മലപ്പുറം: മലപ്പുറം പൊന്മളയിലെ വീട്ടുപറമ്പിൽ നിന്നു സ്വർണനിധി കണ്ടെത്തി. പൊന്മള ഗ്രാമ പഞ്ചായത്തിലെ മണ്ണഴി കോട്ടപ്പുറത്ത് തെക്കേമുറി കാർത്ത്യായനിയുടെ വീട്ടുവളപ്പിൽ നിന്നാണ് നിധി കണ്ടെത്തിയത്. തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ വാർഡിലെ പദ്ധതി പ്രകാരം തെങ്ങിന് കുഴിയെടുക്കുന്നതിനിടെയാണ് നിധി കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.

തൊഴിലുറപ്പ് തൊഴിലാളികൾ കുഴിയെടുക്കുന്നതിനിടെ ആദ്യം മൺകലമാണ് കണ്ടത്. തുടർന്നു എല്ലാവരുംകൂടി കലംതുറന്നുനോക്കിയപ്പോഴാണ് അകത്തു സ്വർണ നിറത്തിലുള്ള നിറയെ നാണയങ്ങളും വളയങ്ങളും കാണുന്നത്. ഇതോടെ നാട്ടിൽ നിധി കണ്ടെത്തിയെന്ന വാർത്ത ഇതിനോടകം പരന്നു. നിധി കിട്ടിയെങ്കിലും തൊഴിലാളികളുടെ കണ്ണ് മഞ്ഞളിച്ചില്ല. അവർ വേഗം തന്നെ സ്ഥലമുടമസ്ഥയേയും കുടുംബാംഗങ്ങളേയും വിവരമറിയിക്കുകയായിരുന്നു.

കാലി വളർത്തലും കൃഷിയും ഉപജീവനമാർഗമായി സ്വീകരിച്ച വിധവയായ കാർത്ത്യായനിയുടെതായിരുന്നു പറമ്പ്. നിധി കണ്ടെത്തുമ്പോൾ കാർത്ത്യായനിയും കുടുംബവും സ്ഥലത്തില്ലായിരുന്നു. അവർ വന്നയുടനെ തൊഴിലുറപ്പ് തൊഴിലാളികൾ നിധിയായി കിട്ടിയ മുഴുവൻ വസ്തുക്കളും കുടുംബത്തിനു കൈമാറി. നിർധന കുടുംബത്തിൽപ്പെട്ട കാർത്ത്യായനിയാകട്ടെ ഉടൻ പഞ്ചായത്ത് അധികൃതരെയും മറ്റും അറിയിച്ച് നിയമ പ്രകാരം സർക്കാർ ഉദ്യോഗസ്ഥർക്ക് നിധി കൈമാറി.

നിർധനകുടുംബങ്ങൾക്കുള്ള പ്രവൃത്തികളിൽപ്പെടുത്തിയാണ് പതിനഞ്ചോളം തൊഴിലാളികൾ ഇവിടെ തൊഴിലുറപ്പ് പണിയെടുത്തത്. മൺകൈയാല നിർമ്മാണം, മഴക്കുഴി നിർമ്മാണം തുടങ്ങിയ പ്രവൃത്തികളാണ് നടത്തിയിരുന്നത്. ഈ പ്രവർത്തനങ്ങൾക്കിടയിൽ മുൻപ് തെങ്ങുണ്ടായിരുന്ന ഭാഗത്ത് മഴക്കുഴിയായും പിന്നീട് ആവശ്യമെങ്കിൽ തെങ്ങിൻതൈ നടാനും സൗകര്യപ്പെടുന്ന വിധത്തിൽ കുഴിയെടുക്കുമ്പോഴാണ് മൺകലം കണ്ടെത്തിയത്.

മൺകലത്തിനുള്ളിലാക്കി ലോഹപ്പെട്ടിയിൽ അടച്ച നിലയിലായിരുന്ന നിധി. സ്വർണനാണയങ്ങളുടെ രൂപത്തിലും മറ്റുമുള്ള പുരാതന ലോഹങ്ങളാണ് പെട്ടിയിലുള്ളത്. കുടുംബാംഗങ്ങൾ അറിയിച്ചതിനെത്തുടർന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജസീന മജീദ്, വൈസ് പ്രസിഡന്റ് കടക്കാടൻ ഷൗക്കത്തലി, അംഗങ്ങളായ കെ രാധ, സുബൈർ പള്ളിക്കര, കെ ടി അക്‌ബർ, മുൻ പഞ്ചായത്തംഗം കെ നാരായണൻകുട്ടി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. തുടർന്ന് പൊലീസ് സ്റ്റഷനിലും വില്ലേജ് ഓഫീസിലും അറിയിക്കുകയും ചെയ്തു.

ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ നിയമനടപടികൾ പൂർത്തീകരിച്ച ശേഷം ലോഹപ്പെട്ടി ഉൾപ്പെടെയുള്ള വസ്തുക്കൾ ഭൂവുടമ കാർത്ത്യായനിയുടെ മകൻ പുഷ്പ രാജിന്റെ സാന്നിധ്യത്തിൽ വില്ലേജ് ഓഫീസ് ജീവനക്കാർ ജില്ലാ സിവിൽ സ്റ്റേഷനിലെ ട്രഷറിയിൽ ഏൽപ്പിക്കുകയായിരുന്നു. പുരാവസ്തു വകുപ്പാണ് ഇവ പരിശോധിക്കേണ്ടത്. പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പുരാവസ്തു വകുപ്പ് അറിയിച്ചിട്ടുണ്ട്.

പുരാവസ്തു വകുപ്പ് ഏറ്റെടുത്ത നിധി ജില്ലാ ട്രഷറിയിലേക്കു മാറ്റി. ഇതുസംബന്ധിച്ച് പുരാവസ്തു വകുപ്പ് കൂടുതൽ അന്വേഷണം നടത്തും. പൊലീസും സ്ഥലത്തെത്തിയിരുന്നു.