- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോകകപ്പിൽ ഓസീസ് പിച്ചുകളിൽ ഋഷഭ് പന്ത് അപകടം വിതയ്ക്കും'; വിമർശനങ്ങൾക്ക് നടുവിൽ റിഷഭ് പന്തിന് ആശ്വാസമായി 'ആശാൻ'; ബാറ്റിംഗിൽ ഫ്‌ളോട്ടറായി കളിപ്പിക്കാവുന്ന പന്തിനെ അഞ്ചാം സ്ഥാനത്ത് ഇറക്കണമെന്നാണ് തന്റെ നിർദേശമെന്നും പോണ്ടിങ്

മുംബൈ: ഓസ്ട്രേലിയ വേദിയാവുന്ന ട്വന്റി20 ലോകകപ്പിൽ ഋഷഭ് പന്ത് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ഓസീസ് മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. ഓസ്ട്രേലിയയിലെ നല്ല ബൗൺസ് ലഭിക്കുന്ന ഫൽറ്റ് പിച്ചുകളിൽ അസാധാരണമാംവിധം അപകടകാരിയായിരിക്കും പന്ത് എന്നാണ് ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റനെ ചൂണ്ടി പോണ്ടിങ് പറയുന്നത്. ക്യാപ്റ്റനായി അരങ്ങേറിയ ആദ്യമത്സരത്തിലെ തന്നെ പരാജയത്തിൽ റിഷഭ് പന്ത് നേരിടുന്ന വിമർശനങ്ങൾക്കിടയിലാണ് പോണ്ടിങ്ങിന്റെ വാക്കുകൾ. റിഷഭ് പന്തിന്റെ ബൗളിങ് മാറ്റങ്ങളും ഐപിഎല്ലിലെ പർപ്പിൾ ക്യാപ് ഉടമയായ യുസ്വേന്ദ്ര ചാഹലിനെ ഉപയോഗിച്ച രീതിയുമെല്ലാം വിമർശനങ്ങൾക്ക് കാരണമായിരുന്നു.
ബാറ്റിംഗിൽ 16 പന്തിൽ 29 റൺസടിച്ച് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ക്യാപ്റ്റൻസിയിലെ അബദ്ധങ്ങൾ റിഷഭ് പന്തിന് തിരിച്ചടിയായി. എന്നാൽ വിമർശനങ്ങൾക്ക് നടുവിലും റിഷഭ് പന്ത് അപകടകാരിയായ ബാറ്ററാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ പരിശീലകനായ മുൻ ഓസ്‌ട്രേലിയൻ നായകൻ റിക്കി പോണ്ടിങ്.
ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിൽ പന്ത് അപകടകാരിയാവുമെന്നും അസാമാന്യ മികവുള്ള കളിക്കാരനാണ് പന്തെന്നും പോണ്ടിങ് പറഞ്ഞു. ഓസ്‌ട്രേലിയയിലെ വേഗവും ബൗൺസുമുള്ള ഫ്‌ളാറ്റ് പിച്ചുകൾ റിഷഭ് പന്തിന്റെ കളിക്ക് അനുയോജ്യമാണ്. അതുകൊണ്ടുതന്നെ ടൂർണമെന്റിൽ എല്ലാവരും ശ്രദ്ധിക്കേണ്ട കളിക്കാരിലൊരാൾ ഉറപ്പായും റിഷഭ് പന്താണെന്നും ഐസിസി റിവ്യുവിൽ പോണ്ടിങ് വ്യക്തമാക്കി.
ബാറ്റിങ് നിരയിൽ ഫ്‌ളോട്ടറായി കളിപ്പിക്കാവുന്ന പന്തിനെ അഞ്ചാം സ്ഥാനത്ത് കളിപ്പിക്കണമെന്നാണ് തന്റെ നിർദേശമെന്നും പോണ്ടിങ് പറഞ്ഞു. ഒന്നോ രണ്ട് വിക്കറ്റ് വീഴുകയും ഇന്നിങ്‌സിൽ ഏഴോ എട്ടോ ഓവറുകൾ ബാക്കിയിരിക്കുകയും ചെയ്യുമ്പോൾ റിഷഭ് പന്തിനെ ഇറക്കി നോക്കാവുന്നതാണ്. ഡൽഹി ക്യാപിറ്റൽസിൽ താൻ പന്തിനെ അങ്ങനെയാണ് ഉപയോഗിക്കാറുള്ളതെന്നും പന്തിന്റെ അക്രമണാത്മക ബാറ്റിങ് ടീമിന് ഗുണകരമാകുമെന്നും പോണ്ടിങ് പറഞ്ഞു. ക്യാപ്റ്റൻ സ്ഥാനത്ത് ഒരുപാട് അബദ്ധങ്ങൾ വരുത്തിയെങ്കിലും ഡൽഹിയെ നയിക്കാൻ റിഷഭ് പന്ത് എന്തുകൊണ്ടും യോഗ്യനാണെന്നും പോണ്ടിങ് പറഞ്ഞു.


