മുംബൈ: വെസ്റ്റ് ഇൻഡീസ്‌ക്രിക്കറ്റ് ടീം നായകൻ കെയ്‌റോൺ പൊള്ളാർഡ് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് പൊള്ളാർഡ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. വെസ്റ്റ് ഇൻഡീസിന്റെ ഏകദിന, ടി20 ടീം നായകൻ കൂടിയാണ് നിലവിൽ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനായി കളിക്കുന്ന 34കാരനാ പൊള്ളാർഡ്.

 

വെസ്റ്റ് ഇൻഡീസിനായി 123 ഏകദിനങ്ങളിൽ ബാറ്റേന്തിയ പൊള്ളാർഡ് 26.01 ശരാശരിയിൽ 2706 റൺസടിച്ചിട്ടുണ്ട്. മൂന്ന് സെഞ്ചുറികളും 13 അർധസെഞ്ചുറികളും നേടി. 119 റൺസാണ് ഏകദിനത്തിലെ ഉയർന്ന സ്‌കോർ. 101 ടി20 മത്സരങ്ങളിൽ വിൻഡീസ് കുപ്പായമണിഞ്ഞ പൊള്ളാർഡ് 25.30 ശരാശരിയിൽ 135.14 പ്രഹരശേഷിയിൽ 1569 റൺസും നേടി. 83 റൺസാണ് ടി20യിലെ ഉയർന്ന സ്‌കോർ.

മീഡിയം പേസ് ബൗളർ കൂടിയായ പൊള്ളാർഡ് ഏകദിനങ്ങളിൽ 82 വിക്കറ്റും ടി20യിൽ 42 വിക്കറ്റും വീഴ്‌ത്തി. 2007ൽ ദക്ഷിണഫ്രിക്കക്കെതിരെ ആയിരുന്നു ഏകദിന അരങ്ങേറ്റം. ഈ വർഷം ഫെബ്രുവരിയിൽ ഇന്ത്യക്കെതിരെ ആണ് അവസാന ഏകദിനം കളിച്ചത്.

2008ൽ ഓസ്‌ട്രേലിയക്കെതിരെ ആയിരുന്നു ടി20 അരങ്ങേറ്റം. ഈ വർഷം ഫെബ്രുവരിയിൽ ഇന്ത്യക്കെതിരെ ആയിരുന്നു അവസാന ടി20 മത്സരം. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചാലും ലോകമെമ്പാടുമുള്ള വിവിധ ടി20 ലീഗുകളിൽ പൊള്ളാർഡ് തുടർന്നും കളിക്കും.