ന്യൂഡൽഹി: മയൂർവിഹാർ ഫേസ് ത്രീയിൽ നടന്ന ചക്കുളത്തമ്മ പൊങ്കാലയിൽ ആയിരക്കണക്കിന് വീട്ടമ്മമാർ പൊങ്കാലയിട്ടു. ഫേസ് ത്രീയിലെ എ വൺ പാർക്കിൽ നടന്ന പൊങ്കാലയിൽ ഡൽഹിയിലും പരിസര പ്രദേശത്തുമുള്ളവരാണ് എത്തിയത്. രാവിലെ മഹാഗണപതിഹോമത്തോടെ തുടക്കമായി.

ആലപ്പുഴയിലെ ചക്കുളത്തുകാവ് മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി താത്കാലിക കോവിലിൽ നിന്ന് പണ്ടാര അടുപ്പിലേക്ക് തീ പകർന്നു. ഇതോടെ പൊങ്കാലച്ചടങ്ങുകൾക്ക് തുടക്കമായി. തിളച്ചുതൂവിയ പൊങ്കാലക്കലങ്ങളിൽ തീർത്ഥം തളിച്ചതോടെ പൊങ്കാലച്ചടങ്ങുകൾ സമാപിച്ചു. സാംസ്‌കാരിക സമ്മേളനം കേരള അഡീഷണൽ ലോ സെക്രട്ടറി ഷീലാ ആർ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. രമേഷ് ഇളമൺ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് സി.എം. പിള്ള സ്വാഗതവും സെക്രട്ടറി ഇ.ആർ. പത്മകുമാർ നന്ദിയും പറഞ്ഞു.

മയൂർ വിഹാർ ഫേസ് ത്രീ ശ്രീകൃഷ്ണ ഭജനസമിതി ഭജന അവതരിപ്പിച്ചു. ചടങ്ങിൽ മുതിർന്ന ഒമ്പത് സ്ത്രീകളെ ആദരിച്ചു. ഉച്ചയ്ക്ക് അന്നദാനവുമുണ്ടായി.