- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാം മറന്നെന്ന് പറഞ്ഞതിന് പ്രത്യുപകാരമായി ജയിലിലേക്ക് അയച്ചില്ല; പൊലീസുകാരനെ കേസിൽ നിന്ന് രക്ഷിക്കാൻ കൊടും ക്രിമിനലിനെ അയച്ചത് പ്രത്യാശാ ഭവനിലെ സുഖവാസത്തിന്; രാത്രിയിൽ പൂട്ടുപൊളിച്ച് കൂട്ടുകാരനൊപ്പം രക്ഷപ്പെട്ട് പൊന്നൻ ഷമീർ; മാവേലി എക്സ്പ്രസിലെ ചവിട്ടുകൊള്ളി രക്ഷപ്പെടുമ്പോൾ
കണ്ണൂർ: പൊലീസിന് വീണ്ടും പിഴച്ചു. മാവേലി എക്സ്പ്രസിൽ റെയിൽവേ പൊലീസിന്റെ ചവിട്ടേറ്റ കെ.ഷമീർ എന്ന പൊന്നൻ ഷമീർ മേലെ ചൊവ്വയിലെ പ്രത്യാശാഭവൻ പുനരധിവാസകേന്ദ്രത്തിൽനിന്ന് രക്ഷപ്പെട്ടു. ജയിലിൽ അടയ്ക്കേണ്ട ക്രിമിനലിനെ പ്രത്യാശാ ഭവനിൽ ആക്കിയതായിരുന്നു ഇതിന് കാരണം. നിരവധി കേസുകളിൽ പ്രതിയായിരുന്നു ഷമീർ. പക്ഷം ജയിലിൽ അയയ്ക്കാൻ പൊലീസ് മടിച്ചു. ഇതാണ് രക്ഷപ്പെടലിന് കാരണമായത്.
മദ്യപിച്ച് ടിക്കറ്റില്ലാതെ ഞായറാഴ്ച മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസിൽ കയറിയപ്പോഴാണ് ഷമീറിന് പൊലീസിന്റെ ചവിട്ടേറ്റത്. ബുധനാഴ്ച പുലർച്ചെ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉറങ്ങുകയായിരുന്ന ഇയാളെ റെയിൽവേ പൊലീസാണ് കണ്ടെത്തിയത്. തുടർന്ന് ഉച്ചയ്ക്ക് കണ്ണൂർ റെയിൽവേ പൊലീസിന് കൈമാറി. വീട്ടുകാർ സ്വീകരിക്കാത്തതിനാൽ ഇയാളെ പിന്നീട് പ്രത്യാശാഭവനിലേക്ക് മാറ്റുകയായിരുന്നു. ബലാത്സംഗം, മോഷണമടക്കം എട്ടുകേസുകളിൽ പൊന്നൻ ഷമീർ പ്രതിയാണ്
ഇയാളെ കോടതിയിൽ ഹാജരകാക്കി റിമാൻഡ് ചെയ്യാമായിരുന്നു. അങ്ങനെ ചെയ്താൽ ഇയാൾ പൊലീസ് ചവിട്ടി എന്ന് മൊഴി കൊടുത്താൽ ആ പരാതിയിൽ കേസുവരുമായിരുന്നു. അത് പൊലീസുകാരനേയും ബാധിക്കുമായിരുന്നു. പ്രതിയെ സുഖിപ്പിച്ച് പൊലീസുകാരനെതിരായ പരാതി ഇല്ലായ്മ ചെയ്യാനായിരുന്നു പ്രത്യാശാ ഭവനിലേക്ക് കൊണ്ടു പോയത്. ഇതിലൂടെ തീവണ്ടിയിലെ പൊലീസ് മർദ്ദനം ഒതുക്കാമെന്നും കരുതി. ഈ സാഹചര്യം ഉപയോഗിച്ചാണ് ഷമീർ രക്ഷപ്പെട്ടത്.
കഴിഞ്ഞദിവസം രാത്രി മുറിയുടെ പൂട്ടുപൊളിച്ച് മറ്റു രണ്ടുപേർക്കൊപ്പം ഷമീർ കടന്നുകളയുകയായിരുന്നു. അമിതമദ്യപാനവും മാനസികപ്രശ്നങ്ങളും കാരണം കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിനിടെയാണ് ഷമീർ രക്ഷപ്പെട്ടത്. പ്രത്യാശാഭവൻ അധികൃതർ പൊലീസിൽ പരാതി നൽകി. ബുധനാഴ്ച വൈകിട്ടാണ് ഷമീറിനെ റെയിൽവേ പൊലീസ് പ്രത്യാശാഭവനിലെത്തിച്ചത്. വീട്ടുകാർക്ക് വേണ്ടാത്ത അവസ്ഥയിൽ മദ്യപാനചികിത്സയ്ക്കു കൂടിയാണ് ഇവിടെയെത്തിച്ചത്.
എത്തുമ്പോൾ ശാന്തനായിരുന്ന ഇയാൾ പിന്നീട് അക്രമസ്വഭാവം കാണിക്കുകയായിരുന്നു. വ്യാഴാഴ്ച പ്രത്യേക മുറിയിലാക്കി. വെള്ളിയാഴ്ച രാത്രി 10 മണിക്ക് ജീവനക്കാർ മുറിയിൽ കണ്ടിരുന്നു. ആംബുലൻസ് തകർത്ത സംഭവവുമായി ബന്ധപ്പെട്ട് ഇവിടെ ചികിത്സയിലുണ്ടായിരുന്നയാളും റെയിൽവേ സ്റ്റേഷനിൽ പ്രശ്നങ്ങളുണ്ടാക്കിയ കേസിൽ ചികിത്സയിലുണ്ടായിരുന്നയാളുമാണ് ഇയാളുടെ കൂടെ രക്ഷപ്പെട്ടത്. വളപ്പിൽനിന്ന് കിട്ടിയ കമ്പിയുപയോഗിച്ചാണ് മുറിയുടെ പൂട്ട് തകർത്തത്.
ശനിയാഴ്ച ഷമീർ സഹോദരിയുടെ വീട്ടിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊടും കുറ്റവാളിയാണ് ഷമീർ. അറസ്റ്റിലായ ശേഷം പൊലീസിന് സഹായിക്കുന്ന മൊഴിയാണ് ഷമീർ നൽകിയത്. പൊലീസിനെതിരെ തനിക്ക് പരാതിയില്ലെന്ന് മാവേലി എക്സ്പ്രസ്സിൽ പൊലീസിന്റെ മർദ്ദനത്തിനിരയായ യാത്രക്കാരൻ പൊന്നൻ ഷമീർ പറഞ്ഞിരുന്നു. സംഭവ സമയത്ത് താൻ മദ്യലഹരിയിലായിരുന്നു. എന്താണ് നടന്നതെന്ന് ഓർമ്മയില്ല, വിഷയത്തിൽ പൊലീസിനെതിരെ തനിക്ക് പരാതിയില്ലെന്നും ഷെമീർ പറഞ്ഞു. 35 രൂപയുടെ ജനറൽ ടിക്കറ്റ് എടുത്തിരുന്നതായും ഷമീർ വ്യക്തമാക്കിയിട്ടുണ്ട്.
പൊന്നൻ ഷമീറിനെ നേരത്തെ കോഴിക്കോട് നിന്നാണ് കണ്ടെത്തിയത്. കോഴിക്കോട് ലിങ്ക് റോഡിൽ കിടന്നുറങ്ങുന്ന നിലയിലായിരുന്നു ഇയാളെ പൊലീസ് കണ്ടെത്തിയത്. മാവേലി എക്സ്പ്രസിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തെന്ന പേരിൽ ഷമീറിനെ എഎസ്ഐ മർദിച്ചത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. മാഹിയിൽ നിന്ന് ട്രെയിനിൽ കയറിയ ഇയാളെ പൊലീസ് ഇടപെട്ട് വടകരയിൽ ഇറക്കിവിടുകയും ചെയ്തിരുന്നു. സംഭവം വിവാദമായെങ്കിലും ഇയാളെ കാണ്ടെത്താനാവാത്തതും പൊലീസിനെ പ്രതിസന്ധിയിലാക്കി. ഇതിനിടെയാണ് ചൊവ്വാഴ്ച ഇയാളെ തിരിച്ചറിഞ്ഞത്. ഫോട്ടോ കണ്ട ബന്ധുക്കളാണ് ഇയാൽ പൊന്നൻ ഷമീർ ആണെന്ന് അറിയിച്ചിരുന്നു.
മാലപിടിച്ചു പറിക്കൽ, ഭണ്ഡാരം മോഷണം തുടങ്ങിയ കേസിലെ പ്രതിയാണ് പൊന്നൻ ഷമീർ എന്നാണ് പൊലീസിന്റെ നിലപാട്. കൂത്തുപറമ്പ് നിർവേലി സ്വദേശിയും ഇപ്പോൾ ഇരിക്കൂറിൽ താമസിക്കുന്നതുമായ ആളുമാണ് ഇയാൾ. ട്രെയിനിൽ വച്ച് സ്ത്രീകളോട് മോശമായി പെരുമാറിയിരുന്നു എന്നും മദ്യപിച്ച ലക്കുകെട്ടിരുന്ന നിലയിൽ ആയിരുന്നതിനാലാണ് ബലം പ്രയോഗിക്കേണ്ടി വന്നത് എന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്തുവെന്ന കുറ്റത്തിന് യാത്രക്കാരനെ എഎസ്ഐ പ്രമോദ് ബൂട്ടിട്ട് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്ത സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു.
സംഭവത്തിന് പിന്നാലെ എഎസ്ഐ പ്രമോദിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.മാവേലി എക്സ്പ്രസ് കണ്ണൂരിൽ നിന്ന് പുറപ്പെടുമ്പോഴാണ് സംഭവമുണ്ടായത്. സ്ലീപ്പർ കമ്പാർട്മെന്റിൽ നിലത്തിരിക്കുകയായിരുന്ന യാത്രക്കാരനോട് പരിശോധനയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ ടിക്കറ്റ് ചോദിച്ചു. സ്ലീപ്പർ ടിക്കറ്റില്ലെന്നും ജനറൽ ടിക്കറ്റ് മാത്രമേയുള്ളൂവെന്നും യാത്രക്കാരൻ മറുപടി നൽകി. കൈയിലുള്ള ടിക്കറ്റ് എടുക്കാൻ പൊലീസുകാരൻ ആവശ്യപ്പെട്ടു. ഇതിനിടെയാണ് ഇയാൾ യാത്രക്കാരനെ ബൂട്ട് കൊണ്ട് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
യാത്രക്കാരന്റെ നെഞ്ചിനാണ് ചവിട്ടേറ്റത്. എന്നാൽ താന് തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് എഎസ്ഐ പ്രമോദിന്റെ വാദം. ടിക്കറ്റില്ലാത്ത യാത്രക്കാരനെ ഇറക്കി വിടുക മാത്രമാണ് ചെയ്തതെന്ന് ഇയാൾ പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ