ന്യൂഡൽഹി: നിലയ്ക്കലിലെ 'സുരേഷ് ഗോപി മൊമന്റിലൂടെ' ശ്രദ്ധേയനായ എസ്‌പി യതീഷ് ചന്ദ്രക്ക് പണി കിട്ടുമോ? എസ്‌പിക്കെതിരെ അവകാശ ലംഘനത്തിന് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ ലോക്‌സഭയിൽ നോട്ടീസ് നൽകി. എസ്‌പി ധിക്കാരത്തോടെ പെരുമാറിയെന്നാണ് നോട്ടീസിലെ ആരോപണം. നോട്ടീസ് പരിഗണിക്കാമെന്ന് സ്പീക്കർ സുമിത്രാ മഹാജൻ പൊൻ രാധാകൃഷ്ണന് ഉറപ്പ് നൽകിയതോടെ ഉദ്യോഗസ്ഥനെ വിളിച്ചു വരുത്താനുള്ള സാധ്യതയും വർദ്ധിച്ചിട്ടുണ്ട്.

ശബരിമലയിൽ ദർശനത്തിനെത്തിയതിനിടെ സൗകര്യങ്ങൾ പരിശോധിക്കുകയായിരുന്ന തന്നെ നിലയ്ക്കലിൽ ഡ്യൂട്ടി ഓഫീസറായിരുന്ന എസ്‌പി യതീഷ് ചന്ദ്ര ഐപിഎസ് തടഞ്ഞു നിർത്തി അപമാനിച്ചു എന്നാണ് ആരോപണം. എസ്‌പി തന്നോട് ധിക്കാരത്തോടെയാണ് പെരുമാറിയത്. കേന്ദ്രമന്ത്രിയെന്ന ബഹുമാനം തനിക്ക് തന്നില്ല എന്നും പൊൻ രാധാകൃഷ്ണൻ ആരോപിക്കുന്നു. എസ്‌പി യതീഷ് ചന്ദ്രയ്‌ക്കെതിരെ അപമാനിച്ചെന്ന് കാണിച്ച് പൊൻ രാധാകൃഷ്ണൻ നോട്ടീസ് നൽകിയത് കൃത്യമായ രാഷ്ട്രീയലക്ഷ്യത്തോടെ തന്നെയാണ്.

ആഭ്യന്തരമന്ത്രാലയത്തിൽ പരാതി നൽകാനോ വിഷയം ലോക്‌സഭയിൽ ഉന്നയിക്കാനോ ആയിരുന്നു നേരത്തെ ബിജെപി തീരുമാനിച്ചിരുന്നത്. കേന്ദ്രമന്ത്രിയായിട്ടും എസ്‌പി അതിന്റെ ബഹുമാനം തനിക്ക് തന്നില്ലെന്ന് നേരത്തേ പൊൻ രാധാകൃഷ്ണൻ ആരോപണമുന്നയിച്ചിരുന്നതാണ്. കേരളത്തിലെ ഒരു മന്ത്രിയായിരുന്നെങ്കിൽ എസ്‌പി തന്നോട് ഇങ്ങനെ പെരുമാറുമായിരുന്നോ എന്നും പൊൻ രാധാകൃഷ്ണൻ ചോദിച്ചിരുന്നു. അതേസമയം യതീഷിനെ പിന്തുണക്കുന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. അതുകൊണ്ട്് തന്നെ രാഷ്ട്രീമായ പോരാട്ടമാകും യതീഷ് ചന്ദ്രയെ ചൊല്ലിയെന്നത് ഉറപ്പാണ്.

നിലയ്ക്കലിൽ നടന്ന പൊലീസ് നടപടിയുടെ പേരിൽ എസ്‌പി യതീഷ് ചന്ദ്രയെ പറപ്പിക്കാനുള്ള എല്ലാ വഴികളും നോക്കുകയാണ് ബിജെപി. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ എസ്‌പി അപമാനിച്ചെന്നാണ് ബിജെപി ആവർത്തിക്കുന്നത്. സംസ്ഥാന സർക്കാരിൽ നിന്ന് എസ്‌പിക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. എസ്‌പിക്ക് എതിരായ നടപടി ചെറിയ രീതിയിൽ ഒതുക്കേണ്ടെന്നുമാണ് സംസ്ഥാന ബിജെപി നേതാക്കളുടെ ആവശ്യം.

സാധാരണഗതിയിൽ ഉദ്യോഗസ്ഥൻ ക്ഷമാപണം നടത്തുന്നതോടെ കമ്മിറ്റി നടപടി അവസാനിപ്പിക്കാറാണ് പതിവ്. എസ്‌പി യതീഷിന്റെ കാര്യത്തിലും ഒരുപക്ഷേ അതേ രീതി തന്നെ സ്വീകരിച്ചേക്കാമെന്നാണ് സൂചന. നവംബർ 21-നു ശബരിമല ദർശനത്തിനെത്തിയപ്പോഴാണ് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനും നിലയ്ക്കലിൽ സുരക്ഷാ ചുമതലയുണ്ടായിരുന്ന എസ്‌പി യതീഷ് ചന്ദ്രയും തമ്മിൽ തർക്കമുണ്ടായത്. പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടാത്തത് കേന്ദ്രമന്ത്രി ചോദ്യം ചെയ്യുകയായിരുന്നു. കെഎസ്ആർടിസി ബസ് വിടുന്നുണ്ട്, എന്തുകൊണ്ട് സ്വകാര്യവാഹനങ്ങൾ കടത്തിവിടുന്നില്ലെന്ന് കേന്ദ്രമന്ത്രി ചോദിച്ചു. എന്നാൽ കെഎസ്ആർടിസി ബസ് അവിടെ പാർക്ക് ചെയ്യില്ലെന്നും സ്വകാര്യ വാഹനങ്ങൾ പോയാൽ ട്രാഫിക് ബ്ലോക് ഉണ്ടാകുമെന്നും യതീഷ് ചന്ദ്ര മറുപടി നൽകി.

ഗതാഗതക്കുരുക്കിന്റെ ഉത്തരവാദിത്തം മന്ത്രി ഏറ്റെടുക്കുമോയെന്നും എസ്‌പി ചോദിച്ചതാണു വിവാദമായത്. ഇതോടെ സ്വന്തം ഉത്തരവാദിത്തങ്ങൾ നടപ്പാക്കാതെ മന്ത്രിയെ ചോദ്യം ചെയ്യുകയാണോ എന്ന് ഒപ്പമുണ്ടായിരുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ എസ്‌പിയോട് തട്ടിക്കയറി. എസ്‌പിക്കെതിരേ ബിജെപി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു പരാതി നൽകിയിരുന്നു.