- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോജിയുടെ 'അമ്പാന്' എം ബി രാജേഷിന്റെ മറുപടി
തിരുവനന്തപുരം: നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടി റോജി എം. ജോൺ നടത്തിയ പ്രസംഗത്തിൽ ഉന്നയിച്ച കാര്യങ്ങൾ തള്ളി എക്സൈസ് മന്ത്രി എം ബി രാജേഷ്. റോജിയുടെ ആരോപണങ്ങളെല്ലാം ഏറെക്കുറെ എല്ലാം അടിസ്ഥാനരഹിതവും ആണെന്ന് രാജേഷ് പറഞ്ഞു. മദ്യനയം ആവിഷ്കരിക്കുന്നത് എക്സൈസ് വകുപ്പാണ്. സ്റ്റേക്ഹോൾഡേഴ്സുമായുള്ള ചർച്ചയുടെ ആദ്യഘട്ടം നടക്കാനിരിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം സഭയിൽ പറഞ്ഞു.
ടൂറിസം വകുപ്പും മദ്യവ്യവസായവും തമ്മിൽ ഏത് കാലത്താണ് ബന്ധമില്ലാത്തത്? നിങ്ങളുടെ സർക്കാരിന്റെ കാലത്ത് ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തിയാൽ 'ആഹാ, ഇപ്പൊ ഓഹോ'. പ്രമേയാവതാരകന്റെ അത്യന്തം അധിക്ഷേപകരവും ധാർഷ്ട്യവും പുച്ഛവും നിന്ദയും നിറഞ്ഞ പ്രസംഗം ക്ഷമയോടെയാണ് താൻ കേട്ടിരുന്നത്. വസ്തുതപുറത്തുവരുമ്പോഴാണ് അസഹിഷ്ണുതയുണ്ടാവുന്നതെന്നും പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് നിരന്തരം പ്രകോപനമുണ്ടായപ്പോൾ മന്ത്രി പറഞ്ഞു.
കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽനൽകുന്ന, വരുമാനമുണ്ടാക്കുന്ന, കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ മേഖലയെ തകർത്ത് തരിപ്പണമാക്കിയ മദ്യനയം യു.ഡി.എഫ്. സർക്കാരിന്റേതാണ്. ടൂറിസം വകുപ്പാണോ എക്സൈസ് പോളിസി ഉണ്ടാക്കുന്നതെന്ന ചോദ്യം മുൻകാല പ്രാബല്യത്തോടെ ചോദിക്കേണ്ടിവരും. ഈ സർക്കാർ ഡ്രൈഡേ പിൻവലിച്ചിട്ടില്ല, അതിനെക്കുറിച്ച് പ്രാഥമിക ആലോചനപോലും നടത്തിയിട്ടില്ലെന്നും എം.ബി. രാജേഷ് പറഞ്ഞു.
ഒരുകൊല്ലം മൂന്ന് മദ്യനയമാണ് 2014-ൽ ഉണ്ടായിരുന്നത്. ഒരുകൊല്ലം മൂന്ന് പിരിവിനാണോ ഇതെന്ന് ചോദിക്കുന്നില്ല. ദക്ഷിണേന്ത്യയിൽ ഏത് സംസ്ഥാനത്തേക്കാളും കൂടുതൽ ഡ്രൈഡേ കേരളത്തിലാണ്. 52 ഡ്രൈഡേ പിൻവലിക്കുന്നതിനുമാത്രം ഒരുവർഷം മൂന്നാമത്തെ ഡ്രൈഡേ കൊണ്ടുവന്നവരാണ് നിങ്ങളെന്ന് മന്ത്രി പ്രതിപക്ഷത്തെക്കുറ്റപ്പെടുത്തി. വീതംവെപ്പിലെ തർക്കമാണ് 418 ബാറുകൾ പൂട്ടിയിട്ടും അവർക്ക് പ്രായശ്ചിത്തം ചെയ്യുന്നതിന് ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
'ആനന്ദിന്റെ നോവലിലെ ചൗപ്പട്ട് രാജാവിനെപ്പോലെ ഒരു കുരുക്കുമായി നടക്കുകയാണ് കേരളത്തിലെ പ്രതിപക്ഷം. ആദ്യ കുരുക്ക് പാവം ആരോഗ്യമന്ത്രിയുടെ കഴുത്തിൽ കുരുക്കാൻ നോക്കി. ആ കഴുത്തിന് പാകമാകുന്നില്ല. പിന്നെ ആ കുരുക്ക് എക്സൈസ് മന്ത്രിയുടെ കഴുത്തിൽ കുരുക്കാൻ നോക്കി. ആ കഴുത്തും അതിന് പാകമാകുന്നില്ല.
ടൂറിസം വകുപ്പ് മന്ത്രിയുടെ കഴുത്തിനും പാകമാവുന്നോയെന്ന് നോക്കി, അതിനും പാകമാവുന്നില്ല. ഈ കുരുക്കുമായി ഇവിടെ കഴുത്ത് അന്വേഷിച്ച് നടന്നിട്ട് കാര്യമില്ല, അതിന് പാകമാവുന്ന കഴുത്തുകൾ അപ്പുറത്ത് ധാരാളമുണ്ടെന്ന് ഞാൻ ഓർമിപ്പിക്കുകയാണ്. നിങ്ങളും ഞങ്ങളും രണ്ടുരീതിയിൽ വളർന്നുവന്നിട്ടുള്ളവരാണ്', മന്ത്രി രാജേഷ് പറഞ്ഞു.