തിരുവനന്തപുരം : പൊലീസിനെ വട്ടം ചുറ്റിക്കുന്ന സാഗർ ഏലിയാസ് ജാക്കി സിനിമയിലാണെങ്കിൽ തലസ്ഥാനത്ത് ഇന്നലെ പൊലീസിനെയും ഫയർഫോഴ്സിനെയും ഒരുപോലെ വലച്ച ജയിൽപ്പുള്ളിയാണ് സുഭാഷ് ഏലിയാസ് അൻസാരി. ജയലിൽ നിന്നും ഓടി മരക്കൊമ്പിൽ കയറി താഴെയിറങ്ങാൻ കഴിതെ കുടുങ്ങിയതോടെ ചാടി ആത്മഹത്യചെയ്യുമെന്ന് ഭീഷണിയായി.

രണ്ടു മണിക്കൂറോളം പണിപ്പെട്ടാണ് ഫയർഫോഴ്സ് ദൗത്യം പൂർത്തിയാക്കിയത്. കോട്ടയം തീകോയി സ്വദേശി സുഭാഷ് ഏലിയാസ് അൻസാരിയാണ് (33) ഇന്നലെ പരിഭ്രാന്തി സൃഷ്ടിച്ചത്. 2016ൽ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടാണ് ഇയാളെ സെൻട്രൽ ജയിലിൽ എത്തിച്ചത് 2016 മെയ് 8ന് പാല സബ് ജയിലിൽ നിന്നാണ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട ഇയാൾ സെൻട്രൽ ജയിലിൽ എത്തിയത്. കോവിഡിനെ തുടർന്ന് 2020 മാർച്ച് 15ന് തുറന്ന ജയിലിലേക്കു മാറ്റി. 2021 മെയ് 7ന് കോവിഡ് പരോൾ ലഭിച്ച് നാട്ടിലേക്കു പോയി.

പരോൾ കഴിഞ്ഞിട്ടും തിരിച്ചു വരാത്തതിനെ തുടർന്ന്ജൂൺ 22 ന് പൊലീസ് അറസ്റ്റ് ചെയ്ത് എത്തിച്ചു. നെട്ടുകാൽത്തേരി തുറന്ന ജയിലിൽ എത്തിച്ചു. മാനസിക പ്രശ്നങ്ങൾ കാട്ടിയതിനെ തുടർന്ന് മൂന്നാഴ്ച മുൻപാണ് സെൻട്രൽ ജയിലിലേക്കു മാറ്റിയത്. ഇന്നലെ വൈകിട്ട് 4.45ന് തടവുകാരുടെ ഹിസ്റ്ററി ടിക്കറ്റ് വാങ്ങാനായി വലിയ മതിലിന് പുറത്തുള്ള ഓഫീസിലേക്ക് ഒരു ഉദ്യോഗസ്ഥന് ഒപ്പം സുഭാഷും മറ്റൊരു തടവുകാരനും പോയി. തിരികെ മടങ്ങുന്നതിനിടയിൽ ജയിലിന് അകത്തേക്ക് കയറുന്ന പ്രധാന ഗേറ്റിന് മുന്നിൽ നിന്നും ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.

പിന്നാലെ ഉദ്യോഗസ്ഥരുമൊടി. ജയിൽ വളപ്പിലെ ചെറിയ ചുറ്റു മതിൽ ചാടി തൊട്ടടുത്തുള്ള സാമൂഹ്യ നീതി വകുപ്പിന്റെ ഷെൽട്ടർ വളപ്പിലെ ചാമ്പ മരത്തിൽ കയറി ഇരിപ്പുറപ്പിച്ചു. പിന്നാലെ എത്തിയ ജയിൽ ഉദ്യോഗസ്ഥർ താഴേക്ക് ഇറങ്ങാൻ അനുനയ ശ്രമങ്ങൾ നടത്തിയൈങ്കിലും ഇയാൾ തയാറായില്ല. ജഡ്ജി സ്ഥലത്ത് എത്തി തന്നെ കുറ്റവിമുക്തനാക്കണമെന്നും മാധ്യമങ്ങളോട് സംസാരിക്കണമെന്നും കുടുംബത്തിനെ കാണണമെന്നുമുള്ള പലവിധ ആവശ്യങ്ങളായി. ഇതോടെ ജയിൽ ഉദ്യോഗസ്ഥർ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു.

ഇവർ സ്ഥലത്ത് എത്തി ഏണി ഉപയോഗിച്ച് മരത്തിലേക്ക് കയറിയതോടെ. പ്രതി കൂടുതൽ മുകളിലേക്ക് കയറി. ഇതിനിടെ ഉദ്യോഗസ്ഥർ മരത്തിന് ചുറ്റും വല കെട്ടി. ഉദ്യോഗസ്ഥർ ഇയാളുടെ കാലിൽ പിടിത്തമിട്ടെങ്കിലും ഇവരെ തള്ളിതാഴെയിടായി പിന്നീടുള്ള ശ്രമം. പിന്നീട് ഇവരിൽ നിന്ന് കുതറി മാറാനുള്ള ശ്രമത്തിനിടെ മരക്കൊമ്പൊടിഞ്ഞ് വലയിലേക്ക് വീണു. താഴേ വീണ ഇയാളെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവം അറിഞ്ഞ് മാധ്യമ പ്രവർത്തകരും ആശാഭവൻ അന്തേവാസികളും പരിസരവാസികളും സ്ഥലത്ത് തടിച്ചു കൂടി.

ചെങ്കൽച്ചൂള ഫയർഫോഴ്സ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ വി.ആർ.അരുൺകുമാർ, ശ്രീരാജ് ആർ.നായർ, സനൽകുമാർ എന്നിവരാണ് മരത്തിനു മുകളിലെത്തി രക്ഷാപ്രവർത്തനം നടത്തിയത്. ജയിൽ ചാടാൻ ശ്രമിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തു.