മുംബൈ: ബോളിവുഡിൽ ഒരുകാലത്ത് മിന്നുന്ന താരമായിരുന്നു പൂജാ ബേദി. 17 വർഷങ്ങൾക്ക് മുമ്പ് വിവാഹ മോചിതയായ താരം ഇപ്പോൾ വീണ്ടും വിവാഹിതയാകാൻ ഒരുങ്ങുകയാണ്. ഇതേക്കുറിച്ച് മനസ്സു തുറന്ന് പൂജാ ബേദി രംഗത്തെത്തി. വീണ്ടുമൊരു വിവാഹത്തിന് മക്കളാണ് തന്നെ നിർബന്ധിക്കുന്നത് എന്നാണ് പൂജാ ബേദി പറയുന്നത്. മക്കളായ അലായ ഫർണിച്ചർവാലയും ഒമറുമാണ് താൻ വീണ്ടും വിവാഹിതയായി കാണാൻ ഏറെ ആഗ്രഹിക്കുന്നതെന്നാണ് അവർ പറയുന്നത്. 50 വയസ്സുള്ള പൂജ സുഹൃത്തായ മാനെക്ക് കോൺട്രാക്ടറെ വിവാഹം കഴിക്കാൻ ഒരുങ്ങുകയാണ്.

1994ലാണ് ഫർഹാൻ ഫർണിച്ചർവാലയെ പൂജ ബേദി വിവാഹം കഴിച്ചത്. ഒമ്പതു വർത്തിനുശേഷം ഇരുവരും വിവാഹ മോചിതരായി. ഈ ബന്ധത്തിലുള്ള മക്കളാണ് അലായയും ഒമറും. 'എന്നേക്കാളേറെ, ഞാൻ കല്യാണം കഴിച്ച് സെറ്റിലാകണമെന്ന് ഏറെ ആഗ്രഹിക്കുന്നത് മക്കൾ രണ്ടുപേരുമാണ്. അവർ ഏറെ ആകാംക്ഷയോടെയാണ് അതിനായി കാത്തിരിക്കുന്നത്. മമ്മീ, ഡാഡിയെ നോക്കൂ..അദ്ദേഹം ലൈല ആന്റിയെ (ഫിറോസ് ഖാന്റെ മകൾ ലൈല ഖാൻ) വിവാഹം കഴിച്ച് ഒരു കുട്ടിയുമായി എന്ന് മക്കൾ എന്നോട് പറയാറുണ്ട്.'- പൂജ ബേദി പറയുന്നു.

ജീവിതത്തിലെ അനുഭവങ്ങൾ കൂടുതൽ കരുത്തിന് പിന്തുണയാകുമെന്നാണ് പൂജയുടെ പക്ഷം. 'ഒരു കല്യാണം വിജയകരമായില്ലെങ്കിൽ രണ്ടാമത് അതിന് ഒരുങ്ങരുതെന്ന് പറയുന്നതിൽ കഴമ്പില്ല. എന്റെ പിതാവ് കബീർ ബേദി നാലു തവണ കല്യാണം കഴിച്ചയാളാണ്. വളരെ ഉത്കൃഷ്ടരായ വനിതകളെയാണ് അദ്ദേഹം ജീവിത പങ്കാളികളാക്കിയത്. മികവുറ്റ വളർത്തമ്മമാരാണ് ഞങ്ങൾക്കുണ്ടായിരുന്നത്. പിതാവിന്റെ ബന്ധങ്ങളും വിവാഹങ്ങളും കരുത്തിൽനിന്ന് കരുത്തിലേക്ക് അദ്ദേഹത്തെ നയിച്ചു' -അഭിമുഖത്തിൽ അവർ ചൂണ്ടിക്കാട്ടി. പൂജയും ഗോവയിൽ ഹോട്ടൽ നടത്തുന്ന മാനെക്കും ഒരേ സ്‌കൂളിൽ പഠിച്ചവരാണ്.

നടൻ കബീർ ബേദിയുടെയും നർത്തകി പ്രൊതിമ ബേദിയുടെയും മകളായ പൂജ 1991ൽ വിഷകന്യയിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. 1992ൽ, അമീർ ഖാനും അയിഷ ജുൽകയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച 'ജോ ജീതാ വഹി സിക്കന്ദർ' എന്ന ചിത്രത്തിലെ വേഷം പൂജയെ ഏറെ പ്രശസ്തയാക്കി. 'ലൂടേരേ', 'ഫിർ തേരി കഹാനി യാദ് ആയി', 'ആതംഗ് ഹി ആതംഗ്', ശക്തി തുടങ്ങിയ ചിത്രങ്ങളിൽ പിന്നീട് അഭിനയിച്ചെങ്കിലും നടിയെന്ന നിലയിൽ ബോളിവുഡിൽ നിലയുറപ്പിക്കാൻ കഴിഞ്ഞില്ല. പൂജയുടെ മകൾ അലായയും അഭിനേത്രിയാണ്.