താരപുത്രന്മമാരായ ദുൽഖറും പ്രണവും ഗോകുൽ സുരേഷും സിനിമയിൽ സജീവമായതോടെ കാളിദാസ് ചിത്രം പൂമരം എത്താത് ആരാധകരെ ആശങ്കയിലാക്കിയിരുന്നു. മാത്രമല്ല ആരാധകരുടെ കാത്തിരിപ്പ് തുടരുന്നതിനെ പരിഹസിച്ച് സോഷ്യൽമീഡിയിൽ ട്രോളുകളും നിറഞ്ഞിരുന്നു. ഒടുവിൽ പൂമരത്തിന്റെ റിലീസ് കാര്യം കാളിദാസ് തന്നെ പുറത്ത് വിട്ടിരിക്കുകയാണ്.

മഞ്ചേരി എൻഎസ്എസ് കോളജിൽ നടന്ന കാലിക്കറ്റ് സർവകലാശാല സീസോൺ കലോത്സവ വേദിയിൽ സംസാരിക്കുമ്പോഴാണ് തന്റെ കാത്തിരിപ്പിന് വിരാമമാകുകയാണെന്ന് കാളിദാസ് പ്രഖ്യാപിച്ചത്. കലോത്സവത്തിൽ മുഖ്യാതിഥി ആയിട്ടായിരുന്നു കാളിദാസ് പങ്കെടുത്തത്.
മാർച്ച് ആദ്യവാരം ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് കാളിദാസ് പറഞ്ഞത്.

കഴിഞ്ഞ ദിവസം പൂമരം റിലീസ് സംബന്ധിച്ച ട്രോളുകൾക്ക് മറുപടി നൽകവെ ചിത്രം ഉടൻ എത്തുമെന്ന സൂചന കാളിദാസ് നൽകിയിരുന്നു. അതിന് പിന്നാലെയാണ് ചിത്രത്തിന്റെ സംഗീതവുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന ഗോപീ സുന്ദറിനൊപ്പം കാളിദാസും ഏബ്രിഡ് ഷൈനും നിൽക്കുന്ന ചിത്രം പുറത്തുവന്നത്. ചിത്രത്തിന്റെ അവസാന മിനുക്കു പണികൾ നടക്കുന്നുവെന്ന സൂചനയായിരുന്നു ഇവയെല്ലാം. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കിയത്.

ആക്ഷൻ ഹീറോ ബിജുവിന് ശേഷം ഏബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ക്യാംപസ് ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷകളാണുള്ളത്. പൂമരത്തിലെ പുറത്തിറങ്ങിയ എല്ലാ പാട്ടുകളും വൻ വിജയമായിരുന്നു.