റോം: അന്തരീക്ഷ മലിനീകരണത്തിന് തടയിടുന്നതിനായി ഇറ്റാലിയൻ സിറ്റികളായ റോമും മിലാനും കാറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. വൻ നഗരങ്ങളായ മിലാനും റോമും കാറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ മറ്റു സിറ്റികൾ പൊതുവാഹനം ഉപയോഗിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ പദ്ധതികൾ ആവിഷ്‌ക്കരിച്ചു.

ബുധനാഴ്ച വരെയുള്ള ദിവസങ്ങൡ രാവിലെ പത്തു മുതൽ വൈകുന്നേരം നാലുവരെ കാറുകൾ നിരത്തിലിറക്കാൻ പാടില്ലെന്നാണ് മിലാൻ സിറ്റി കൗൺസിൽ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഈ സമയത്ത് പൊതുഗതാഗത വാഹനങ്ങൾക്കും ടാക്‌സി സർവീസിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. പൊതുഗതാഗതവാഹനങ്ങളായാലും വേഗത മണിക്കൂറിൽ 30 കിലോമീറ്ററിൽ കവിയരുതെന്ന് നിർദേശമുണ്ട്.

ലംബാർഡി മേഖലയിലുള്ള 11 മുനിസിപ്പാലിറ്റികളിൽ ഈ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം തലസ്ഥാനമായ റോമിൽ ഇരട്ട- ഒറ്റ നമ്പർ നിയന്ത്രണമാണ് കൊണ്ടുവന്നിട്ടുള്ളത്. കൂടാതെ പൊതുഗതാഗത വാഹനങ്ങൾ ഉപയോഗിക്കാൻ പൊതുജനങ്ങൾക്ക് ആഹ്വാനം നൽകിയിട്ടുണ്ട്. പൊതുഗതാഗത സൗകര്യം ഉപയോഗിക്കുന്നതിനായി സ്‌പെഷ്യൽ നിരക്കും പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു ദിവസത്തെ മുഴുവൻ യാത്രയ്ക്കും 1.5 യൂറോ നിരക്കിൽ സ്‌പെഷ്യൽ ആന്റി സ്‌മോഗ് ടിക്കറ്റാണ് കൊണ്ടുവന്നിരിക്കുന്നത്.