മലപ്പുറം: പൊന്നാനി എം.ഇ.എസ്. കോളജിലെ മാസികയ്ക്കു വിലക്ക്. സദാചാര വിരുദ്ധതയുടെ പേരിലാണ് വിലക്ക് 'മുല മുറിക്കപ്പെട്ടവർ' എന്ന പേരിലാണു മാനേജ്മെന്റ് മാസികയെ വിലക്കുന്നത്. എന്നാൽ എന്തുവില കൊടുത്തും മാസിക പുറത്തിറക്കുമെന്നു പത്രാധിപസമിതി ഭാരവാഹികൾ പറഞ്ഞു. മാനേജ്മെന്റ് എതിർത്താലും അച്ചടി പൂർത്തിയായ മാസിക വിതരണം ചെയ്യായനാണു എസ്.എഫ്.ഐയുടെ നേതൃത്വത്തിലുള്ള വിദ്യാർത്ഥി യൂണിയന്റെ തീരുമാനം.

മുല മുറിക്കപ്പെട്ടവർ എന്ന പേര് അശ്ലീലമാണെന്നാണു മാനേജ്മെന്റിന്റെ വാദം. മാസികയിറക്കുന്നതിനു പ്രിൻസിപ്പൽ വിദ്യാർത്ഥികൾക്കൊപ്പമുണ്ടായിരുന്നു. എന്നാൽ, അച്ചടിക്കാൻ നൽകിയ വേളയിലാണു പേരിലെ അശ്ലീലം ചൂണ്ടിക്കാട്ടി മാസിക പുറത്തിറക്കുന്നതു നിർത്തിവയ്ക്കാൻ വിദ്യാർത്ഥികൾക്കു നിർദ്ദേശം ലഭിച്ചത്.

കോളജിൽ സ്റ്റാഫ് മീറ്റിങ് ചേർന്നു മാസികയുടെ പേരും ഉള്ളടക്കവും മാറ്റണമെന്നു നിർദേശിച്ചെങ്കിലും ഒരുവർഷത്തെ പ്രയത്നം ഇല്ലാതാക്കാൻ അനുവദിക്കില്ലെന്നു വിദ്യാർത്ഥികൾ പറഞ്ഞു. മാസിക പുറത്തിറക്കിയാൽ വിദ്യാർത്ഥികൾക്കെതിരേ നിയമ നടപടിയെടുക്കുമെന്നും ഫണ്ട് നൽകില്ലെന്നും മാനേജ്മെന്റ് അറിയിച്ചു.

എസ്.എഫ്.ഐയ്ക്കു ഭൂരിപക്ഷമുള്ള കോളജിൽ മാനേജ്മെന്റിന്റെ സദാചാര പൊലീസിങ്ങിനെതിരേ വിദ്യാർത്ഥികൾക്കിടയിൽ പ്രതിഷേധമുയർന്നിട്ടുണ്ട്. മുല അസഭ്യമല്ലെന്നു വിദ്യാർത്ഥികൾ നിരന്തരം പ്രചരിപ്പിച്ചാണ് പ്രതിഷേധം ശക്തമാക്കുന്നത്.