ന്യൂജേഴ്‌സി: ന്യൂജേഴ്സിയിലെ മലയാളികളെ സംഗീതത്തിന്റെയും,ചിരിയുടെയും ലോകത്തേക്ക് കൊണ്ടു പോകുവാൻ വൈക്കം വിജയലക്ഷ്മിയും സംഘവും 'പൂമരം' ഷോയുമായി എത്തുന്നു. കലാമൂല്യമുള്ള ഈ പരിപാടി ന്യൂജേഴ്‌സിയിലെ മലയാളികളുടെ മുന്നിൽ അവതരിപ്പിക്കുന്നത് എം ബി എൻ ഫൗണ്ടേഷൻ. സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായ മാധവൻ ബി നായർ ആരംഭിച്ച പ്രസ്ഥാനമാണ് എം ബി എൻ ഫൗണ്ടേഷൻ.

'പ്രോമോട്ടിങ് സ്‌കിൽസ്,സപ്പോർട്ടിങ് ഹെൽത്' എന്ന ആശയവുമായി ആരംഭിച്ച എം ബി എൻ ഫൗണ്ടേഷന്റെയും ന്യൂജേഴ്സിയിലെ മലയാളി സംഘടനകളായ മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി (MANJ), കേരളാ കൾച്ചറൽ ഫോറം (KCF),നോർത്ത് അമേരിക്കൻ മലയാളിസ് ആൻഡ് അസോസിയേറ്റഡ് മെംബേർസ് (NAMAM) എന്നിവയുടെ പിന്തുണയോടും കൂടിയാണ് പൂമരം ഷോ അവതരിപ്പിക്കുന്നത്. ഒക്ടോബർ പതിനഞ്ചിനു വൂഡ്ബ്രിഡ്ജ് മിഡിൽ സ്‌കൂളിൽ (525 ബാരൻ അവന്യു) വൈകിട്ട് നാലുമണിക്ക് നടക്കുന്ന പരിപാടി വ്യത്യസ്തകൾ നിറഞ്ഞതാകും.

വൈക്കം വിജയലക്ഷ്മിയുടെ നേതൃത്വത്തിൽ എത്തുന്ന പരിപാടി എന്നതാണ് പ്രധാന പ്രത്യേകത. കൂടാതെ പുല്ലാംകുഴലിൽ വിസ്മയം തീർക്കുന്ന ചേർത്തല രാഗേഷും, ബിനോയിയും അടങ്ങുന്ന സംഗീത സംഘം ഒരുക്കുന്ന നാദവിസ്മയം ന്യൂജേഴ്സി മലയാളികൾക്ക് നവ്യാനുഭവം ആയിരിക്കും. ഇവർ മൂവരും ഗായത്രി വീണയും, പുല്ലാങ്കുഴലും, കീബോർഡും, വയലിനും കോർത്തിണക്കി ഒരുക്കുന്ന സംഗീത പ്രപഞ്ചം കാണാൻ പോകുന്ന പൂമരകാഴ്ച തന്നെയാകും.

അനുശ്രീ, റേയ്ജൻ രാജൻ , രൂപശ്രീ , സജ്ന നജാം , ശ്രുതി തമ്പി ഷാജു തുടങ്ങിയവർ അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങൾ ഉണ്ടായിരിക്കും. സ്റ്റേറ്റ് ഫിലിം അവാർഡ് ജേതാവ് സജ്ന നജാം ആണ് കൊറിയോഗ്രാഫർ. അബിയും , അനൂപ് ചന്ദ്രനും ,ആക്ഷൻ ഹീറോ സുരേഷും ഒരുക്കുന്ന കോമഡി സ്‌കിറ്റുകളും പുതുമ നിറഞ്ഞതാകും. മിന്നലേ ജീനു, വിനീത്, അഭിഷ് എന്ന പുതു തലമുറയിലെ ഫ്യൂഷൻ ബാൻഡും ഒപ്പമുണ്ട് .

കൂടുതൽ വിവരങ്ങൾക്ക്
മാധവൻ ബി നായർ, ചെയർമാൻ, 732 718 7355
വിനീത നായർ, പി ർ ഒ, 732 874 3168