ലണ്ടൻ: ലണ്ടനിലെ മാനോർ പാർക്കിലുള്ള ശ്രീ മുരുകൻ ഷേത്രത്തിൽ നാളെ (ചൊവ്വ) ആറ്റുകാൽ പൊങ്കാല ഭക്തിനിർഭരമായി ആഘോഷിക്കുന്നു. യുകെയിൽ ഏറെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞ ലണ്ടനിലെ പൊങ്കാല ആഘോഷം ഇത് ഒമ്പതാം തവണയാണ് തുടർച്ചയായി ആഘോഷിക്കപ്പെടുന്നത്. പൊങ്കാല സമർപ്പണത്തിനു ബോൺ (ബ്രിട്ടീഷ് ഏഷ്യൻ വുമൻസ് നെറ്റ് വർക്ക്) ആണ് നേതൃത്വം നൽകുക.

സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ പൊങ്കാല ലോകത്ത് ഏറ്റവും അധികം സ്ത്രീകൾ പങ്കെടുക്കുന്ന ആഘോഷം എന്ന നിലക്ക് ഗിന്നസ് ബുക്ക് ഓഫ് റിക്കാർഡ്‌സിൽ ഇടം നേടിയിട്ടുണ്ട്.

അരി, ശർക്കര, നെയ്യ്, മുന്തിരി, തേങ്ങ തുടങ്ങിയ നേർച്ച വസ്തുക്കൾ വേവിച്ചു കണ്ണകി ദേവിയുടെ പ്രീതിക്കായി സമർപ്പിക്കുകയാണ് പൊങ്കലയാഘോഷത്തിൽ ആചരിക്കുന്നത്. ദേവീ ഭക്തർ കൊണ്ടുവരുന്ന കാഴ്ച ദ്രവ്യങ്ങൾ ഒരു പാത്രത്തിലാക്കി വേവിക്കുവാൻ തന്ത്രി അടുപ്പിൽ തീ പകരും. സുരക്ഷാ നിയമത്തിന്റെ ഭാഗമായിട്ടാണ് ലണ്ടനിൽ ഒറ്റ പാത്രത്തിൽ പൊങ്കാല ഇടുന്നത്. ആറ്റുകാൽ ഭഗവതി ഷേത്രത്തിൽ കുംഭ മാസത്തിൽ നടത്തിവരുന്ന ദശദിന ആഘോഷത്തിന്റെ ഒമ്പതാം നാളായ പൂരം നക്ഷത്രത്തിലാണ് പൊങ്കാല പതിവായി ഇടുന്നത്. അതേ ദിവസം തന്നെയാണ് ലണ്ടനിലെ ശ്രീ മുരുകൻ ഷേത്രത്തിലും പൊങ്കാല ഇടുക.

പൊങ്കാല സമർപ്പണത്തിനു തുടക്കം കുറിച്ചതും നേതൃത്വം നൽകി വരുന്നതും ലണ്ടൻ ബോറോ ഓഫ് ന്യൂഹാം മുൻ സിവിക് അംബാസഡറും സാമൂഹ്യ പ്രവർത്തകയും പ്രമുഖ എഴുത്തുകാരിയുമായ ഡോ. ഓമന ഗംഗാധരനാണ്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ഭക്തർ പൊങ്കാലയിടുവാനായി ഒത്തു കൂടാറുണ്ട്. രാവിലെ ഒമ്പതിന് ചടങ്ങുകൾ ആരംഭിക്കും.

വിവരങ്ങൾക്ക്: ഡോ. ഓമന 07766822360

Sri Murugan Temple,78 Church Road,Manor Park,East Ham,E12 6AF

റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ