തിരുവനന്തപുരം: ഇന്ത്യയിലെ മറ്റേത് സംസ്ഥാനവുമായി തട്ടിച്ചു നോക്കിയാലും കേരളം എല്ലാക്കാര്യത്തും മുന്നിലാണെന്നത് ഒരു വസ്തുതയാണ്. അതുകൊണ്ട് തന്നെ ആരെങ്കിലും കേരളത്തെ ഒരു പട്ടിണി പ്രദേശമാക്കി മാറ്റിയാൽ മലയാളികൾ കൈയും കെട്ടി നോക്കിയിരിക്കില്ല. എന്തായാലും എന്തിനും പൊങ്കാലയിടാൻ മിടുക്കരായ മലയാളികൾ ഏറ്റവും ഒടുവിൽ പൊങ്കാലകൾ അർപ്പിച്ചിരിക്കുന്നത് പ്രധാനമന്ത്രി മോദിക്കെതിരെയാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ വേളയിൽ കേരളത്തെ ആഫ്രിക്കയിലെ പട്ടിണി രാജ്യമായ സോമാലിയയോട് ഉപമിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. ഇതിൽ മോദിക്കെതിരെ സൈബർ ലോകത്ത് പ്രതിഷേധം അലയടിക്കുകയാണ്.

ട്വിറ്ററിലും ഫേസ്‌ബുക്കിലുമായി സോഷ്യൽ മീഡിയയിൽ ഹാഷ്ടാഗിലാണ് മോദിക്കെതിരെ പ്രതിഷേധം. മോദിയുടെ പരാമർശത്തിനെതിരെ ഇന്നലെ ഉമ്മൻ ചാണ്ടി രംഗത്തെത്തിയതോടെയാണ് വിഷയം സൈബർ ലോകവും ഏറ്റെടുത്തത്. കേരളത്തെ അപഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവന അടിയന്തരമായി പിൻവലിക്കണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി കേരളത്തിൽ നടത്തിയ പ്രസംഗങ്ങളിലെ പരാമർശങ്ങളുടെ പേരിൽ അദ്ദേഹത്തെ അതിരൂക്ഷമായി മുഖ്യമന്ത്രി കത്തിൽ വിമർശിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമന്ത്രി പ്രസംഗിച്ച വാസ്തവവിരുദ്ധമായ കാര്യങ്ങൾ കേട്ടു കേരളം ഞെട്ടിത്തരിച്ചിരിക്കുകയാണെന്നു മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. കേരളം സോമാലിയ പോലെയാണെന്നും വരെ പറഞ്ഞ് അങ്ങു കേരളത്തെ അപമാനിച്ചു. പ്രധാനമന്ത്രിയുടെ പദവിയെ വരെ അങ്ങു താഴ്‌ത്തിക്കെട്ടി. ഞങ്ങൾക്ക് അതിൽ അതിയായ ദുഃഖവും പ്രതിഷേധവുമുണ്ട് ഉമ്മൻ ചാണ്ടി കത്തിൽ പറയുന്നു. ഇതോടെ ട്വിറ്ററിൽ 'പോ മോനേ മോദി' (#pomonemodi) ഹാഷ് ടാഗിലാണ് പ്രതിഷേധം. ഈ പ്രതിഷേധം ഫേസ്‌ബുക്കിലേക്കും മാറിയിട്ടുണ്ട്.

കേരളം സൊമാലിയയെ പോലെയാണെന്നും വിശപ്പിനായി കുട്ടികൾ മാലിന്യം വരെ കഴിക്കേണ്ട അവസ്ഥയാണെന്നും സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ മോദി പറഞ്ഞിരുന്നു. ഇതോടാണ് അദ്ദേഹത്തിനെതിരെ വൻ പ്രതിഷേധം സോഷ്യൽ മീഡിയയിൽ രൂപപ്പെട്ടത്. പ്രതിഷേധത്തെ തുടർന്ന് ട്വിറ്ററിൽ ആരംഭിച്ച #pomonemodi ഹാഷ് ടാഗ് വൈറലാകുകയായിരുന്നു.

ഭൂരിപക്ഷം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളേയും മറികടന്ന് വികസന കാര്യങ്ങളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന കേരളത്തെ സൊമാലിയയോട് ഉപമിച്ചതാണ് മലയാളികൾ പൊറുക്കാൻ തയ്യാറാകാത്തത്. ഒറ്റ നോട്ടത്തിൽ പി.എം. മോദി എന്നു വായിക്കാവുന്ന തരത്തിൽ കൂടിയാണ് പോ മോനേ മോദിയുടെ ഹാഷ് ടാഗ്. മലയാളിയുടെ ട്രോളുകൾ കൊണ്ട് നിറയുകയാണ് ഹാഷ് ടാഗ് പേജ്.

ഞായറാഴ്ച തിരുവനന്തപുരത്ത് നടന്ന എൻഡിഎ പ്രചാരണ പരിപാടിക്കിടയിലാണ് മോദി ശിശു മരണ നിരക്കിൽ കേരളം സൊമാലിയയേക്കാൾ പിന്നിലാണെന്ന് പ്രസംഗിച്ചത്. കേരളത്തിന്റെ ഒരുപാട് വികസനന്യൂനതകളും മോദി ചൂണ്ടിക്കാട്ടി. അതിൽ പലതും രാഷ്ട്രീയ ആയുധങ്ങൾക്കപ്പുറം കേരളത്തെത്തന്നെ അപമാനിക്കുന്ന തരത്തിലായി എന്നാണ് നെറ്റിസൺസ് പ്രതികരിക്കുന്നത്. അതേസമയം സൈബർ ലോകത്ത് പ്രതിഷേധം മുറുകുമ്പോഴും ഇതിനോട് പ്രതികരിക്കാൻ മോദി തയ്യാറായിട്ടില്ല. സോഷ്യൽ മീഡിയയിൽ സജീവമായിട്ടും അദ്ദേഹം വിഷയത്തിൽ മൗനം പാലിക്കുകയാണ്.