ബംഗളൂരു: കേരള ആർടിസി പൂജ അവധിക്കുള്ള സ്‌പെഷൽ ബസുകൾ പ്രഖ്യാപിച്ചതോടെ ബുക്കിംഗിന് തിരക്കേറി. സിൽവർലൈൻ ജെറ്റ് സർവീസിനാണ് ആവശ്യക്കാരേറെ. പൂജ അവധിയോടനുബന്ധിച്ച് 20, 21, 22 തീയതികളിലായി അനുവദിച്ച എട്ടു സ്‌പെഷൽ സർവീസുകളിൽ മൂന്നെണ്ണം സിൽവർലൈൻ ജെറ്റ് ആണ്. കോട്ടയം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലേക്കാണ് ഇവ. മഹാനവമിയുടെ തലേദിവസമായ 21നു രാത്രി 7.30 നു പുറപ്പെടുന്ന കോട്ടയം സിൽവർലൈൻ ജെറ്റിലെ ഭൂരിഭാഗം ടിക്കറ്റുകളും വിറ്റുതീർന്നു. രാത്രി 8.30 നു കോഴിക്കോട്ടേക്കുള്ള സിൽവർ ലൈൻ ജെറ്റിനും മികച്ച പ്രതികരണമാണുണ്ടായത്.

മൂന്നു ദിവസങ്ങളിലായി കോഴിക്കോട്ടേക്ക് നാലും തൃശൂർ, എറണാകുളം, കോട്ടയം, തലശേരി എന്നിവിടങ്ങളിലേക്ക് ഓരോ ബസുകളുമാണ് സ്‌പെഷൽ സർവീസുകൾ നടത്തുന്നത്. മൂന്നു സിൽവർലൈൻ ജെറ്റുകൾ കൂടാതെ അഞ്ചു സൂപ്പർ ഫാസ്റ്റ് ബസുകളുമാണ് അനുവദിച്ചത്.

മൈസൂരു, കുട്ട, ഗോണികുപ്പ, മാനന്തവാടി വഴിയാണ് ഭൂരിഭാഗം സർവീസുകളും. ഇവയുടെ റിസർവേഷൻ പൂർത്തിയായിക്കഴിഞ്ഞാൽ കൂടുതൽ സർവീസുകൾ ആരംഭിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണെ്ടന്ന് കേരള ആർടിസി അധികൃതർ അറിയിച്ചു. ഈ ദിവസങ്ങളിലെ പതിവു സർവീസുകളിലെ ടിക്കറ്റുകളെല്ലാം ഇതിനകം വിറ്റുതീർന്നിട്ടുണ്ട്. അവധി കഴിഞ്ഞ് ബംഗളൂരുവിലേക്ക് ഏറ്റവും കൂടുതൽ പേർ വരുന്ന 24, 25, 26 തീയതികളിൽ കേരളത്തിൽ നിന്നു തിരിച്ചും സ്‌പെഷൽ ബസുകൾ സർവീസ് നടത്തുമെന്ന് എടിഒ അഹമ്മദ്കുട്ടി അറിയിച്ചു.

ഈമാസം 20, 21, 22 ദിവസങ്ങളിൽ കർണാടക ആർടിസി നാലു സ്‌പെഷൽ സർവീസുകൾ നടത്തുന്നുണ്ട്. സേലം, കോയമ്പത്തൂർ വഴിയുള്ള ഈ ബസുകളിൽ നിരക്ക് കൂടുതലാണെങ്കിലും ടിക്കറ്റുകൾ നേരത്തെതന്നെ വിറ്റുതീർന്നു.