കൊച്ചി: മലയാള സിനിമാ പ്രേമികളുടെ കാത്തിരിപ്പുകൾക്ക് വിരമമായി. ഒടുവിൽ കാളിദാസ് ജയറാം നായകനായി അഭിനയിച്ച് എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പൂമരം തിയറ്ററുകളിലേക്ക് എത്തി. 2016 ൽ ചിത്രീകരണം ആരംഭിച്ച സിനിമയ്ക്ക് പല റിലീസ് ദിനങ്ങളും തീരുമാനിച്ചെങ്കിലും ഒടുവിൽ 2018 മാർച്ച് 15 എന്ന ദിവസത്തിലാണ് പിറന്നിരിക്കുന്നത്.

കുഞ്ചാക്കോ ബോബൻ, മഞ്ജു വാര്യർ, മീര ജാസ്മിൻ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. താരപുത്രന്റെ അരങ്ങേറ്റ സിനിമയാണ് എന്ന കാരണത്തിലാണ് പൂമരത്തിന് ഇത്രയധികം പ്രധാന്യം കിട്ടിയത്. പൂമരം റിലീസ് തീരുമാനിച്ച് വൈകി പോയതോടെയായിരുന്നു ട്രോളുകളുമായി സോഷ്യൽ മീഡിയ പൂമരത്തിനെയും കാളിദാസിനെയും ട്രോളി കൊന്നത്.

2016 ൽ ചിത്രീകരണം ആരംഭിച്ച സിനിമ 2018 മാർച്ച് 15 ന് റിലീസിനെത്തിയിരിക്കുകയാണ്. മുൻപ് ഒരുപാട് ദിവസങ്ങളിൽ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങളായിരുന്നു സിനിമയുടെ റിലീസ് മാറ്റിയതിന് കാരണം. എന്നാൽ ആരാധകരുടെ കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്. സിനിമ ഇറങ്ങിയാൽ മാത്രമെ വിശ്വസിക്കുകയുള്ളു എന്ന തീരുമാനത്തിലായിരുന്നു പ്രേക്ഷകർ.

സിനിമ റിലീസിനെത്തിയെങ്കിലും അതിന് മുൻപ് സിനിമയിൽ നിന്നും രണ്ട് പാട്ടുകൾ മാത്രമായിരുന്നു പുറത്ത് വന്നിരുന്നത്. കാളിദാസിന്റെ ചിത്രം മാത്രമുള്ള പോസ്റ്ററുകളുമായിരുന്നു റിലീസ് ചെയ്തിരുന്നത്. അതിനാൽ സിനിമയിലെ താരങ്ങളെ കുറിച്ചോ സിനിമയുടെ ഇതിവൃത്തം എന്താണ് എന്നതിനെ കുറിച്ചോ കൂടുതൽ വിവരങ്ങളില്ലായിരുന്നു.

പ്രണവ് മോഹൻലാലിന്റെ ആദിക്ക് മുൻപ് തന്നെ പ്രേക്ഷകർ കാത്തിരുന്നത് കാളിദാസിന് വേണ്ടിയായിരുന്നു. പൂമരത്തിൽ നിന്നും ആദ്യം പാട്ടുകളിലൂടെ കാളിദാസ് സിനിമാപ്രേമികളെ സ്വാധീനിച്ചിരുന്നു. എന്നാൽ നായകനായുള്ള അരങ്ങേറ്റം തന്നെ ഹിറ്റാക്കാൻ കാളിദാസിന് കഴിഞ്ഞിട്ടുണ്ടെന്നാണ് ആദ്യം വരുന്ന റിപ്പോർട്ടുകളിൽ പറയുന്നത്.

നിവിൻ പോളിയുടെ ആക്ഷൻ ഹീറോ ബിജുവിന് ശേഷം ഏബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന സിനിമയാണ് പൂമരം. പൂമരത്തിന് തിരക്കഥയൊരുക്കിയാണ് ഏബ്രിഡ് സിനിമ സംവിധാനം ചെയ്തത്. മികച്ച സംവിധായകനാണെന്ന് തെളിയിക്കാൻ ഏബ്രിഡിന് കഴിഞ്ഞതോടെ പൂമരം അഡാറ് സിനിമയായിരിക്കുമെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. യൂണിവേഴ്സിറ്റി യൂത്ത്ഫെസ്റ്റിവലിൽ മഹാരാജാസ് കോളേജും സെന്റ് തെരേസ് കോളേജിലുമായി നടക്കുന്ന പരസ്പര മത്സരമാണ് പൂമരത്തിന്റെ ഇതിവൃത്തം. സിനിമയുടെ ആദ്യപകുതി കഴിയുമ്പോഴേക്കും സിനിമ മികച്ച പാതയിലൂടെ തന്നെയാണ് സഞ്ചരിച്ചിരിക്കുന്നത്.

മോഹൻലാൽ,ദുൽഖർ സൽമാൻ, കുഞ്ചാക്കോ ബോബൻ, നിവിൻ പോളി തുടങ്ങി മലയാളത്തിലെ നിരവധി താരങ്ങൾ കാളിദാസിനും പൂമരത്തിനും ആശംസകളുമായി എത്തിയിരുന്നു. ഫേസ്‌ബുക്കിലൂടെയും നേരിട്ടും പലർ ആശംസകളുമായി എത്തി. സിനിമയുടെ അണിയറ പ്രവർത്തകർക്കൊപ്പമായിരുന്നു കാളിദാസ് സിനിമ കാണാൻ എത്തിയത്.