നിരവധി പ്രവര്‍ത്തകരാണ് അദ്ദേഹത്തോടൊപ്പം ഡിസിസി ഓഫീസിലെത്തിയത്. ജോസ് വള്ളൂരിനെ എതിര്‍ക്കുന്ന ഒരു വിഭാഗം പ്രവര്‍ത്തകരും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും ഇതേസമയം ഓഫീസിലുണ്ടായിരുന്നു. ഇരുവിഭാഗവും തമ്മില്‍ പിന്നീട് ഉന്തും തള്ളുമുണ്ടായി. എന്നാല്‍, വലിയ സംഘര്‍ഷത്തിലേക്ക് കാര്യങ്ങളെത്തിയില്ല. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് പോലീസും നിലയുറപ്പിച്ചിട്ടുണ്ട്. ഇരുവരുടെയും രാജ്യപ്രഖ്യാപനത്തിനുശേഷം പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരിലുണ്ടായ തോല്‍വിക്കും ഡി.സി.സി. ഓഫീസിലെ കൂട്ടത്തല്ലിനും പിന്നാലെ ജോസ് വള്ളൂരിനോടും യുഡിഎഫ് എം.പി വിന്‍സന്റിനോടും കഴിഞ്ഞദിവസം പാര്‍ട്ടി നേതൃത്വം രാജി ആവശ്യപ്പെട്ടിരുന്നു. എഐസിസി നിര്‍ദേശം ജോസിനേയും വിന്‍സന്റിനേയും കെപിസിസി അറിയിക്കുകയായിരുന്നു. പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠന് ഡിസിസി പ്രസിഡന്റിന്റെ താല്‍കാലിക ചുമതലയും നല്‍കി.

ജോസ് വള്ളൂരിനെ നേരത്തെ കോണ്‍ഗ്രസ് നേതൃത്വം ഡല്‍ഹയിലേക്ക് വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ കൂട്ടത്തല്ലില്‍ വിശദീകരണവുമായി ജോസ് വള്ളൂരും രംഗത്തെത്തി. കൂട്ടത്തല്ല് മദ്യലഹരിയില്‍ ഡി.സി.സി സെക്രട്ടറി സജീവന്‍ കുരിച്ചിറയുടെ നേതൃത്വത്തില്‍ ഉണ്ടായതാണെന്നായിരുന്നു തൃശ്ശൂര്‍ ഡി.സി.സിയുടെ വിശദീകരണം. കെ.എസ്.യു. നേതാവിനെയും സോഷ്യല്‍ മീഡിയാ കോര്‍ഡിനേറ്ററെയും പ്രകോപനമില്ലാതെ സജീവന്‍ മര്‍ദിച്ചുവെന്നും വിശദീകരണത്തില്‍ പറഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങളുമായിട്ടായിരുന്നു ജോസ് വള്ളൂര്‍ ഡല്‍ഹിയില്‍ നേതാക്കളെ കാണാനെത്തിയത്.

ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂര്‍, ടി.എന്‍. പ്രതാപന്‍ എന്നിവര്‍ക്കെതിരേ ഡി.സി.സി.യുടെ മതിലില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പതിച്ച പോസ്റ്ററിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൈയേറ്റത്തിലെത്തിയത്. പോസ്റ്റര്‍ പതിച്ചത് സജീവന്‍ കുരിയച്ചിറയുടെ അറിവോടെയാണെന്നാരോപിച്ചാണ് ബഹളം തുടങ്ങിയത്. ഡി.സി.സി. സെക്രട്ടറിയും ഏതാനും പ്രവര്‍ത്തകരും ഓഫീസിന്റെ താഴത്തെ നിലയില്‍ നില്‍ക്കുമ്പോള്‍ സ്ഥലത്തെത്തിയ ജോസ് വള്ളൂരുമായി വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് സജീവന്‍ കുരിയച്ചിറയെ മര്‍ദിക്കുകയായിരുന്നുവെന്നാണ് കെ. മുരളീധരന്റെ അനുയായികളെന്നവകാശപ്പെടുന്നവര്‍ പറഞ്ഞത്.

അതിനിടെ, തൃശൂരിലെ കോണ്‍ഗ്രസ് തോല്‍വിയില്‍ വീണ്ടും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. ഡിസിസി ഓഫീസിന് മുന്‍പില്‍ പ്രസിഡന്റ് ജോസ് വള്ളൂരിന് ഐക്യദാര്‍ഢ്യമാറിയിച്ചാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ യഥാര്‍ത്ഥ പ്രതികളെ സംരക്ഷിച്ച് ജോസ് വള്ളൂരിനെ ബലി കൊടുക്കരുതെന്ന് പോസ്റ്ററില്‍ പറയുന്നു. ജോസ് വള്ളൂരിനെതിരെ നേരത്തെയും ചേരിതിരിഞ്ഞ് അണികള്‍ പോസ്റ്റര്‍ പ്രചാരണം നടത്തിയിരുന്നു.

ചേലക്കരയില്‍ രമ്യ ഹരിദാസിനെതിരെ സേവ് കോണ്‍ഗ്രസ് എന്ന പേരിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആലത്തൂരില്‍ പരാജയപ്പെട്ട രമ്യാ ഹരിദാസിനെ ചേലക്കരയിലെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതിനെതിരെയാണ് പോസ്റ്റര്‍. ഞങ്ങള്‍ക്ക് ഞങ്ങളെ അറിയുന്ന ഒരു സ്ഥാനാര്‍ത്ഥി മതിയെന്നും ചേലക്കരയില്‍ ഒരു വരുത്തി വേണ്ടേ വേണ്ട എന്നാണ് പോസ്റ്ററിലെ വാചകങ്ങള്‍.